തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളില്ലാത്ത നാടിനുവേണ്ടി പ്രവർത്തിക്കണമെന്നും അതിനുതകുന്ന വിവിധ പദ്ധതികളുമായി സർക്കാർ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
കേരള വനിതാ കമ്മിഷന്റെ അന്താരാഷ്ട്ര വനിതാ ദിനാചരണം ഭാഗ്യമാല ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരള ചരിത്രത്തിൽ സ്ത്രീ മുന്നേറ്റങ്ങൾ ഇത്രയധികമുണ്ടായിട്ടും പൊതു സമൂഹത്തിലേക്കിറങ്ങി വരാൻ മടിക്കുന്ന സ്ത്രീകൾ ഇപ്പോഴുമുണ്ട്.ഇതിന് മാറ്റം വരേണ്ടതുണ്ട്. സ്ത്രീയുടെ അവകാശവും മാന്യതയും പലപ്പോഴും എഴുത്തുകളിലും ചർച്ചകളിലും മാത്രമായി ഒതുങ്ങിപ്പോകുന്നു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യുന്നതിനായി വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. അപരാജിത,വനിതാ ഹെൽപ്പ് ലൈൻ, സെൽഫ് ഡിഫൻസ് തുടങ്ങിയ പദ്ധതികളും ആവിഷ്‌കരിച്ചു. ഡൊമസ്റ്റിക് കോൺഫ്ലിക്റ്റ്സ് റെസലൂഷൻ സെന്ററിന്റെ സഹായവും നൽകുന്നുണ്ട്. അപകടത്തിൽപ്പെട്ടാൽ 'നിർഭയ' ആപിന്റെ സേവനവുമുണ്ട്. യാത്ര ചെയ്യുന്നവരുടെ സുരക്ഷിത താമസത്തിനായി 'സഖി വൺ സ്റ്റോപ്പ്' പദ്ധതിയും സഞ്ചാരത്തിലെ സംരക്ഷണത്തിനായി 'നിഴൽ' പദ്ധതിയും നടപ്പാക്കി. പിങ്ക് പൊലീസ്,എന്റെ കൂട്,വൺ ഡേ ഹോം തുടങ്ങിയ പദ്ധതികളും സ്ത്രീകൾക്കായുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് ആദ്യമായി ജെൻഡർ ബഡ്ജറ്റിംഗ് നടപ്പിലാക്കിയത് കേരളമാണ്. ഇതിനെ ഐക്യരാഷ്ട്രസഭ അഭിനന്ദിച്ചിരുന്നു. വനിതാവികസന കോർപ്പറേഷൻ വഴി കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഒന്നര ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കി. സ്ത്രീശാക്തീകരണത്തിനായി മുന്നിൽ നിന്ന് പ്രവർത്തിക്കാൻ കഴിയുന്ന സ്ഥാപനമാണ് കേരള വനിതാകമ്മിഷൻ എന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ കേരള വനിതാകമ്മിഷന്റെ സ്ത്രീ ശക്തി,ജാഗ്രതാസമിതി പുരസ്‌ക്കാരങ്ങൾ മുഖ്യമന്ത്രി നൽകി. മികച്ച ഫോട്ടോഗ്രാഫർക്കുള്ള മാദ്ധ്യമപുരസ്കാരം കേരള വനിതാകമ്മിഷൻ ചെയർപേഴ്സൺ പി.സതീദേവിയിൽ നിന്നു കേരളകൗമുദി കൊച്ചി യൂണിറ്റിലെ ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ.സുധർമ്മദാസ് സ്വീകരിച്ചു.
മേയർ ആര്യ രാജേന്ദ്രൻ,ഡെപ്യൂട്ടി മേയർ പി.കെ. രാജു,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,കേരള വനിതാ കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ,വിളപ്പിൽ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |