തിരുവനന്തപുരം:പരീക്ഷാനടത്തിപ്പിലെ വിശ്വാസ്യതയിൽ ഹൈക്കോടതിയും സംശയം പ്രകടിപ്പിച്ചതോടെ, പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ ക്രമക്കേടിന്റെ പേരിൽ സംശയമുനയിലായിരുന്ന പി.എസ്.സി കൂടുതൽ പ്രതിരോധത്തിലായി.
ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നും പരീക്ഷാനടത്തിപ്പ് പഴുതടച്ചതാണെന്നും പി.എസ്.സി അവകാശപ്പെടുന്നെങ്കിലും കാര്യങ്ങൾ അത്ര പന്തിയല്ലെന്നാണ് സൂചന. സംസ്ഥാനത്താകെ നടത്തുന്ന പരീക്ഷകളുടെ മേൽനോട്ടത്തിന് അഡിഷണൽ സൂപ്രണ്ടുമാരായി പി.എസ്.സിക്ക് 1200 ജീവനക്കാരെയേ നിയോഗിക്കാനാവുന്നുള്ളൂവെങ്കിലും, 3000കേന്ദ്രങ്ങളിൽ വരെ പരീക്ഷ നടത്തുന്നതാണ് പ്രധാനപ്രശ്‌നം. ഇവിടങ്ങളിൽ കോളേജ് പ്രിൻസിപ്പലിന്റെയോ സ്കൂൾ ഹെഡ്‌മാസ്റ്ററുടെയോ മേൽനോട്ടത്തിലാണ് പരീക്ഷ നടത്തുക. മേൽനോട്ടത്തിന് പി.എസ്.സി ജീവനക്കാരില്ലാത്ത കേന്ദ്രങ്ങളിൽ പരീക്ഷ തോന്നുംപടിയാണ്. വേണ്ടപ്പെട്ടവർക്കായി പ്രത്യേകമുറിയിൽ പരീക്ഷനടത്താറുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഇവിടങ്ങളിൽ നിന്ന് ചോദ്യപേപ്പറുകൾ അനായാസം പുറത്തെത്തിക്കാവുന്നതേയുള്ളൂ.
ക്രമക്കേട് കാട്ടുന്ന പരീക്ഷാകേന്ദ്രങ്ങളെക്കുറിച്ച് ജീവനക്കാർ പരാതിപ്പെട്ടാലും, പരീക്ഷാകേന്ദ്രം നഷ്ടപ്പെടുമെന്ന് ഭയന്ന് പി.എസ്.സി അനങ്ങാറില്ല. അഡിഷണൽ സൂപ്രണ്ടുമാരെ ഭീഷണിപ്പെടുത്തിയും ക്രമക്കേടുകൾ നടത്താറുണ്ട്. പി.എസ്.സി ജീവനക്കാരെ പരീക്ഷാകേന്ദ്രങ്ങളിൽ തടഞ്ഞുവച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. വിദൂര ജില്ലകളിലെ പരീക്ഷാകേന്ദ്രങ്ങൾക്ക് പകരം ആവശ്യപ്പെടുന്ന കേന്ദ്രം നൽകുന്നതും വൻതോതിൽ ദുരുപയോഗിക്കുന്നു. ഗർഭിണികൾക്കും സ്ത്രീകൾക്കുമായി തുടങ്ങിയ ഈ സൗകര്യം പിന്നീട് എല്ലാവർക്കുമാക്കി. ഓൺലൈനായാണ് പരീക്ഷാകേന്ദ്രം അനുവദിക്കുന്നതെങ്കിലും വേണ്ടപ്പെട്ടവർക്ക് സ്വാധീനമുള്ള പരീക്ഷാകേന്ദ്രങ്ങൾ ലഭിക്കുന്നതായി ആക്ഷേപമുണ്ട്. കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് കാട്ടി റാങ്കുകാരായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവർ കാസർകോട്ടെ പരീക്ഷാകേന്ദ്രം തിരുവനന്തപുരത്താക്കിയവരാണ്. ഇവർക്കെല്ലാം ഒരേ സീരീസിലെ ചോദ്യപേപ്പർ ലഭിച്ചതും സംശയകരമാണ്.
പരീക്ഷാ തട്ടിപ്പിന്
പല വഴികൾ
പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ നടന്ന ,സ്‌മാർട്ട് വാച്ചുപയോഗിച്ചുള്ള ഹൈടെക്ക് തട്ടിപ്പിന് സമാനമായ തട്ടിപ്പുകൾ വ്യാപകമാണ്. ചെവിക്കുള്ളിൽ ഒളിപ്പിക്കാവുന്ന തീരെ ചെറിയ ബ്ലൂടൂത്ത് ഹെഡ്‌ഫോൺ, മൊബൈൽഫോൺ, സ്‌കാനറുള്ള പേന, വാച്ച് എന്നിവയെല്ലാം ക്രമക്കേടിന് ഉപയോഗിക്കുന്നുണ്ടെങ്കിലും കണ്ടെത്താൻ സംവിധാനമില്ല. പരീക്ഷാർത്ഥികളുടെ ദേഹപരിശോധന നടത്താറില്ല.
പി.എസ്.സി നിയോഗിക്കുന്ന അഡി.സൂപ്രണ്ടിന് അഞ്ചും അതിലധികവും പരീക്ഷാകേന്ദ്രങ്ങളുടെ ചുമതലനൽകിയും തട്ടിപ്പിന് കളമൊരുക്കാറുണ്ട്. ഹൈദരാബാദിലെ അതി സുരക്ഷാപ്രസിൽ അച്ചടിക്കുന്ന ചോദ്യപേപ്പർ പി.എസ്.സി ആസ്ഥാനത്തെത്തിക്കേണ്ടത് പ്രസിന്റെ ചുമതലയാണ്. കാമറാനിരീക്ഷണത്തിൽ പി.എസ്.സി ആസ്ഥാനത്ത് സൂക്ഷിക്കുന്ന ചോദ്യപേപ്പറുകൾ ജില്ലാകേന്ദ്രങ്ങൾ വഴി പരീക്ഷാദിവസമാണ് പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കുക. പരീക്ഷാർത്ഥികളുടെ എണ്ണമനുസരിച്ച് ഒറ്റ പാക്കറ്റിലാവും ചോദ്യമെത്തിക്കുക. ചീഫ്സൂപ്രണ്ടിന്റെ സാന്നിദ്ധ്യത്തിൽ അഡി.സൂപ്രണ്ട് 20വീതമുള്ള ചെറുപാക്കറ്റുകളാക്കും. ഹാളിൽ രണ്ട് പരീക്ഷാർത്ഥികളെ സാക്ഷിയാക്കി രജിസ്റ്ററിലൊപ്പിടുവിച്ച്, അവരെക്കൊണ്ടാണ് ചോദ്യപാക്കറ്റ് പൊട്ടിക്കുന്നത്. 20-30ശതമാനം അപേക്ഷകർ പരീക്ഷയെഴുതാറില്ല. അധികം വരുന്ന ചോദ്യപേപ്പറുകൾ കോളേജുകളിലെ ജീവനക്കാർ ശേഖരിച്ച് പുറത്തെത്തിക്കും. ഉത്തരം വാട്സ്‌ആപ് സന്ദേശമായും എസ്.എം.എസായും ഉദ്യോഗാർത്ഥിക്ക് ലഭിക്കും. സിംകാർഡിടാവുന്ന, സ്‌മാർട്ട് വാച്ചുകൾ 5000രൂപയ്ക്ക് ഓൺലൈനായി വാങ്ങാനായതോടെ ഹൈടെക്ക് തട്ടിപ്പ് വ്യാപകമായിട്ടുണ്ട്.
ഇനി എന്ത്
സമീപകാലത്തെ എല്ലാ നിയമനങ്ങളും പരിശോധിക്കാമെങ്കിലും ,നിയമനം നേടിയവർക്കെതിരെ ഒരു നടപടിയുമെടുക്കാനാവില്ല
ഉത്തരക്കടലാസ് അടക്കമുള്ള വിവരങ്ങൾ രണ്ട് വർഷം സൂക്ഷിച്ചശേഷം നശിപ്പിക്കുകയാണ് പതിവ്
മാർക്ക് ലിസ്റ്റും അപേക്ഷാരേഖകളും ഡിജിറ്റലായി സൂക്ഷിക്കാറുള്ളതിനാൽ അത് പരിശോധിക്കാം
റാങ്ക്‌ലിസ്റ്റും നിയമനവും
സെക്രട്ടേറിയറ്റ്, യൂണിവേഴ്സിറ്റി അസിസ്റ്റന്റ്- റാങ്ക്‌ലിസ്റ്റായി, നിയമനം തുടങ്ങിയില്ല
എൽ.ഡി.സി, ലാസ്റ്റ്ഗ്രേഡ്, ടൈപ്പിസ്റ്റ്- നിയമനം പുരോഗമിക്കുന്നു
ഫയർമാൻ-റാങ്കുലിസ്റ്റ് അന്തിമഘട്ടത്തിൽ
പൊലീസ് നിയമനവുമായി ബന്ധപ്പെട്ട എട്ട് റാങ്ക് ലിസ്റ്റുകൾ നിയമനം മരവിപ്പിച്ച നിലയിൽ
ഒക്ടോബർ12
വി.ഇ.ഒ പരീക്ഷയുടെ ആദ്യഘട്ടം നടത്തണം.
7ലക്ഷം അപേക്ഷകരുള്ള പരീക്ഷ നടത്തുന്നത് 3ഘട്ടമായി
''വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാൻ സി.ബി.ഐ അന്വേഷണത്തിന് പി.എസ്.സിതന്നെ ശുപാർശചെയ്യണം. സമൂഹത്തിൽ പി.എസ്.സിയുടെ വിശ്വാസം തകരുന്നത് അപമാനമാണ്''
ഡോ.കെ.എസ്.രാധാകൃഷ്‌ണൻ
മുൻചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |