കൊച്ചി: മദ്യാസക്തിയിൽ നിന്ന് മക്കളെ കര കയറ്റാൻ സഹായം അഭ്യർത്ഥിച്ച് ആൽക്കഹോളിക്‌സ് അനോണിമസ് എന്ന കൂട്ടായ്മയിലേക്ക് വിളിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധന. പ്രതിദിനം 100ലേറെ വിളികൾ എത്തുന്നതിൽ 25ലേറെയും വിദ്യാർത്ഥികളായ മക്കൾക്കു വേണ്ടിയാണ്. ഹൈസ്കൂൾ മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികളാണ് മദ്യത്തിന് അടിപ്പെടുന്ന പ്രധാന വിഭാഗം.
മക്കളുടെ അമിത ദേഷ്യം, വീട്ടുകാരുമായി സംസാരമില്ലായ്മ, മുറിയിൽ അടച്ചിരിക്കൽ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് രക്ഷാകർത്താക്കൾ പറയുന്നത്. പക്ഷേ, മദ്യവും മയക്കുമരുന്നും എവിടെ നിന്ന് കുട്ടികൾക്ക് ലഭിക്കുന്നുവെന്ന് മാതാപിതാക്കൾ അന്വേഷിക്കുന്നില്ലെന്ന് സംഘടനയിലുള്ളവർ പറയുന്നു. അറിയാമെങ്കിലും പലപ്പോഴും പറയാറുമില്ല. കുട്ടികൾ അറിയാതെയാണ് മാതാപിതാക്കൾ വിളിക്കുന്നത്. അറിഞ്ഞാൽ കൂടുതൽ പ്രകോപിതരാകാൻ സാദ്ധ്യതയുണ്ട്. കൂട്ടുകെട്ടുകൾ മദ്യാസക്തിക്ക് കാരണമാകുന്നുണ്ടെന്നും മദ്യം വാങ്ങാൻ മുതിർന്നവർ സഹായിക്കുന്നുണ്ടെന്നും രക്ഷാകർത്താക്കൾ പറയുന്നു.
14കാർ മുതൽ 75 വയസുള്ളവർ വരെ കൂട്ടായ്മയിലേക്ക് വിളിക്കുന്നുണ്ട്. സമീപിക്കുന്നവരുടെ വിവരങ്ങൾ പുറത്തുവിടില്ല. മദ്യപാനത്താൽ ഭാര്യമാർ ഉപേക്ഷിച്ചവരും ആത്മഹത്യക്ക് ഒരുങ്ങിയവരുമെല്ലാം സംഘടനയിൽ സജീവ പ്രവർത്തകരാണ്. കൂലിപ്പണിക്കാർ മുതൽ ഡോക്ടർമാരും ചാർട്ടേർഡ് അക്കൗണ്ടന്റുമാരും ബിസിനസുകാരും കൂട്ടായ്മകളിലുണ്ട്. കേരളത്തിൽ 750 ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നു. അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവച്ച് മദ്യാസക്തിയിൽ നിന്ന് പുറത്തുകടക്കാൻ അംഗങ്ങളെ സഹായിക്കുകയാണ് രീതി.
ആൽക്കഹോളിക്‌സ്
അനോണിമസ്
# മദ്യാസക്തിയിൽനിന്ന് മുക്തരാകണമെന്ന് സ്വയം തോന്നുന്നവർക്കായുള്ള അന്താരാഷ്ട്ര സംഘടനയാണ് ആൽക്കഹോളിക്‌സ് അനോണിമസ്
#1935ൽ അമേരിക്കയിൽ തുടക്കം. 1985 മുതൽ കേരളത്തിൽ.
# കൗൺസലിംഗോ മരുന്നോ ചികിത്സയോ ഇല്ല. എല്ലാ വിവരങ്ങളും രഹസ്യം.
# എത്തുന്നവർ ആദ്യ 24 മണിക്കൂർ മദ്യപിക്കരുത്. മദ്യം വീട്ടിൽ സൂക്ഷിക്കരുത്, വിശന്നിരിക്കരുത്, മദ്യം വിളമ്പുന്ന പരിപാടികളിൽ പങ്കെടുക്കരുത്
#മദ്യാസക്തർക്ക് മാത്രമാണ് അംഗത്വം. അതിന് രേഖകളില്ല.
12 ഘട്ടങ്ങൾ
ആൽക്കഹോളിക്‌സ് അനോണിമസിൽ 12 ഘട്ടങ്ങളിലൂടെയുള്ള മോചനമാണ് നടക്കുന്നത്. ഇതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തില്ല. ഏതു സമയത്തും വിളിക്കാം. ഫോൺ: 8943334386, 8943334387, 8943334388.
ലഹരി പരിശോധനാ കിറ്റുകൾ
ഇല്ലാതെ പൊലീസും എക്സൈസും
# ഒരു വർഷമായി വാങ്ങി നൽകുന്നില്ല
ഷാബിൽ ബഷീർ
മലപ്പുറം: ലഹരി ഉപയോഗിച്ചോ എന്ന് അതിവേഗം കണ്ടെത്താൻ സഹായിക്കുന്ന ഡ്രഗ് ഡിറ്റക്ഷൻ, അബോൺ കിറ്റുകൾ പൊലീസ് സ്റ്റേഷനുകളിലും എക്സൈസ് ഓഫീസുകളിലും ഇല്ല.
രണ്ടുവർഷം മുമ്പ് പതിനായിരത്തോളം അബോൺ കിറ്റുകൾ എക്സൈസ് വകുപ്പ് വാങ്ങുകയും വിദ്യാർത്ഥികളിൽ ഉൾപ്പെടെ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഒരുവർഷത്തോളമായി അബോൺ കിറ്റുകൾ എക്സൈസ് ഓഫീസുകളിൽ എത്തുന്നില്ല.
ബംഗളൂരുവിലെ പൊതുമേഖല സ്ഥാപനം നിർമ്മിക്കുന്ന കിറ്റുകൾ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ്
ലഭ്യമാക്കിയിരുന്നത്. ഒരുഡിറ്റക്ഷൻ കിറ്റിന് 500 രൂപയായിരുന്നു. ഇപ്പോൾ നൂറ് രൂപയ്ക്കുള്ളിൽ ലഭ്യമാണ്. ഒറ്റത്തവണയേ ഉപയോഗിക്കാനാവൂ.
ഡ്രൈവർമാർക്കിടയിലെ ലഹരി ഉപയോഗം കണ്ടെത്താൻ നടത്തിയ പരിശോധനയിൽ നിരവധിപേർ കുടുങ്ങിരുന്നു. പരിശോധന വ്യാപകമാക്കുമെന്ന് അറിയിച്ചെങ്കിലും ഡ്രഗ് കിറ്റുകളുടെ ക്ഷാമത്തോടെ ഇതു നിലച്ചു.
ഡിറ്റക്ഷൻ കിറ്റിൽ ലൈറ്റ്
നോക്കി ലഹരി അറിയാം
എം.ഡി.എം.എ, കഞ്ചാവ്, കൊക്കെയ്ൻ, മോർഫിൻ, എൽ.എസ്.ഡി തുടങ്ങിയവയുടെ ഉപയോഗം അഞ്ച് മിനിറ്റിനുള്ളിൽ അറിയാനാവും. 48 മണിക്കൂർ മുമ്പ് വരെ ഉപയോഗിച്ച ലഹരി കണ്ടെത്താം.
ഉമിനീരിന്റെയോ മൂത്രത്തിന്റെയോ സാമ്പിൾ ഡിറ്റക്ഷൻ ഉപകരണത്തിൽ വയ്ക്കുമ്പോൾ ഏതു ലഹരിവസ്തുവിന് നേർക്കുള്ള ലൈറ്റാണോ കത്താതിരിക്കുന്നത് അത് ഉപയോഗിച്ചുവെന്നാണ് സൂചന.
കിറ്റ് പരിശോധനയിൽ പോസിറ്റീവായത് രക്ത പരിശോധനയിൽ നെഗറ്റീവായ സംഭവങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. ലഹരി മരുന്ന് പിടികൂടിയാൽ മതിയെന്നാണ് പൊലീസിന്റെ നിലപാട്.
അബോൺ കിറ്റിൽ
സ്പോഞ്ച് നിറംമാറും
അബോൺ കിറ്റുകൾ എക്സൈസ് വകുപ്പാണ് ഉപയോഗിക്കുന്നത്. ഒരുതവണ ഉപയോഗിക്കാവുന്ന അബോൺ കിറ്റിന് 500 രൂപയോളമാണ് വില. ഉമിനീര് ഉപയോഗിച്ചാണ് പരിശോധന. ഇത് ശേഖരിക്കാനുള്ള സ്പോഞ്ച് ചുറ്റിയ നീഡിൽ, ടെസ്റ്റിനുള്ള ദ്രാവകം എന്നിവയുണ്ടാവും. സ്പോഞ്ചിന്റെ നിറംമാറ്റം അനുസരിച്ച് ലഹരി ഉപയോഗം കണ്ടെത്താനാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |