കൊച്ചി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജീവനക്കാരനായി നിയമിതനായ ഈഴവ സമുദായാംഗം ബി.വി. ബാലുവിനെ മാറ്റിയതിന് പിന്നിൽ ജാതിപ്രശ്നം മാത്രമല്ലെന്ന് സൂചന. അനധികൃത വഴിപാടും അതിലെ തട്ടിപ്പും പുറത്ത് അറിയുമെന്ന തന്ത്രിമാരുടെയും ശാന്തിക്കാരുടെയും പാരമ്പര്യ കഴകക്കാരുടെയും ആശങ്കയാണ് എതിർപ്പിനുള്ള മറ്റൊരു കാരണം.
ചില വഴിപാടുകൾ ഭക്തരിൽ നിന്ന് പണം വാങ്ങി കഴകക്കാർ നേരിട്ടാണ് ചെയ്യുന്നത്. മറ്റു ദേവസ്വം ബോർഡുകൾ ഇത് അനുവദിക്കാറില്ല. വീതംവയ്ക്കുമ്പോൾ ദിവസം 10,000 രൂപ വരെ പോക്കറ്റിലാക്കുന്നവരുണ്ട്. താമരമാല വഴിപാടിലാണ് വലിയ തട്ടിപ്പ്. 750 രൂപയാണ് ദേവസ്വം നിരക്ക്. വിശേഷ ദിവസങ്ങളിൽ ദേവസ്വം കൗണ്ടറിൽ നാലോ അഞ്ചോ താമരമാലകൾ രശീതാക്കുമ്പോൾ കഴകക്കാർ നേരിട്ട് 100 എണ്ണം വരെ ചെയ്യും. കെട്ടുന്ന മാലയുടെ എണ്ണം നാലോ അഞ്ചോ മാത്രമാകും. വഴിപാട് നടത്തുന്നവർ വഞ്ചിതരാകും.
പാരമ്പര്യ കഴകക്കാരന് പുറമേ അമ്പലവാസികളായ രണ്ട് പേർ കൂടി അനധികൃതമായി മാലകെട്ടുന്നുണ്ട്. ഇവരെ ഒഴിവാക്കാൻ ദേവസ്വം പഠിച്ചപണി നോക്കിയിട്ടും സാധിച്ചിട്ടില്ല. ഇവരിൽ ഒരാൾ റിട്ട. ദേവസ്വം ജീവനക്കാരനാണ്. രാവിലെ ഏഴ് മണിക്ക് ശേഷം സ്ഥലംകാലിയാക്കണമെന്ന് നൽകിയ നോട്ടീസിന് കടലാസിന്റെ വില പോലും ഇവർ കൽപ്പിച്ചിട്ടില്ല.
വഴിപാടിന് മാർക്കറ്റിംഗ്
ഭക്തരുടെ ജനനത്തീയതിയും മറ്റും കണ്ടെത്തി താമരമാല വഴിപാട് ഉൾപ്പെടെ സംഘം ഫോണിലൂടെ മാർക്കറ്റ് ചെയ്യുന്നുമുണ്ട്. ദേവസ്വത്തിന് ഇവരുടെ ഇടപാടുകളിൽ ഒരു റോളുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |