തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷ് തന്റെ രണ്ടാമത്തെ നോവൽ പ്രസിദ്ധീകരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് നിരാഹാരത്തിൽ. രാഷ്ട്രീയക്കാരനായ കവിയുടെ ജയിൽ ജീവിതം അനാവരണം ചെയ്യുന്നതാണ് ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ എന്ന നോവൽ. നൂറ്റി മുപ്പത് പേജുള്ള നോവലിന്റെ കൈയെഴുത്തു പ്രതി, ഡി.ടി.പി പൂർത്തിയാക്കി ജയിൽ അധികൃതർക്ക് അനുമതിക്കായി ഒരു മാസം മുൻപ് രേഖാമൂലം അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ജയിൽ, യു.എ.പി.എ, കോടതി എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങൾ നോവലിലുള്ളതിനാൽ അനുമതി നൽകാനാവില്ലെന്ന് അദ്ദേഹത്തെ അറിയിച്ചു. അപേക്ഷ ഉന്നത ജയിൽ അധികൃതർക്ക് അയച്ചിട്ടുണ്ടെന്നാണ് വിയ്യൂർ ജയിൽ സൂപ്രണ്ടിന്റെ മറുപടി. പ്രമുഖ എഴുത്തുകാർക്കും കൈയെഴുത്തുപ്രതി സമർപ്പിച്ചിരുന്നു. ഇന്നലെ രാവിലെ മുതൽ രൂപേഷ് ഭക്ഷണം കഴിച്ചിട്ടില്ല.
രാജൻ രക്തസാക്ഷിത്വ
ദിനത്തിൽ നിരാഹാരം
അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കോഴിക്കോട് എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥി രാജൻ രക്തസാക്ഷിത്വ ദിനത്തിലാണ് ഉപവാസം. 2013ൽ ഒളിവിലായിരിക്കെ രൂപേഷ് എഴുതിയ 'വസന്തത്തിന്റെ പൂമരങ്ങൾ' എന്ന ആദ്യ നോവൽ ചർച്ചയായിരുന്നു. 2015 ൽ അറസ്റ്റിലായ രൂപേഷിനെതിരേ 43 കേസുണ്ടായിരുന്നു. പതിനാല് കേസ് തള്ളിപ്പോയി. ഒരെണ്ണത്തിൽ ശിക്ഷ ഉടൻ കഴിയും.
നോവലിൽ ഭീകരമായി ഒന്നും കണ്ടില്ല. നോവൽ അപകടകരമായ ഒരു രഹസ്യവും പുറത്താക്കുന്നില്ല. നോവൽ രചന ഭീകരവാദപ്രവർത്തനവുമല്ല
-കെ. സച്ചിദാനന്ദൻ,
സാഹിത്യ അക്കാഡമി പ്രസിഡന്റ്
രൂപേഷിന്റെ നോവൽ പ്രസിദ്ധപ്പെടുത്താൻ അനുവാദം നൽകണം. ജയിൽ ശിക്ഷ വ്യക്തിയെ സംസ്‌കാരത്തിന്റെ വഴിയിലേക്ക് നയിക്കാൻ ഉതകണം.
-അശോകൻ ചെരുവിൽ,
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കേരളത്തിലെ ജയിലിൽ രാഷ്ട്രീയത്തടവുകാരന് നോവലെഴുതി പ്രസിദ്ധീകരിക്കാൻ അനുമതിയില്ലെന്നത് ലജ്ജാകരമാണ്.
-എൻ.ഇ. സുധീർ,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |