കോഴിക്കോട്: പൊലീസിന്റെ പിടിയിലാകുന്നത് ഒഴിവാക്കാൻ കയ്യിലിരുന്ന എംഡിഎംഎ അടങ്ങിയ കവർ വിഴുങ്ങിയതിനെത്തുടർന്ന് മരിച്ച കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് സ്വദേശി ഇയ്യാടൻ ഷാനിദിന്റെ പോസ്റ്റുമോർട്ടം ഇന്ന് രാവിലെ നടക്കും. എംഡിഎംഎ ശരീരത്തിൽ കലർന്നതാണോ മരണകാരമായതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമാകും. ഇതിനുശേഷം തുടർ നടപടികൾ സ്വീകരിക്കും. ഇതിന്റെ ഭാഗമായി ഷാനിദിന്റെ അടുപ്പക്കാരുടെ മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം നടക്കുക.
വെള്ളിയാഴ്ച രാവിലെയാണ് ഷാനിദ് രണ്ട് പൊതി എംഡിഎംഎ വിഴുങ്ങിയത്. ആദ്യം താമരശ്ശേരി താലൂക്കാശുപത്രിയിലെത്തിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാവിലെ 11.20ന് മരിച്ചു. ലഹരിമരുന്ന് കേസുകളിൽ പ്രതിയാണ്. അമ്പായത്തോട് പാറമ്മൽ പള്ളിക്കു സമീപം പൊലീസിനെ കണ്ടതോടെയാണ് രാസലഹരി അടങ്ങിയ പൊതികൾ വിഴുങ്ങിയത്. രണ്ട് വർഷമായി ഇയാൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. വില്പനയും നടത്തിയിരുന്നു.
സി.ടി സ്കാൻ, എൻഡോസ്കോപ്പി പരിശോധനകളിലാണ് വയറിൽ വെള്ള തരികളടങ്ങിയ പായ്ക്കറ്റുകൾ കണ്ടെത്തിയത്. അമർത്തി ഒട്ടിക്കാവുന്ന പ്ളാസ്റ്റിക് കവറിൽ നിന്ന് എം.ഡി.എം.എ അലിഞ്ഞ് രക്തത്തിൽ കലർന്നതാണ് മരണകാരണം എന്നാണ് കരുതുന്നത്.
ഷാനിദിന്റെ വീട് എക്സെെസ് പരിശോധിച്ചെങ്കിലും ലഹരിമരുന്നൊന്നും കണ്ടെത്താനായില്ല. അവിവാഹിതനായ ഷാനിദ് കുറച്ചു നാൾ ഗൾഫിലായിരുന്നു. എട്ടു വർഷമായി ടിപ്പർ ഡ്രെെവറാണ്. ആരോടും അധികം സംസാരിക്കാറില്ല. അടുത്ത സുഹൃദ്ബന്ധങ്ങളുമില്ല. അമ്മൂമ്മ ഫാത്തിമയുടെ വീട്ടിലായിരുന്നു കുറച്ചുകാലമായി താമസം. രാത്രി വെെകിയാണ് വീട്ടിലെത്തിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |