ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്ക് 252 റണ്‍സ് വിജയലക്ഷ്യം. കലാശപ്പോരില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ഡാരില്‍ മിച്ചല്‍ 63(101), അവസാന ഓവറുകളില്‍ റണ്‍ നിരക്ക് ഉയര്‍ത്തിയ മൈക്കല്‍ ബ്രേസ്‌വെല്‍ പുറത്താകാതെ 53*(40) എന്നിവരാണ് കിവീസിന് മെച്ചപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. അവസാന നാലോവറുകളില്‍ നിന്ന് 40 റണ്‍സാണ് കിവീസ് അടിച്ചെടുത്തത്.
ഓപ്പണര്‍മാരായ വില്‍ യംഗ് 15(23), രചിന്‍ രവീന്ദ്ര 37(29) സഖ്യം ഒന്നാം വിക്കറ്റില്‍ 57 റണ്‍സ് കൂട്ടിച്ചേര്‍ത്തു. യംഗിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി വരുണ്‍ ചക്രവര്‍ത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍ എന്നിവരെ പുറത്താക്കി കുല്‍ദീപ് യാദവ് ന്യൂസിലാന്‍ഡ് ഇന്നിംഗ്‌സിന്റെ വേഗത കുറച്ചു. ആദ്യ പത്ത് ഓവറില്‍ 69 റണ്‍സാണ് ബ്ലാക് ക്യാപ്‌സ് നേടിയത്. പിന്നീട് ടോം ലഥാം 14(30) ഗ്ലെന്‍ ഫിലിപ്‌സ് 34(52) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ എട്ട് റണ്‍സ് നേടി റണ്ണൗട്ടായപ്പോള്‍ നാഥന്‍ സ്മിത്ത് 0* പുറത്താകാതെ നിന്നു. മദ്ധ്യ ഓവറുകളില്‍ ന്യൂസിലാന്‍ഡ് ബാറ്റര്‍മാരെ വരിഞ്ഞ് മുറുക്കുന്ന പ്രകടനാണ് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പുറത്തെടുത്തത്. 46ാം ഓവര്‍ വരെ റണ്‍സ് കണ്ടെത്താന്‍ നന്നായി ബുദ്ധിമുട്ടുകയും ചെയ്തു. ഇന്ത്യക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. പത്ത് ഓവറില്‍ ജഡേജ വെറും 30 റണ്‍സ് മാത്രമാണ് വഴങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |