കോഴിക്കോട്: ലഹരിക്കടിമയായ ജ്യേഷ്ഠൻ ക്ഷേത്രത്തിലെ വാളുപയോഗിച്ച് അനുജന്റെ തലയ്ക്ക് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ എഫ്‌ഐആർ വിവരങ്ങൾ പുറത്ത്. താമരശ്ശേരി ചമൽ അംബേദ്കർ ഉന്നതിയിലെ കെ പി അഭിനന്ദിനെ (23) ആണ് സഹോദരൻ കെ പി അർജുൻ (28) ക്ഷേത്രത്തിലെ കുരുതിത്തറയിലെ വാളെടുത്ത് വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇന്നലെ വെെകിട്ട് 5.15 ഓടെയായിരുന്നു സംഭവം. അർജുനെ ഇന്നലെതന്നെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അർജുൻ അയൽവാസിയായ സ്ത്രീയെ അസഭ്യം പറഞ്ഞത് അഭിനന്ദ് തടഞ്ഞതാണ് ആക്രമണത്തിനുള്ള പ്രകോപനമെന്നാണ് എഫ്ഐആറിൽ പറയുന്നത്. വെട്ടേറ്റ അഭിനന്ദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. നില ഗുരുതരമല്ലെന്നാണ് വിവരം. തലയ്ക്ക് വെട്ടേറ്റ അഭിനന്ദിന് ആറ് സ്റ്റിച്ചുകളുണ്ട്. ആക്രമണത്തിൽ നിന്ന് ഒഴിഞ്ഞുമാറിയതിനാൽ കഴുത്തിന് വെട്ടേൽക്കാതെ രക്ഷപ്പെട്ടു.
ചമലിലുള്ള ക്ഷേത്രത്തിലെ വാളെടുത്ത് ആക്രമണം നടത്തിയതിൽ ക്ഷേത്രക്കമ്മിറ്റി പൊലീസിൽ പരാതി നൽകി. ആചാരത്തിന്റെ ഭാഗമായി കുരുതിത്തറയിൽ വച്ചിരുന്ന വാൾ കയ്യിലെടുത്ത് വീട്ടിലേയ്ക്ക് നടന്നുപോയായിരുന്നു അർജുൻ അനുജനെ ആക്രമിച്ചത്. ക്ഷേത്രത്തിലെ യുവജന സമിതിയുടെ അംഗമായി അർജുൻ മുൻപ് പ്രവർത്തിച്ചിരുന്നതായി ക്ഷേത്രഭാരവാഹി പറഞ്ഞു. ക്ഷേത്രക്കാര്യങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. അർജുനെ കട്ടിപ്പാറ ലഹരിമുക്തി കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. അതിന്റെ വൈരാഗ്യമാണ് അനുജനെ ആക്രമിക്കാൻ കാരണമെന്നാണ് വിവരമെന്നും ക്ഷേത്ര ഭാരവാഹി വ്യക്തമാക്കി. അർജുൻ വാളെടുക്കുന്നത് ക്ഷേത്രത്തിന് സമീപത്തെ സിസിടിവിൽ പതിഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |