തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്റെ പിതാവ് അബ്‌ദുൾ റഹീം പൊലീസിന് നൽകിയ മൊഴി പുറത്ത്. കുടുംബത്തിന് 65 ലക്ഷം രൂപയുടെ കടബാദ്ധ്യത ഉള്ള വിവരം തനിക്കറിയില്ലായിരുന്നു. ബാങ്ക് ലോണും ഒരു ബന്ധുവിന്റെ കയ്യിൽ നിന്ന് വാങ്ങിയതും ഉൾപ്പെടെ 15 ലക്ഷം രൂപ കടമുണ്ടെന്ന് അറിയാമായിരുന്നു എന്നാണ് റഹീം പൊലീസിനോട് പറഞ്ഞത്.
അഫാന് ഒരു പെൺകുട്ടിയുമായി അടുപ്പമുള്ള വിവരവും അറിയാമായിരുന്നു. ആ കുട്ടിയുടെ മാല പണയം വച്ചിരുന്നു. അതെടുത്ത് നൽകാനായി 60,000 രൂപ ദിവസങ്ങൾക്ക് മുമ്പ് നാട്ടിലേക്കയച്ചതായും റഹീം പറഞ്ഞു. സാമ്പത്തിക ബാദ്ധ്യത ഉള്ളതിനാൽ കഴിഞ്ഞ നാല് മാസമായി വിദേശത്ത് ഒളിവിലായിരുന്നു. സ്ഥിരം നാട്ടിലേക്ക് വിളിക്കാറുമുണ്ടായിരുന്നില്ല. അതിനാൽ അടുത്ത സമയത്ത് നാട്ടിൽ നടന്നതനെപ്പറ്റി അറിയില്ലെന്നും റഹീം പൊലീസിനോട് പറഞ്ഞു.
വെഞ്ഞാറമൂട് കൂട്ടക്കൊലയ്‌ക്ക് കാരണം വൻ സാമ്പത്തിക ബാദ്ധ്യതയാണെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. 14പേരിൽ നിന്നായി 65 ലക്ഷം രൂപയാണ് അഫാനും ഉമ്മയും കടം വാങ്ങിയത്. ഒടുവിൽ വായ്‌പ നൽകിയവർ പണത്തിന് വേണ്ടി കുടുംബത്തെ നിരന്തരം ശല്യം ചെയ്‌തു. ഇതോടെ കൂട്ട ആത്മഹത്യ ചെയ്യാൻ അഫാനും കുടുംബവും തീരുമാനിച്ചതായി പൊലീസ് പറഞ്ഞു.
അഫാന്റെ അമ്മ ഷെമീന ചിട്ടി നടത്തിയും പണം പോയി. സാമ്പത്തിക ഞെരുക്കം പരിഹരിക്കാൻ വേണ്ടിയാണ് ഷെമീന ചിട്ടി നടത്തിയത്. കൊല്ലപ്പെട്ട ലത്തീഫിന്റെ ഭാര്യ ഷാഹിദക്ക് ചിട്ടി കിട്ടി. പക്ഷെ പണം നൽകിയില്ല. ഇതേ ചൊല്ലി ലത്തീഫും അഫാനും തമ്മിൽ തർക്കമുണ്ടായി. അഫാൻ മോശമായി സംസാരിച്ചതായി ലത്തീഫ് അടുത്ത ബന്ധുക്കളോടും പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |