കൊല്ലം: കേരളത്തിന്റെ വികസന മുന്നേറ്റത്തിന് കൂടുതൽ വിഭവ സമാഹരണം ആവശ്യമാണെന്നും അതിനുതകുന്ന നിക്ഷേപം വരണമെന്നതിനാണ് സംസ്ഥാന സമ്മേളനം അടിവരയിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന താത്പര്യത്തിന് വിഘാതം വരാത്ത ഏത് നിക്ഷേപവും സ്വീകരിക്കുമെന്നും സംസ്ഥാന സമ്മേളന സമാപന യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന താത്പര്യം ഒരു ഘട്ടത്തിലും ബലികൊടുക്കില്ല. പ്രളയവും കൊവിഡും കാലവർഷവുമടക്കം നിരവധി പ്രതിസന്ധികൾ നമ്മൾ തരണം ചെയ്തിട്ടുണ്ട്. ഓരോ ഘട്ടത്തിലും കേരളം തകരട്ടെ എന്ന മനോഭവമാണ് കേന്ദ്രം കാട്ടിയത്. കേരളത്തിലെ ജനങ്ങളെ ശത്രുക്കളായാണ് കേന്ദ്രം കണ്ടത്. അവിടെ കരഞ്ഞിരിക്കാനല്ല, മറിച്ച് അതിജീവിക്കാനാണ് നമ്മൾ ശ്രമിച്ചത്. കേരളത്തിന്റെ പ്രത്യേകത അസാമാന്യ ശേഷിയും ഒരുമയുടെ കരുത്തുമാണ്. അതിലൂടെയാണ് വിജയകരമായി നമ്മൾ പ്രതിസന്ധികൾ തരണം ചെയ്തത്. ഇനിയും ഏറെ മുന്നോട്ടു പോകണം. കേരളത്തിന്റെ പുതുവളർച്ച അംഗീകരിക്കാൻ ലോകം തയ്യാറാകുന്നുവെന്ന് നിക്ഷേപ സംഗമത്തിൽ നാം കണ്ടതാണ്. ഒന്നേമുക്കാൽ ലക്ഷം കോടിയുടെ വാഗ്ദാനമാണ് ലഭിച്ചത്. പഠിപ്പ് കഴിഞ്ഞിറങ്ങിയാൽ ജോലി എന്ന നിലയിലേക്കാണ് സംസ്ഥാനം പോകുന്നത്. നല്ല നിലയിൽ പ്രവാസികളുള്ള നാടാണ് കേരളം. നമ്മുടെ കഞ്ഞികുടി ഉറപ്പിക്കുന്നതിന് ശരിയായി സംഭാവന ചെയ്യുന്നവരാണ് പ്രവാസികൾ. നാടിന്റെ സമ്പദ് വ്യവസ്ഥയിൽ നല്ല പുരോഗതി ഉണ്ടായിട്ടുണ്ട്.
ഏറ്രവും വിജയകരമായി സമാപിച്ച സമ്മേളനമാണിത്. എത്രമാത്രം കരുത്ത് പാർട്ടിക്ക് നേടാൻ കഴിഞ്ഞുവെന്ന് സമ്മേളനം കാണിക്കുന്നു. ശരിയായ രീതിയിൽ സി.പി.എം പ്രവർത്തിച്ച് വന്നതിന്റെ ഫലമാണ് പാർട്ടി ഈവിധം കരുത്തിലേക്ക് എത്തിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |