ആലുവ: ഒരു ഗ്രാമപഞ്ചായത്ത് മുഴുവനും വനിതകളുടെ ഭരണത്തിൽ വന്നാൽ എങ്ങനെയിരിക്കും. അതും ലിംഗ വിവേചനമില്ലാതെ എല്ലാവരുടെയും പിന്തുണയോടെ. കൊച്ചിയിലെ കീഴ്മാട് ഗ്രാമപഞ്ചായത്തിലാണിത്. പഞ്ചായത്തിലെ മിക്ക സ്ഥാപനങ്ങളുടെയും അമരത്ത് സ്ത്രീകളാണ്. 19 അംഗ ഭരണസമിതിയിൽ 10 പേരും സ്ത്രീകൾ. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമായ ഇവിടെ ജനറൽ വിഭാഗത്തിലുള്ള വൈസ് പ്രസിഡന്റും മൂന്ന് സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ അദ്ധ്യക്ഷയും വനിതകളാണ്.
വനിതയായ പഞ്ചായത്ത് സെക്രട്ടറി ആലപ്പുഴയിലേക്ക് സ്ഥലം മാറിപ്പോയെങ്കിലും ഇൻചാർജ് ലഭിച്ചതും വനിതയ്‌ക്ക്. വില്ലേജ് ഓഫീസ്,കൃഷി ഓഫീസ്,കുടുംബാരോഗ്യ കേന്ദ്രം,ആയുർവേദ,ഹോമിയോ ആശുപത്രികൾ, മൃഗാശുപത്രി,പഞ്ചായത്തിന് കീഴിലുള്ള രണ്ട് സർക്കാർ സ്കൂളുകൾ എന്നിവയുടെയെല്ലാം തലപ്പത്തും വനിതകളാണ്. സംസ്ഥാനത്ത് മറ്റെങ്ങും ഇത്രയേറെ താക്കോൽ സ്ഥാനങ്ങൾ വനിതകൾ വഹിക്കുന്ന തദ്ദേശഭരണ സ്ഥാപനമില്ല എന്നതാണ് സത്യം.
സി.പി.എം നിയന്ത്രണത്തിലാണ് ഈ ഭരണസമിതി. വൈസ് പ്രസിഡന്റ് അഭിലാഷ് അശോകനും നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. നാസറും സ്ഥാനങ്ങൾ രാജിവച്ചതോടെയാണ് പഞ്ചായത്ത് ഭരണത്തിൽ സമ്പൂർണ സ്ത്രീ സാന്നിദ്ധ്യമായത്.
നയിക്കുന്നത്
സതി ലാലു (പ്രസിഡന്റ്),സ്നേഹ മോഹനൻ (വൈസ് പ്രസിഡന്റ്), എൽ.സി. ജോസഫ് (വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ),റസീന നജീബ് (ക്ഷേമകാര്യം), റസീല ഷിഹാബ് (ആരോഗ്യം) എന്നിവരാണ് പഞ്ചായത്ത് ഭരണത്തെ നയിക്കുന്നത്.
പൊതുസ്ഥാപനങ്ങളിലും
കീഴ്മാട് പഞ്ചായത്തിലെ മറ്റ് പൊതുസ്ഥാപനങ്ങളും നയിക്കുന്നതും വനിതകളാണ്. കലാദേവി (വില്ലേജ് ഓഫീസ്),സാന്ദ്ര മരിയ (കൃഷി ഓഫീസ്),ഡോ. ദിവ്യാരാജ് (കുടുംബാരോഗ്യ കേന്ദ്രം),ഡോ. പ്രിൻസി വർഗീസ് (ആയുർവേദ ആശുപത്രി),ഡോ. മേരി കുര്യാക്കോസ് (ഹോമിയോ ആശുപത്രി),ഡോ. ഷഹർബാൻ (മൃഗാശുപത്രി),സുനിത (പ്രഥമാദ്ധ്യാപിക,കീഴ്മാട് ഗവ. യു.പി.എസ്),ഷീബ (പ്രഥമാദ്ധ്യാപിക,എടയപ്പുറം ഗവ. എൽ.പി.എസ്).
വളയിട്ട കൈകളിൽ ഭരണം ഭദ്രമാണ്. എല്ലാവരുടെയും പിന്തുണയുണ്ട്. വികസന കാര്യങ്ങളിൽ 100 ശതമാനവും മുന്നോട്ട് പോകാനായിട്ടുണ്ട്.
-സതി ലാലു
പ്രസിഡന്റ്, കീഴ്മാട് ഗ്രാമപഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |