കൊച്ചി: കടലിലെ കാലാവസ്ഥാ വ്യതിയാനങ്ങളും വളർച്ചയെത്തും മുമ്പ് പിടികൂടുന്നതും മൂലം കേരളതീരത്ത് വലിയ കല്ലുമ്മക്കായയുടെ ലഭ്യത കുറയുന്നു. മാംസഭാഗം 15 മില്ലീമീറ്റർ വരെ വളരുമെങ്കിലും എട്ടു മുതൽ 12 വരെയുള്ളതാണ് ഇപ്പോൾ ലഭിക്കുന്നത്. പാറകളിൽ ഒട്ടിപ്പിടിച്ചുവളരുന്ന പുറംതോടുള്ള ജീവിയാണ് കടുക്ക എന്ന പേരിലും അറിയപ്പെടുന്ന കല്ലുമ്മക്കായ. ഏറ്റവുമധികം ലഭിക്കുന്നത് മലബാർ തീരത്താണ്. കാത്സ്യം കൂടുതലുള്ളതും കൊഴുപ്പും കലോറിയും കുറഞ്ഞതുമായതിനാൽ ആരോഗ്യത്തിന് ഉത്തമവുമാണ്.
മഴ നിർണായക ഘടകം
കല്ലുമ്മക്കായയുടെ വളർച്ചയിൽ മഴ നിർണായക ഘടകമാണെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സി.എം.എസ്.ആർ.ഐ ) ശാസ്ത്രജ്ഞർ പറഞ്ഞു. വലിയ മഴയിൽ ചെളി പാറയിൽ അടിഞ്ഞാൽ കുഞ്ഞുങ്ങൾ നശിക്കാനിടയുണ്ട്. ചെളി വളർച്ചയെയും ബാധിക്കും. ഇതുമൂലം ലഭ്യതയിലും വലിപ്പത്തിലും കുറവുണ്ടാകാമെന്ന് അവർ പറഞ്ഞു.
കയറിലും വളരും
പാറക്കല്ലുകൾക്ക് തുല്യമായ ആവാസവ്യവസ്ഥ സൃഷ്ടിച്ച് വിത്തുകൾ വിതറിയാണ് കയറിലും മറ്റും കൃത്രിമമായി വളർത്തുന്നത്. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനമാണ് (സി.എം.എസ്.ആർ.ഐ ) സാങ്കേതികസഹായം നൽകുന്നത്. നിശ്ചിത വളർച്ചാകാലാവധി പാലിക്കുന്നതിനാൽ വലിയ കല്ലുമ്മക്കായകൾ ഇവയിൽ ലഭിക്കാറുണ്ട്.
കടലിൽ വളരുന്ന കല്ലുമ്മക്കായയുടെ വലിപ്പം കുറഞ്ഞുവരുന്നുണ്ട്.
വിനീത് വിജയൻ
കല്ലുമ്മക്കായ വ്യാപാരി
കോഴിക്കോട് സ്വദേശി
''വളർച്ച പൂർത്തിയാകും മുമ്പ് പിടിക്കാതിരിക്കാൻ കർഷകരും ശേഖരിക്കുന്നവരും സ്വയം നിയന്ത്രണം ഏർപ്പെടുത്തുകയാണ് വലിയവ ലഭിക്കാനുള്ള മാർഗം."
ഡോ. ഗീത ശശികുമാർ
പ്രിൻസിപ്പൽ സയന്റിസ്റ്റ്
സി.എം.എസ്.ആർ.ഐ
വലിപ്പം
ചെറുത് 8 - 11 മില്ലീമീറ്റർ
വലുത് 12 - 15 മില്ലീമീറ്റർ
വില കിലോയ്ക്ക്
ചെറുത് 100 - 150 രൂപ
വലുത് 300 - 450 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |