
കൊച്ചി: സമയപരിധിയുടെ പേരിൽ പൗരന്റെ അവകാശം നിഷേധിക്കപ്പെടുന്ന നിയമവ്യവസ്ഥ മാറണമെന്ന് ഹൈക്കോടതി. സാധാരണക്കാർക്ക് നിയമം അറിയാത്തതുകൊണ്ടോ, അപ്പീലിനും മറ്റുമുള്ള സമയപരിധി കഴിഞ്ഞതുകൊണ്ടോ നീതി ലഭിക്കാത്ത സ്ഥിതിയുണ്ട്. നിയമനിർമ്മാണ സഭയ്‌ക്ക് ഇത്തരമൊരു നിർദ്ദേശം നൽകാൻ കോടതിക്ക് അധികാരമില്ലെങ്കിലും സർക്കാരിന് ഇതു പരിഗണിക്കാവുന്നതാണ്. ജനങ്ങളെ സഹായിക്കാൻ രൂപം നൽകിയ നിയമങ്ങൾക്കുള്ള ഇത്തരം നിയന്ത്രണങ്ങൾ വിപരീത ഫലമുണ്ടാക്കുന്നതിനാൽ ഭേദഗതി ചെയ്യപ്പെടണമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു.
കേരള പഞ്ചായത്ത് രാജ് ആക്ട്, കേരള മുനിസിപ്പാലിറ്റി ആക്ട് എന്നിവ നടപ്പാക്കുന്നതിനുള്ള ചട്ടത്തിൽ ഭേദഗതി വേണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ 68കാരൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ പരാമർശം.
ഇദ്ദേഹത്തിന്റെ അതിർത്തിക്കുള്ളിൽ 1990ൽ നിർമ്മിച്ച ടോയ്ലെറ്റ് പൊളിക്കാൻ അയൽവാസിയുടെ പരാതിയിൽ നഗരസഭ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ 60 ദിവസത്തിനകം അപ്പീൽ നൽകണമെന്നാണ് ചട്ടമെങ്കിലും രണ്ടു വർഷത്തിനു ശേഷമാണ് നടപടി സ്വീകരിച്ചത്. സമയപരിധി സംബന്ധിച്ച ചട്ടം മറികടക്കാൻ ഒരു കോടതിക്കും അധികാരമില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
നിരക്ഷരനായ ഒരാൾ കൂലിപ്പണിയെടുത്തു സമ്പാദിച്ച പണംകൊണ്ട് പണിത കെട്ടിടം ചട്ടങ്ങളിലെ സങ്കീർണതമൂലം പൊളിക്കേണ്ടിവരുന്ന സാഹചര്യം ദയനീയമാണ്. ഹർജിക്കാരനും 86 വയസുള്ള അമ്മയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. വേറെ ടോയ്ലെറ്റ് ഇല്ലെന്നുള്ള വാദവും കോടതി പരിഗണിച്ചു. നിയമപരമായ തടസങ്ങൾ നിലനിൽക്കുമ്പോഴും മാനുഷിക പരിഗണന മുൻനിറുത്തി ടോയ്ലെറ്റ് പൊളിച്ചുനീക്കാൻ മൂന്നുമാസം സാവകാശം അനുവദിച്ചു. അതിനുള്ളിൽ പുതിയത് പണിയണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |