മലയാളത്തിലെ ബാഹുബലിയാണ് ലൂസിഫർ എന്നാണ് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് പറഞ്ഞത്. അന്ന് അതൊരു തള്ളായി തോന്നിയെങ്കിലും യഥാർത്ഥത്തിൽ അത് വലിയൊരു വിഷൻ ആയിരുന്നുവെന്ന് കോസ്റ്റ്യൂം ഡിസൈനറും സ്റ്റൈലിസ്റ്റുമായ സുജിത്ത് സുധാകരൻ. മാർച്ച് 27ന് റിലീസ് ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ വിശേഷങ്ങൾ കൗമുദി മൂവീസിനോട് പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
'ലൂസിഫറിൽ നിന്ന് എമ്പുരാനിലേയ്ക്ക് എത്തിയപ്പോൾ പുതിയ ചില കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. സിനിമ വലുതായതിന് അനുസരിച്ച് ടാസ്‌ക് വലുതായി. ഷൂട്ടിംഗ് ദിവസങ്ങളുടെ എണ്ണവും ബഡ്‌ജറ്റും കൂടി. പൃഥ്വിരാജിന് ചില കാര്യങ്ങളിൽ ഇതാണ് എനിക്ക് വേണ്ടതെന്ന ഉറച്ച തീരുമാനങ്ങളുണ്ട്. ലൂസിഫറിൽ സ്റ്റീഫൻ വെള്ള ഷർട്ടും മുണ്ടും മാത്രമായിരിക്കും ധരിക്കുന്നതെന്ന് അദ്ദേഹത്തിന് ഉറച്ച തീരുമാനമുണ്ടായിരുന്നു'-സുജിത്ത് വ്യക്തമാക്കി.
അബ്രഹാം ഖുറേഷിയുടെ കണ്ണട, മോതിരങ്ങൾ തുടങ്ങിയവ ഇല്യുമിനാറ്റിയുടെ സൂചനയാണെന്ന ചർച്ചകൾ സമൂഹമാദ്ധ്യമങ്ങളിൽ ഉടലെടുത്തിരുന്നു. ഇക്കാര്യത്തിലും സുജിത്ത് പ്രതികരിച്ചു. 'ഡീറ്റ എന്ന കണ്ണട ലൂസിഫറിൽ ഉപയോഗിക്കാം എന്നത് പൃഥ്വിരാജിന്റെ വിഷനായിരുന്നു. അതാണ് ലാൽ സാറിന് കൂടുതലായി ചേരുന്നതെന്ന് പറഞ്ഞു. എമ്പുരാനിൽ വേറൊരു പതിപ്പ് വരേണ്ടതുണ്ട്.
ഞാനും പൃഥ്വിയും പരസ്‌പരം കണ്ണടയുടെ നിർദേശങ്ങൾ കൈമാറുമായിരുന്നു. രണ്ട് ലക്ഷം രൂപയുടെ ഗ്ളാസ് വരെ ലാൽ സാറിനായി ഉപയോഗിച്ചിട്ടുണ്ട്. എല്ലാ സംവിധായകർക്കും അവരുടേതായ സ്റ്റൈലുണ്ട്. ഒരു ടെക്‌നീഷ്യനോടൊപ്പം അഞ്ചുമണിക്കൂർവരെ ചെലവിട്ട് സംസാരിച്ചതിനുശേഷമാണ് അദ്ദേഹം സിനിമയിലേയ്ക്ക് കടക്കുന്നത്. അത്തരത്തിൽ എന്നോടും ഓരോ സീനിനെക്കുറിച്ചും സംസാരിച്ചു. ലാൽ സാറിന്റെ ജാക്കറ്റുവരെ എടുത്തുസംസാരിച്ചിട്ടുണ്ട്. രണ്ടു ലക്ഷം രൂപയിലധികം വിലയുള്ള ജാക്കറ്റുകളും ലാൽ സാറിനായി എമ്പുരാനിൽ വാങ്ങിയിട്ടുണ്ട്. ഒരു ഫൈറ്റ് സീനിൽ ഒരേ ജാക്കറ്റിന്റെ തന്നെ ആറും ഏഴോ എണ്ണം ഉപയോഗിക്കും. അപ്പോൾ മൊത്തം ചെലവ് 14 ലക്ഷത്തിലധികമായിരിക്കും വേണ്ടിവരിക. എങ്ങനെ ജാക്കറ്റ് ഉണ്ടാക്കാമെന്ന് രണ്ടുമാസത്തോളം പഠിച്ചിരുന്നു.- സുജിത്ത് സുധാകരൻ പങ്കുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |