ഹൈദരാബാദ്: പിന്നണി ഗായിക കൽപന രാഘവേന്ദർ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ.
ഹൈദരാബാദ് നിസാംപേട്ടിലെ വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ കൽപനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അമിത അളവിൽ ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ ഇത് നിഷേധിച്ചുകൊണ്ട് കൽപനയുടെ മകൾ രംഗത്തെത്തി. ഉറക്കഗുളികയുടെ അളവ് കൂടിപ്പോയതാണെന്നും ആത്മഹത്യാശ്രമമല്ലെന്നും മകൾ ദയ വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകിട്ടാണ് കൽപനയെ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്. രണ്ടു ദിവസമായി വീട് അടഞ്ഞ് കിടക്കുന്നതുകണ്ട സെക്യൂരിറ്റി ജീവനക്കാർ മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. ഇവർ അറിയിച്ച പ്രകാരം പൊലീസ് എത്തുകയും വീട് തുറന്നുനോക്കുകയും ചെയ്തു. കൽപനയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. കൽപനയുടെ ഭർത്താവ് ചെന്നൈയിലായിരുന്നു. കൽപനയെ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന് ഭർത്താവ് പ്രസാദ് ചിലരെ ബന്ധപ്പെട്ടിരുന്നതായാണ് വിവരം. ഗായകരുൾപ്പെടെ നിരവധി പ്രമുഖർ കല്പനയെ ആശുപത്രിയിലെത്തി സന്ദർശിച്ചു. മലയാളത്തിലെ പ്രമുഖ റിയാലിറ്റി ഷോയിൽ വിജയിയായിരുന്നു കൽപന. മറ്റ് നിരവധി സംഗീത റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. വിവിധ ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചു. ഗായകൻ ടി.എസ്. രാഘവേന്ദ്രയുടെ മകളാണ്.
വ്യാജ വാർത്ത പ്രചരിപ്പിക്കരുത്
കൽപന ജീവനൊടുക്കാൻ ശ്രമിച്ചതല്ലെന്നും ഉറക്കക്കുറവിനെത്തുടർന്ന് ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ള മരുന്നിന്റെ അളവ് കൂടിപ്പോയതാണെന്നും മകൾ ദയ പ്രസാദ്. കൽപന പി.എച്ച്.ഡിയും എൽ.എൽ.ബിയും ചെയ്യുന്നുണ്ട്. അതിനാൽ ഉറക്കക്കുറവുണ്ടായിരുന്നു. ഡോക്ടറെ കണ്ട് വാങ്ങിയ മരുന്നാണ്.
കുടുംബപ്രശ്നങ്ങളാണ് പിന്നിലെന്ന ആരോപണവും ദയ നിഷേധിച്ചു. അമ്മ സന്തോഷവതിയും ആരോഗ്യവതിയുമായിരുന്നു. സത്യം വളച്ചൊടിക്കരുത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |