കോഴിക്കോട്: വയനാട് തുരങ്ക പാത നിർമാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നൽകി. 25 ഇന വ്യവസ്ഥകളോടെയാണ് അനുമതി നൽകിയത്. ഉരുൾപൊട്ടൽ സാദ്ധ്യത പ്രദേശത്തെ തുരങ്ക പാത നിർമാണം അതീവ ശ്രദ്ധയോടെ വേണമെന്നും സമിതി നിർദേശിച്ചു.
പാറ തുരക്കുന്നതിന് ഏറ്റവും മികച്ച സാങ്കേതിക വിദ്യകൾ ഉപയോഗിക്കണം. പരിസ്ഥിതി നാശം ഒഴിവാക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട് പലവട്ടം വിശദീകരണം തേടിയ ശേഷമാണ് അനുമതി നൽകിയത്. വന്യജീവികളുടെയും ആദിവാസികൾ അടക്കമുള്ള മനുഷ്യരുടെയും പ്രശ്‌നങ്ങൾ പരിഗണിക്കണമെന്നും നിർദേശമുണ്ട്. പരിസ്ഥിതി അനുമതി ലഭിച്ചതിനാൽ തുരങ്കപാത നിർമാണവുമായി സർക്കാരിന് ഇനി മുന്നോട്ട് പോകാം.
പരിസ്ഥിതി സൗഹൃദമായ വികസനങ്ങളുമായി മുന്നോട്ട് പോകുമെന്നാണ് തുരങ്ക പാതയ്‌ക്കുള്ള അനുമതി സംബന്ധിച്ച് സിപിഎം സംസ്ഥാന സമിതി അംഗം സികെ ശശീന്ദ്രൻ പ്രതികരിച്ചത്. നിയമങ്ങളും നിബന്ധനകളും പാലിച്ച് സമയമെടുത്താകും തുരങ്കപാത നിർമിക്കുക. അല്ലാതെ നാളെത്തന്നെ തുടങ്ങില്ല. ജപ്പാനിൽ ദുരന്തം സംഭവിച്ചിട്ടും അവർ അതിജീവിച്ചില്ലേ, കൊങ്കൺ പാതയുണ്ടാക്കിയപ്പോഴും പ്രതിഷേധങ്ങൾ ഉണ്ടായില്ലേയെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |