(1925 മാർച്ച് 12-ന് മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുദേവനുമായി ശിവഗിരിയിലെ വനജാക്ഷീ മന്ദിരത്തിൽ നടത്തിയ സംഭാഷണത്തിൽ നിന്ന്)
ഗാന്ധിജി: ഹിന്ദുക്കളുടെ പ്രമാണഗ്രന്ഥങ്ങളിൽ അയിത്താചാരം വിധിച്ചിട്ടുള്ളതായി സ്വാമിജിക്ക് അറിവുണ്ടോ?
സ്വാമി: ഇല്ല.
ഗാന്ധിജി: അയിത്തം ഇല്ലാതാക്കാൻ വൈക്കത്തു നടക്കുന്ന സത്യഗ്രഹ പ്രസ്ഥാനത്തിൽ സ്വാമിജിക്ക് അഭിപ്രായ വ്യത്യാസമുണ്ടോ?
സ്വാമി: ഇല്ല.
ഗാന്ധിജി: ആ പ്രസ്ഥാനത്തിൽ കൂടുതലായി എന്തെങ്കിലും ചേർക്കണമെന്നോ, എന്തെങ്കിലും മാറ്റം വരുത്തണമെന്നോ സ്വാമിജിക്ക് അഭിപ്രായമുണ്ടോ?
സ്വാമി: അത് ഭംഗിയായി നടക്കുന്നുണ്ടെന്നാണ് നമ്മുടെ അറിവ്. അതിൽ എന്തെങ്കിലും മാറ്റം വരുത്തണമെന്ന് അഭിപ്രായമില്ല.
ഗാന്ധിജി: അധകൃത വർഗക്കാരുടെ അവശതകൾ തീർക്കുന്നതിന് അയിത്തോച്ചാടനത്തിനു പുറമെ മറ്റെന്തെല്ലാംകൂടി വേണമെന്നാണ് സ്വാമിജിയുടെ അഭിപ്രായമെന്ന് അറിഞ്ഞാൽ കൊള്ളാം.
സ്വാമി: അവർക്ക് വിദ്യാഭ്യാസവും ധനവും ഉണ്ടാകണം. മിശ്രഭോജനമോ മിശ്രവിവാഹമോ ഉടനടി വേണമെന്ന് പക്ഷമില്ല. നന്നാകാനുള്ള സൗകര്യം മറ്റെല്ലാവർക്കുമെന്നതു പോലെ അവർക്കും ഉണ്ടാകണം.
ഗാന്ധിജി: അക്രമരഹിതമായ സത്യഗ്രഹംകൊണ്ട് ഉപയോഗമില്ലെന്നും അവകാശസ്ഥാപനത്തിന് ബലപ്രയോഗം തന്നെയാണ് വേണ്ടതെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. സ്വാമിജിയുടെ അഭിപ്രായം എന്താണ്?
സ്വാമി: ബലപ്രയോഗം നല്ലതാണെന്ന് നാം കരുതുന്നില്ല.
ഗാന്ധിജി: ഹൈന്ദവ ധർമ്മശാസ്ത്രങ്ങളിൽ ബലപ്രയോഗം വിധിച്ചിട്ടുണ്ടോ?
സ്വാമി: രാജാക്കന്മാർക്കും മറ്റും അത് ആവശ്യമാണെന്നും അവർ അതിനെ ഉപയോഗിച്ചിട്ടുണ്ടെന്നും പുരാണങ്ങളിൽ കാണുന്നുണ്ട്. എന്നാൽ, സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ബലപ്രയോഗം ന്യായമായിരിക്കുകയില്ല.
ഗാന്ധിജി: മതപരിവർത്തനം ചെയ്യണമെന്നും സ്വാതന്ത്ര്യലബ്ദ്ധിക്ക് അതാണ് ശരിയായ വഴിയെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. സ്വാമിജി അതിന് അനുവാദം നല്‍കുന്നുണ്ടോ?
സ്വാമി: മതപരിവർത്തനം ചെയ്തവർക്ക് സ്വാതന്ത്ര്യം ലഭിച്ചുവരുന്നതായി കാണുന്നുണ്ട്. അതു കാണുമ്പോൾ ജനങ്ങൾ മതപരിവർത്തനം നല്ലതാണെന്നു പറയുന്നതിൽ അവരെ കുറ്റപ്പെടുത്താനാവില്ല.
ഗാന്ധിജി: ആദ്ധ്യാത്മികമായ മോക്ഷലാഭത്തിന് ഹിന്ദുമതം മതിയാകുമെന്ന് സ്വാമിജി വിചാരിക്കുന്നുണ്ടോ?
സ്വാമി: അന്യമതങ്ങളിലും മോക്ഷമാർഗമുണ്ടല്ലോ.
ഗാന്ധിജി: അന്യമതങ്ങളുടെ കാര്യം ഇരിക്കട്ടെ. ഹിന്ദുമതം മോക്ഷപ്രാപതിക്ക് പര്യാപ്തമെന്നു തന്നെയോ സ്വാമിജിയുടെ അഭിപ്രായം?
സ്വാമി: ആദ്ധ്യാത്മികമായ മോക്ഷപ്രാപ്തിക്ക് ഹിന്ദുമതം ധാരാളം പര്യാപ്തംതന്നെ. പക്ഷേ, ലൗകികമായ സ്വാതന്ത്ര്യത്തെയാണല്ലോ ജനങ്ങൾ അധികം ഇച്ഛിക്കുന്നത്.
ഗാന്ധിജി: അയിത്താചാരവും മറ്റുംകൊണ്ടുള്ള അസ്വാതന്ത്യ്രത്തിന്റെ കാര്യമല്ലേ? അതിരിക്കട്ടെ. ആദ്ധ്യാത്മിക മോക്ഷത്തിന് മതപരിവർത്തനം ആവശ്യമെന്ന് സ്വാമിജിക്ക് അഭിപ്രായമുണ്ടോ?
സ്വാമി: ഇല്ല. ആദ്ധ്യാത്മിക മോക്ഷത്തിനായി മതപരിവർത്തനം ആവശ്യമില്ല.
ഗാന്ധിജി: ലൗകികമായ സ്വാതന്ത്യ്രത്തിനാണല്ലോ നാം പരിശ്രമിക്കുന്നത്. അത് സഫലമാകാതെ വരുമോ?
സ്വാമി: അത് സഫലമാകാതെ വരികയില്ല. അതിന്റെ രൂഢമൂലത ഓർത്താൽ പൂർണ ഫലപ്രാപ്തിക്ക് മഹാത്മജി വീണ്ടും ജനിക്കേണ്ടിവരുമെന്നുതന്നെ പറയണം.
ഗാന്ധിജി: (ചിരിച്ചുകൊണ്ട്) എന്റെ ആയുഷ്കാലത്തുതന്നെ അതു സഫലമാകുമെന്നാണ് എന്റെ വിശ്വാസം. അധ:കൃത വർഗക്കാരിൽത്തന്നെ അയിത്താചാരമുണ്ടല്ലോ. സ്വാമിജിയുടെ ക്ഷേത്രങ്ങളിൽ എല്ലാവർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടോ?
സ്വാമി: എല്ലാവർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. പുലയ സമുദായത്തിലെയും പറയ സമുദായത്തിലെയും കുട്ടികൾ മറ്റുള്ളവരോടൊപ്പം ശിവഗിരിയിൽ താമസിച്ച് പഠിച്ചുവരുന്നു. മറ്റുള്ളവരുമൊത്ത് അവർ ആരാധനകളിൽ സംബന്ധിക്കയും ചെയ്യുന്നു.
ഗാന്ധിജി: വളരെ സന്തോഷം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |