ദുബായ്: മൂന്നാം വട്ടം കിരീടത്തിൽ മുത്തമിടാനൊരുങ്ങിഇന്ത്യ... കാൽ നൂറ്റാണ്ടിന് ശേഷം കപ്പ് കൊത്തിയെടുക്കാൻ കിവീസ്... ഏകദിനത്തിലെ ചെറിയ പൂരമായ ചാമ്പ്യൻസ് ട്രോഫിയുടെ പുതിയ അവകാശികൾ ആരെന്നറിയാൻ ഇനി ഒരു പകലിൻ്റെ കാത്തിരിപ്പ് മാത്രം. ഇന്ന് ഉച്ചതിരിഞ്ഞ് 2.30 മുതലാണ്
ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യയും ന്യൂസിലാൻസും നേർക്കുനേർ വരുന്ന ചാമ്പ്യൻസ് ട്രോഫിയിലെ ഫൈനൽ പോരാട്ടം. മത്സരത്തിൻെ ടിക്കറ്റുകളെല്ലാം ചൂടപ്പം പോലെ വിറ്റുപോയി.
ചാമ്പ്യൻസ് ട്രോഫിയിൽ അഞ്ചാം ഫൈനലിനിറങ്ങുന്ന ഇന്ത്യ മൂന്നാം കിരീടം ലക്ഷ്യം വയ്ക്കുമ്പോൾ മൂന്നാം ഫൈനലിനിറങ്ങുന്ന ന്യൂസിലാൻഡ് രണ്ടാം കിരീടമാണ് പ്രതീക്ഷിക്കന്നത്.
പരിക്ക് പണിയാകുമോ?
ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് നേട്ടവുമായി തിളങ്ങിയ പേസർ മാറ്റ് ഹെൻറിക്ക് പരിക്കേറ്റത് ഫൈനലിനിറങ്ങുന്ന ന്യൂസിലാൻഡിന് വലിയ തിരിച്ചടിയാണ്. സെമിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഫീൽഡ് ചെയ്യുന്നതിനിടെ തോളിടിച്ച് വീണാണ് ഹെ
ൻറിക്ക് പരിക്കേറ്റത്. ഹെൻറികളിക്കുന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. താരത്തിന് ഫൈനലിൽ കളിക്കാനായില്ലെങ്കിൽ പകരം ജേക്കബ് ഡുഫിയോ നാഥാൻ സ്‌മിത്തോ കളിക്കും.
അതേസമയം ഇന്നലെ പരിശീലനത്തിനിടെ സൂപ്പർ താരം വിരാട് കൊഹ്‌ലിയുടെ കാൽമുട്ടിൽ പന്ത് കൊണ്ട് പരിക്കേറ്റെന്ന റിപ്പോർട്ടുകൾ ഇന്ത്യൻആരാധകരിൽ പരിഭ്രാന്തി പടർത്തിയിരുന്നു. പേസ് ബൗളിംഗിനെ നേരിടുമ്പോഴാണ് കൊഹ്‌ലിക്ക് പരിക്കേറ്റതെന്നും ഉടൻ പരിശീലനം നിറുത്തിയ കൊഹ്‌ലി ഫിസിയോയുടെ സഹായം തേടിയെന്നുമായിരുന്നു വാർത്തകൾ. കൊഹ്‌ലിയുടെ പരിക്ക് സാരമുള്ളല്ലതെന്നും ഫൈനലിൽ താരം കളിക്കുമെന്നും ഇന്ത്യൻ പരിശീലക സംഘം അറിയിച്ചെന്നും വാർത്തയിൽ പറയുന്നു.
സ്‌പിന്നിച്ചേക്കണേ
ടൂർണമെന്റിലെ ഏറ്റവും മികച്ച സ്‌പിൻ യൂണിറ്റുള്ള ടീമുകളാണ് ഫൈനലിൽ മുഖാമുഖം വരുന്നത്. ജഡേജയം അക്ഷറും കുൽദീപും വരുൺ ചക്രവർത്തിയും അടങ്ങുന്ന ഇന്ത്യൻ സ്പിൻനിര ടൂർണമെന്റിൽ ഇതുവരെ 21 വിക്കറ്റുകൾ വീഴ്‌ത്തിക്കഴിഞ്ഞു. ഇന്ത്യയുടെ മിസ്റ്ററി സ്‌പിന്നർ വരുൺ ചക്രവർത്തിക്ക് ടൂർണമെന്റിൽ ആദ്യമായി കളിക്കാൻ അവസരം ലഭഇച്ചത് ന്യൂസിലാൻഡിനെതെരായ ഗ്രൂപ്പ് മത്സരത്തിലാണ്. അന്ന് 5 വിക്കറ്റ് വീഴ്ത്തി കളിയിലെ താരമായിരുന്നു വരുൺ. ക്യാപ്‌ടൻ മിച്ചൽ സ്റ്റാർക്ക് നയിക്കുന്ന കിവീസിന്റെ സ്പിൻ ഡിപ്പാർട്ട്‌മെന്റ് 17 വിക്കറ്റുകളാണ് ഇതുവരെ നേടിയത്.
ടീം ന്യൂസ്
കൊഹ്‌ലിയുടെ പരിക്ക് പ്രശ്നമല്ലാത്തതിനാൽ അദ്ദേഹം കളിക്കുമെന്ന് തന്നെയാണ് ടീം അറിയിച്ചിരിക്കുന്നത്. അതേസമയം യഥാർത്ഥ ഫോമിലേക്ക് ഉയരാത്ത കുൽദീപിനെ ഫൈനലിൽ പുറത്തിരുത്തി പേസർ അർഷ്‌ദീപിനെ കളിപ്പിക്കണമെന്ന് അഭിപ്രായം ഉയരുന്നുണ്ടെങ്കിലും വിജയിച്ച് നിൽക്കുന്ന ടീമിൽ മാറ്റം വരുത്തിയേക്കില്ല. ന്യൂസിലാൻഡ് ടീമിൽ പരിക്കേറ്റ ഹെൻറിക്ക് പകരം ഡുഫിയോ സ്‌മിത്തോ വന്നേക്കും. ശാരീരിക ക്ഷമത കൈവരിച്ചാൽ ഇന്ത്യയ്‌ക്കെതിരെ മികച്ച റെക്കാഡുള്ല ഡെവോൺ കോൺവെ വിൽ യംഗിന് പകരം ടീമിലെത്താനും സാധ്യതയുണ്ട്.
സാധ്യതാ ടീം
ഇന്ത്യ: രോഹിത്,ഗിൽ,വിരാട്,ശ്രേയസ്,അക്ഷർ,രാഹുൽ,ഹാർദിക്,ജഡേജ,കുൽദീപ്,ഷമി,വരുൺ.
ന്യൂസിലാൻഡ്: യംഗ്/കോൺവെ,രചിൻ,വില്യംസൺ,ഡാരിൽ മിച്ചൽ,ലതാം, ഫിലിപ്‌സ്,ബ്രേസ്‌വെൽ,സാന്റ്‌നർ,ജാമീസൺ,ഹെൻറി/ഡുഫി/സ്‌മിത്ത്, റൂർക്കി.
റിസർവ് ഡേ
ചാമ്പ്യൻസ് ട്രോഫി ഫൈനലിന് റിസർവ് ദിനമുണ്ട്. മഴയോ മറ്റോ മൂലം മത്സരം ഫൈനൽ തടസപ്പെട്ടാൽ മത്സരം നാളത്തേയ്‌ക്ക് നീട്ടി വയ്ക്കും. കളി നിറുത്തിയിടത്തു നിന്നാകും റിസർവ് ദിനത്തിൽ മത്സരം ആരംഭിക്കുക. റിസർവ് ദിനത്തിലും മഴപെയ്ത് കളിമുടങ്ങിയാൽ ഇന്ത്യയേയും ന്യൂസിലാൻഡിനേയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും. അതേസമയം ഇന്ന് ദുബായിൽ മഴയ്‌ക്ക് സാധ്യതയില്ലെന്നും തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നുമാണ് കാലാവസ്ഥാ പ്രവചനം.
ഇനി മത്സരം സമനിലയായാൽ സൂപ്പർ ഓവറിലൂടെ ആയിരിക്കും വിജയിയെ നിശ്ചയിക്കുക.
ലൈവ്
ഉച്ചതിരിഞ്ഞ് 2.30 മുതൽ സ്റ്റാർ സ്പോർട്‌സ് ചാനലുകളിലും ജിയോ ഹോട്ട് സ്റ്റാറിലും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |