ഹൈദരാബാദ്: തെലങ്കാന നാഗർകുർണൂലിൽ തുരങ്കത്തിൽ കുടുങ്ങിയ എട്ട് തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. തുരങ്കത്തിലെ യന്ത്രത്തിനുള്ളിൽ കുടുങ്ങിയ നിലയിലാണ്. ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൈയും മറ്റ് ചില ഭാഗങ്ങളുമാണ് കണ്ടെത്തിയത്.
യന്ത്രം പൊളിച്ച് മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. കേരള പൊലീസിന്റെ കഡാവർ നായ്ക്കളാണ് തുരങ്കത്തിലെ മനുഷ്യസാന്നിദ്ധ്യം കണ്ടെത്തിയത്. ദേശീയ ദുരന്തനിവരാണ അതോറിട്ടിയുടെ അഭ്യർത്ഥനപ്രകാരം കഴിഞ്ഞ ദിവസമാണ് കഡാവർ നായ്ക്കളെ എത്തിച്ചത്. കഡാവർ നായ്ക്കൾ മനുഷ്യശരീരത്തിന്റെ ഗന്ധം തിരിച്ചറിഞ്ഞതായി തെലങ്കാന മന്ത്രി ഉത്തംകുമാർ റെഡ്ഡി പറഞ്ഞിരുന്നു. രക്ഷാപ്രവർത്തനത്തിനായി റോബോട്ടുകളെ വിന്യസിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശവും നൽകി.
നിലവിൽ 11 സംഘങ്ങളാണ് തെരച്ചിൽ നടത്തുന്നത്. ഫെബ്രുവരി 22നാണ് ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ ജലസേചന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചുകൊണ്ടിരുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നുവീണത്. പ്രൊജക്റ്റ്, സൈറ്റ് എൻജിനിയർമാരും ആറ് തൊഴിലാളികളും കുടുങ്ങി. തുരങ്കത്തിൽ വെള്ളവും ചെളിയും കെട്ടിക്കിടക്കുന്നതിനാൽ രക്ഷാദൗത്യം അതീവ ദുഷ്കരമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |