ശുദ്ധമായ സനാതന ധർമ്മത്തിന്റെയും മഹാമനീഷികളായ ഋഷീശ്വരന്മാരുടെയും നാട് എന്ന് പുകൾപെറ്റ പുണ്യഭൂമിയാണ് ഭാരതം. ഒട്ടേറെ മഹാത്മാക്കൾക്ക് ജന്മം നൽകിയിട്ടുള്ള ഭാരതത്തിന്റെ ആർഷപാരമ്പര്യത്തിൽ നിന്നു വേറിട്ട്, സ്വാതന്ത്ര്യാനന്തര ഭാരതം 'മഹാത്മാ" എന്നു വിളിച്ചതും വിളിക്കുന്നതും ഗൃഹസ്ഥാശ്രമി കൂടിയായ ഗാന്ധിയെയാണ്. ആധുനിക ഭാരതത്തിന്റെ ലൗകിക ഹൃദയത്തിൽ അത്രമാത്രം ആഴ്ന്നും വാഴ്ന്നും വിരാജിക്കുന്ന രാജ്യത്തിന്റെ പിതൃസ്ഥാനീയനാണ് ഗാന്ധിജി എന്ന മഹാത്മാ ഗാന്ധി. ജാതി, മത, വർണ, വർഗ, ദേശ, ഭാഷാഭേദം കൂടാതെയും, ആസ്തിക- നാസ്തികഭേദം കൂടാതെയും, സ്ഥിതിഭേദം കൂടാതെയും, ഏതൊരു ഭാരതീയന്റെയും സമാദരവിനും ബഹുമാനത്തിനും അഭിമാനത്തിനും പാത്രീഭൂതനായി നിലകൊള്ളുന്ന ഗാന്ധിജിക്ക് 'മഹാത്മ" എന്ന സംബോധന ഇദംപ്രഥമമായി വന്നുചേർന്നത് മഹാകവി രവീന്ദ്രനാഥ ടാഗോറിലൂടെയാണെന്നാണ് അറിവ്.
എന്നാൽ, 'താനൊരു മഹാത്മാവാണെന്ന അഭിമാനം തനിക്ക് അശേഷമില്ലെന്നും, മഹാത്മാ പരീക്ഷ പാസാകാനുള്ള യാതൊരഭ്യാസവും തനിക്കുണ്ടായിട്ടില്ലെന്നും, അതിനുള്ള അവകാശം തനിക്കില്ലെന്നും, മഹാത്മാ എന്ന അഭിധാനം തന്നെ പലപ്പോഴും അമ്പരപ്പിച്ചിട്ടുണ്ടെന്നും, തന്റെ വിശ്വാസത്തെ അത് ബന്ധിക്കുന്നതായി തനിക്കു തോന്നിയിട്ടുണ്ടെന്നും" ഒരിക്കൽ ഗാന്ധിജി തന്നെ പ്രസ്താവിച്ചിട്ടുണ്ടെന്നത് ഒരുപക്ഷേ അധികമാർക്കും അറിവുണ്ടാവുകയില്ല. ഈ പ്രസ്താവന ഉണ്ടായത് 1937 ജനുവരിയിൽ ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളോട് അനുബന്ധിച്ച് കേരളത്തിലെത്തിയ വേളയിൽ ഗാന്ധിജി ശിവഗിരി മഠം സന്ദർശിച്ചപ്പോഴായിരുന്നു. അതാകട്ടെ, ഗാന്ധിജിയുടെ മൂന്നാമത്തെ ശിവഗിരി സന്ദർശന വേളയുമായിരുന്നു.
അന്ന് ഈ പ്രസ്താവന വഴി, മഹാത്മ എന്നുള്ള സവിശേഷാദരവിന് താൻ അർഹനാണെന്ന വിശ്വാസം പുലർത്താതിരുന്ന ഗാന്ധിജി ഗുരുദേവനെ 'മഹാത്മാ"വെന്ന് ആദരപൂർവം സംബോധന ചെയ്തു. ഇങ്ങനെ ഭാരതീയരാകെ മഹാത്മാ എന്ന് അഭിസംബോധന ചെയ്ത് ബഹുമാനിക്കുന്ന ഗാന്ധിജി ഗുരുദേവനെ മഹാത്മാവായി നോക്കിക്കണ്ടത് എങ്ങനെയെന്ന് അറിയാൻ അദ്ദേഹത്തിന്റെ തന്നെ ഈ വാക്കുകൾ ശ്രദ്ധിച്ചാൽ മതി: 'സ്വാമികളുടെ സംഭാഷണം ഒരു 'മഹാത്മാ"വിന്റെ ജിഹ്വാതലത്തിൽ നിന്ന് പുറപ്പെടുന്നതാണെന്ന് നല്ലപോലെ മനസിലാക്കി, അവയെ ആദരവോടെ ഞാൻ പഠിച്ചിട്ടുണ്ട്. അവയിൽ പലതും ശരിയാണെന്ന് എനിക്കു ബോദ്ധ്യമായിട്ടുണ്ട്. അവയെല്ലാം ആവുന്നിടത്തോളം ഞാൻ അംഗീകരിച്ചിട്ടുമുണ്ട്."
സംബോധനയുടെ
സാരസർവം
ഈ ചരിത്രപ്രസ്താവനയിലൂടെ, ഗാന്ധിജിയെ 'മഹാത്മാ"എന്ന് സംബോധന ചെയ്ത വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിന്റേയും ഗാന്ധിജിയുടേയും മഹാത്മാവായി ശ്രീനാരായണ ഗുരുദേവൻ ഒരിക്കൽക്കൂടി ചരിത്രത്തിൽ പുനരവതരിക്കപ്പെട്ടു എന്നതാണ് വാസ്തവം. 1925 മാർച്ച് 12- ന് ശിവഗിരിയിലെത്തിയ ഗാന്ധിജി ഗുരുദേവനുമായി നടത്തിയ കൂടിക്കാഴ്ചയുടെയും ചരിത്രസംഭാഷണത്തിന്റെയും ശതാബ്ദി ആഘോഷിക്കുന്ന ഈ പുണ്യവേളയിൽ നമ്മുടെ ശ്രദ്ധ സൂക്ഷ്മവും സജീവവുമായി പതിയേണ്ട ഒരു വിഷയമാണ് മേൽപ്പറഞ്ഞത്.
ഭാരതത്തിന്റെ ഋഷിപാരമ്പര്യത്തിന്റെയും വേദാന്ത- തത്വശാസ്ത്രത്തിന്റെയും ഭഗവദ്‌ഗീതയുടെയുമടക്കം സാരസംഗ്രഹം ചിന്തയും സാധനയും ചെയ്ത് അറിഞ്ഞിട്ടുള്ള തത്വജ്ഞാനിയും സത്യാന്വേഷിയുമായിരുന്നു ഗാന്ധിജി. അദ്ദേഹത്തിന് സത്യസാക്ഷാത്കാരം നേടിയ ബ്രഹ്മജ്ഞാനിയായ ശ്രീനാരായണ ഗുരുദേവന്റെ അപൂർവ മാഹാത്മ്യം സ്വയം ബോദ്ധ്യപ്പെട്ടതിന്റെ മംഗളസൂചകമാണ് 1937-ലെ ആ മഹാത്മാവെന്നുള്ള സംബോധനയും പ്രസ്താവനയും.
സഞ്ചാര സ്വാതന്ത്ര്യത്തിനായി തുടങ്ങിവച്ചതും പിന്നീട് ഭാരതത്തിന്റെ ചരിത്രത്തെ അഗാധമാക്കിയതുമായ വൈക്കം സത്യഗ്രഹത്തിന് ധാർമ്മികമായ പിന്തുണയേകാനായി വൈക്കത്തെത്തിയ സന്ദർഭത്തിലാണ് ഗാന്ധിജി ആദ്യമായി ശിവഗിരി സന്ദർശിച്ചതും ശ്രീനാരായണ ഗുരുദേവനുമായി മഠം വക വനജാക്ഷി മന്ദിരം എന്ന ഗാന്ധ്യാശ്രമത്തിൽ വച്ച് കൂടിക്കാഴ്ച നടത്തിയതും. ആ കൂടിക്കാഴ്ചയിൽ ഉടനീളം ഗാന്ധിജി തന്റെ ജാതിപരവും മതപരവും ധർമ്മപരവുമായ ധാരണകളെയും മനസിലാക്കലുകളെയും ഉറപ്പിക്കാൻ തക്ക നിലയിലുള്ള അന്വേഷണങ്ങൾക്കാണ് പ്രാധാന്യം നൽകിയിരുന്നതെന്ന് കാണാം.
മതസ്വാതന്ത്ര്യം
എന്ന കടങ്കഥ
എന്നാൽ ഗുരുദേവൻ ഗാന്ധിജിയുടെ ആശയങ്ങളെ ഉറപ്പിക്കുന്നതിനോ തിരുത്തുന്നതിനോ പ്രത്യേക ഊന്നൽ നൽകുന്നതിനു പകരം, ഭാരതീയ തത്വദർശനത്തിന്റെ അദ്വൈതപ്പൊരുളിലൂന്നി മനുഷ്യ സമൂഹത്തിന്റെയാകെ ആദ്ധ്യാത്മികമായ ഉത്കർഷവും അഭിവൃദ്ധിയും അവരവരുടെ മതസ്വാതന്ത്ര്യത്തിൽ നിന്നുകൊണ്ടുതന്നെ പ്രാപ്യമാക്കാമെന്ന് വെളിവാക്കുകയാണ് ചെയ്തത്. 'ലൗകികമായ സ്വാതന്ത്ര്യത്തിനാണല്ലോ നാം പരിശ്രമിക്കുന്നത്. അത് സഫലമാകാതെ വരുമോ" എന്ന ഗാന്ധിജിയുടെ അന്വേഷണത്തിലെ ഭൗതിക നിരീക്ഷണത്തിന്റെ തീവ്രത മനസിലാക്കിയിട്ടാണ് ഗുരുദേവൻ അതിനു മറുപടിയായി ഇങ്ങനെ പറഞ്ഞത്: 'അത് സഫലമാകാതെ വരികയില്ല. അതിന്റെ രൂഢമൂലത ഓർത്താൽ പൂർണഫലപ്രാപ്തിക്ക് മഹാത്മജി വീണ്ടും അവതരിക്കേണ്ടി വരുമെന്നു തന്നെ പറയണം."
ഇവിടെ ഗുരുദേവൻ നടത്തുന്നത് ആന്തരിക നിരീക്ഷണമാണ്. ആത്മീയ സ്വാതന്ത്ര്യത്തിന്റെ വെളിവിലാണ് ലൗകികസ്വാതന്ത്ര്യം അർത്ഥവത്താകുന്നത്. അത് ബോദ്ധ്യപ്പെടുത്തുവാനാണ് ഈ മറുപടികൊണ്ട് ഗുരുദേവൻ ഊന്നൽ നൽകിയത്. ഗുരുദേവന്റെ 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്ന വിശ്വവിഖ്യാതമായ സന്ദേശത്തിന്റെ തത്വശാസ്ത്രവും മന:ശാസ്ത്രവും അതേ നിലയിൽ ഉൾക്കൊള്ളുന്നതിൽ പൂർണമായും ഗാന്ധിജിക്ക് വിജയിക്കാനായില്ല എന്നതാണ് യാഥാർത്ഥ്യം. ഗുരുദേവൻ മുന്നോട്ടുവെച്ച മതസ്വാതന്ത്ര്യത്തിന്റെ ആശയ സംഹിതകളെയും ഗാന്ധിജിക്ക് വേണ്ടുംവണ്ണം ഉൾക്കൊള്ളാനായില്ല എന്നതും ചരിത്രപരമായൊരു വസ്തുതയാണ്. അതിന്റെയൊക്കെ തുറന്നുപറച്ചിലായി പിറ്റേദിവസം (മാർച്ച് 13) രാവിലെ ശിവഗിരിയിൽ നടത്തിയ പ്രസംഗത്തിൽ ഗാന്ധിജി ഇപ്രകാരം പറഞ്ഞതിനെ നമുക്ക് വിലയിരുത്താവുന്നതാണ്.
'ഇന്നലെ ശ്രീനാരായണഗുരു എന്നോടു പറഞ്ഞു, മനുഷ്യന് ഒരു മതമേയുള്ളൂ എന്ന്. ഞാൻ ആ അഭിപ്രായത്തെ ഖണ്ഡിച്ചു. ഇന്ന് ഞാൻ അത് വീണ്ടും ഖണ്ഡിക്കുകയാണ്. എത്രനാൾ ഇവിടെ ഭിന്നഭിന്നരായ മനുഷ്യവ്യക്തികൾ ഉണ്ടായിരിക്കുന്നുവോ, അത്രനാളും ഇവിടെ ഭിന്നഭിന്ന മതങ്ങളും ഉണ്ടായിരിക്കും." ഗാന്ധിജിയുടെ ഈ വാക്കുകളിൽ നിന്ന് നാം മനസിലാക്കേണ്ടത് ഗുരുദേവൻ ഉദ്‌ബോധിപ്പിച്ച ഒരു മതവും ഗാന്ധിജി ഉൾക്കൊണ്ടു വന്ന ഒരു മതവും ഒന്നായിരുന്നില്ല എന്ന യാഥാർത്ഥ്യമാണ്. ഇവിടെ ഗുരുദേവൻ മതമീമാംസയുടെ പൂർണബോധത്തിൽ നിന്നുകൊണ്ടാണ് ഗാന്ധിജിയോട് സംസാരിച്ചതെങ്കിൽ, ഗാന്ധിജി അത് ശ്രവിച്ചതാകട്ടെ, മതമീമാംസയുടെ ഉള്ളറയിലേക്ക് കടക്കാതെ ബാഹ്യാർത്ഥതലത്തിൽ നിന്നുകൊണ്ടാണ്.
ഗാന്ധിജിയുടെ
വിചാരാന്തരം
വർണാശ്രമധർമ്മങ്ങളെ അനുകൂലിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരു ബോധമണ്ഡലമായിരുന്നു ഗാന്ധിജിക്ക് ഉണ്ടായിരുന്നത്. അതുകൊണ്ടാണ് വർണാശ്രമ സമ്പ്രദായങ്ങൾ ശരിക്കും മനസിലാക്കി പ്രയോഗത്തിൽ വരുത്തുമ്പോൾ മാത്രമേ ആദർശപരമായ ഒരു സാമുദായിക വ്യവസ്ഥിതി രൂപപ്പെടുകയുള്ളൂ എന്നാണ് തന്റെ ദൃഢമായ വിശ്വാസമെന്ന് ഗാന്ധിജി ഒരിക്കൽ പ്രസ്താവിച്ചത്. ഗാന്ധിജിയുടെ ഈ വിശ്വാസങ്ങളുടെയും ബോധത്തിന്റെയും അടിസ്ഥാനമായി നിലകൊള്ളുന്ന വെളിവിന്റെ ഉറവിടത്തിലാണ് ഗുരുദേവൻ മതസ്വാതന്ത്ര്യത്തിന്റെ വിത്തു പാകിയതെന്ന ചരിത്രയാഥാർഥ്യം നമ്മൾ കണ്ണുതുറന്ന് കാണുക തന്നെ വേണം.
ഒരുപക്ഷേ അതിന്റെ കൂടി ഫലമാവാം, 'നമ്മെ ഒരുമിപ്പിക്കുന്നത് എന്തോ, അതാണ് മത"മെന്ന ഗാന്ധിജിയുടെ പിൽക്കാല മതബോധത്തിന് അടിസ്ഥാനം. അതിൽ ഗുരുദേവന്റെ 'ഒരു മതം" എന്നതിന്റെ ഒരു പുന:പ്രകാശനം കൂടിയുണ്ടെന്നു പറയാനാവും. ഏതായാലും 1925 മാർച്ച് 12 ന് ഉച്ചയ്ക്ക് ശേഷം 3.30 ന് ഗുരുദേവ സന്നിധിയിൽ എത്തിയ ഗാന്ധിജിയും, മാർച്ച് 13 നു രാവിലെ 9.30 മണിയോടെ ഗുരുസന്നിധിയിൽ നിന്നു മടങ്ങിയ ഗാന്ധിജിയും ഒരാളല്ല എന്നു തീർച്ച. എന്തെന്നാൽ, ആത്മാവിനെ അന്വേഷിക്കലാണ് യഥാർത്ഥ ഭക്തി എന്ന് പഠിച്ചുവച്ചിരുന്ന ഗാന്ധിജി പിൽക്കാലത്ത് ആത്മാവിനെ അനുസന്ധാനം ചെയ്യുന്നതാണ് യഥാർത്ഥഭക്തി എന്ന ഗുരുപ്പൊരുളിലേക്ക് സ്വയം ഉയരുന്നതായാണ് കാണുന്നത്.
ഇതിന് എത്രയെങ്കിലും ഉദാഹരണങ്ങൾ ഗാന്ധിജിയുടെ 'ഹരിജൻ" പത്രത്തിലെ എഴുത്തിൽ നിന്ന് കണ്ടെത്താനാവും. കേരളത്തിന്റെ ആത്മീയവും ലൗകികവുമായ ഉത്കർഷത്തിന് ഏറെ തിളക്കമേറ്റിയ ഒരു സമാഗമമായിരുന്നു ഗുരുദേവനും ഗാന്ധിജിയും തമ്മിൽ ഒരുനൂറ്റാണ്ട് മുമ്പു നടന്ന ആ കൂടിക്കാഴ്ച എന്നത് നിസ്തർക്കമായ കാര്യമാണ്. ആ ചരിത്രസംഗമം വെളിവാക്കുന്ന ചരിത്ര ദാർശനിക വെളിപാടുകളിലേക്ക് കടന്നു ചെല്ലുവാൻ ഈ ശതാബ്ദി ആഘോഷം പുതിയ തലമുറയ്ക്ക് പ്രചോദനവും പ്രേരണയുമായിത്തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |