വാഹനവും ഡ്രൈവിംഗും എന്നും ആവേശമാണെങ്കിലും വിവേകമില്ലാത്ത ഡ‌്രൈവിംഗ് പലപ്പോഴും അപകടത്തിൽ കൊണ്ടെത്തിക്കാറുണ്ട്. ഇത് ഒരു പരിധി വരെ തടയാനാണ് പൊലീസും മോട്ടോർ വാഹന വകുപ്പും റോഡിലിറങ്ങി നിന്ന് വാഹനപരിശോധന നടത്തുന്നത്. ഇത്തരത്തിൽ ഒരു ദിവസം വാഹന പരിശോധനയ്‌ക്കിടെ നിറുത്താതെ പോയ ബി.എം.ഡബ്ല്യു കാറിനെ ചേസ് ചെയ്‌ത് പിടിച്ചപ്പോൾ കണ്ട അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടനും കേരള പൊലീസിലെ മുൻ സബ് ഇൻസ്‌പെക്‌ടറുമായിരുന്ന രാജ്‌മോഹൻ. കൗമുദി ടിവിയുടെ ഡ്രീം ഡ്രൈവ് എന്ന പരിപാടിയിലാണ് അദ്ദേഹം തന്റെ വാഹന അനുഭവങ്ങൾ വിശദീകരിച്ചത്.
രാജ്മോഹന്റെ വാക്കുകൾ ഇങ്ങനെേ
അന്ന് ഞാൻ കന്റോൺമെന്റ് എസ്.ഐ ആയിരിക്കുന്ന കാലം. വഴുതക്കാട് ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ അമിത വേഗത്തിലെത്തിയ ഒരു ബി.എം.ഡബ്ല്യൂ കാർ കൈകാട്ടിയിട്ടും നിറുത്താതെ പോയി. എന്നാൽ വാഹനത്തിൽ ഇരിക്കുന്ന ആളുകളെ കാര്യത്തിൽ ഒരു സംശയം തോന്നിയതിനെ തുടർന്ന് ഞങ്ങൾ പൊലീസ് ജീപ്പിൽ പിന്തുടർന്നു. അമിതവേഗത്തിൽ പാഞ്ഞകാറിനെ കുറച്ച് അകലെ വച്ച് ഞങ്ങൾ തടഞ്ഞു. വാഹനത്തിന്റെ ഡോർ തുറന്നപ്പോൾ അതിന്റെ ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന ആളിനെ കണ്ണുതുറക്കാൻ പോലും കഴിയാത്ത രീതിയിൽ മദ്യപിച്ച നിലയിലാണ് കണ്ടെത്തിയത്. അയാൾ അമേരിക്കൻ പൗരത്വമുള്ള തിരുവനന്തപുരത്തെ ഒരു പ്രമുഖനായിരുന്നു. അതിന്റെ പിറ്റേ ദിവസം അമേരിക്കയിലേക്ക് മടങ്ങേണ്ടതിനാൽ പൊലീസ് പിടിച്ചാൽ കുഴപ്പമാകുമെന്ന് കരുതിയാണ് വാഹനം നിറുത്താതെ പോയത്. തുടർന്ന് ഇയാളെ അറസ്‌റ്റ് ചെയ്‌ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും ഉന്നതർ ഇടപെട്ട് അയാളെ അന്ന് തന്നെ ഇറക്കി. മദ്യപിച്ച് വാഹനമോടിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അങ്ങനെ പിടിക്കപ്പെടുന്നവർക്ക് കനത്ത പിഴയും ലൈസൻസ് റദ്ദ് ചെയ്യുന്നത് അടക്കമുള്ള ശിക്ഷയും നൽകണമെന്നും രാജ്മോഹൻ അഭിപ്രായപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |