കോഴിക്കോട്: താമരശേരിയിലെ പത്താംക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തിൽ മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണസംഘം. സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് പൊലീസ് മെറ്റയോട് വിവരങ്ങൾ ആരാഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകളും വ്യാജമാണോയെന്നും പൊലീസ് മെറ്റയോട് മെയിൽ അയച്ച് ചോദിച്ചിട്ടുണ്ട്. വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കായി ഉപയോഗിച്ച ഡിവെെസുകളുടെ വിവരം അറിയിക്കാനും നിർദേശം നൽകി.
പ്രതികളായ വിദ്യാർത്ഥികളുടെ പരീക്ഷ നടക്കുന്നതിനാൽ ഇതിനുശേഷമായിരിക്കും വിശദമായ മൊഴിയെടുപ്പെന്നാണ് വിവരം. പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്‌ഡിൽ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തിരുന്നു. ഇവ വിശദമായി പരിശോധിക്കുകയാണ്. ഇൻസ്റ്റാഗ്രാമിന് പുറമെ മറ്റ് സമൂഹമാദ്ധ്യമങ്ങളിൽ പ്രതികൾക്ക് ഗ്രൂപ്പുകളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കില്ലെങ്കിലും ഇത് ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും കൂടുതൽ വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്.
അതേസമയം, ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ കോഴിക്കോട് വെള്ളിമാടുകുന്ന് ഒബ്‌സർവേഷൻ ഹോമിൽ റിമാൻഡിൽ കഴിയുന്ന വിദ്യാർത്ഥികൾ ഇന്നും പൊലീസ് കാവലിൽ പരീക്ഷ എഴുതും. ഇന്നലെ റിമാൻഡിലായ വിദ്യാർത്ഥിയുൾപ്പടെ ആറു വിദ്യാർത്ഥികളാണ് ജുവെെനൽ ഹോമിൽ പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തിൽ പരീക്ഷ എഴുതുന്നത്.
കഴിഞ്ഞ ദിവസം പ്രതികളെ എസ്‌എസ്‌എൽസി പരീക്ഷയെഴുതിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വെള്ളിമാടുകുന്ന് ഒബ്‌സർവേഷൻ ഹോമിൽ കെ.എസ്.യു, എം.എസ്.എഫ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുമാണ് പ്രതിഷേധിച്ചത്. ഇന്നും പ്രവർത്തകർ പ്രതിഷേധം നടത്തുന്നുണ്ട്. പ്രതികളെ പരീക്ഷ എഴുതിക്കരുതെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |