കൊച്ചി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിനുള്ളിൽ തൂപ്പുജോലിയിൽ പോലും അബ്രാഹ്മണർക്ക് വിലക്ക്. എട്ടു സ്ഥിരംജീവനക്കാരിൽ ഏഴും അമ്പലവാസി വിഭാഗക്കാരാണ്. എട്ടാമനായ ഈഴവ സമുദായത്തിൽപ്പെട്ട സ്വീപ്പർക്ക് ശ്രീകോവിലിന് മുൻവശവും സോപാനപരിസരവും വൃത്തിയാക്കാൻ അനുമതിയില്ല. സോപാനം സ്വീപ്പർ തസ്തികയിൽ പിഷാരടിയുണ്ട്. നടവഴി വൃത്തിയാക്കലും കൗണ്ടറിൽ ഇരിപ്പും മാത്രമാണ് ഈഴവ സ്വീപ്പറുടെ ദൗത്യം.
37 സ്ഥിരം തസ്തികകളിൽ പട്ടികജാതി, വർഗക്കാർ ഇല്ല. പിന്നാക്കക്കാർ നാലുപേർ മാത്രം. ഇതിൽ എഴുത്തച്ഛൻ സെക്യൂരിറ്റിയും കുടുംബി ഇലക്ട്രീഷ്യനും ഈഴവർ സ്വീപ്പറും എൽ.ഡി ക്ളാർക്കുമാണ്.
രണ്ട് എൽ.ഡി ക്ളാർക്കും മൂന്ന് പ്യൂണും ഒരു സെക്യൂരിറ്റിയുമായി ആറ് നായരുണ്ട്.
അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ 14 താത്കാലിക ജീവനക്കാരിൽ മൂന്ന് പേർ പട്ടികജാതിക്കാരുണ്ടെങ്കിലും ടോയ്‌ലറ്റ് ക്ളീനിംഗ്, പറമ്പുപണി, ഡ്രൈവർ തസ്തികകളിലാണ് ഇവർ. ബാക്കിയുള്ളവർ ഈഴവരും നായരുമാണ്.
#ഒറ്റ തന്ത്രിയാക്കാൻ നീക്കം
ഇവിടെ ആറ് തന്ത്രിമാരുണ്ട്. കഴകം വിവാദത്തെ തുടർന്ന് ഒന്നിലേക്ക് ചുരുക്കാൻ ഭരണസമിതി നിയമോപദേശം തേടിയിട്ടുണ്ട്. തരണനല്ലൂർ കുടുംബവും താവഴികളുമാണ് തന്ത്രിമാർ.
സർക്കാരിന് നാണക്കേടായി;
വീണ്ടും കഴകക്കാരനാക്കും
# പുതിയ ചുമതല മതിയെന്ന് ബാലു
ഒമ്പതംഗ ഭരണസമിതിയിൽ ആറു പേർ ഇടതുമുന്നണി നോമിനികളായിട്ടും ജാതിപിടിവാശിക്ക് വഴങ്ങിയത് സർക്കാരിന് നാണക്കേടായി. തീരുമാനത്തെ മന്ത്രി വി.എൻ.വാസവൻ നിയമസഭയിൽ തള്ളിപ്പറഞ്ഞു.
ഈഴവ സമുദായത്തിൽപ്പെട്ട ആര്യനാട് സ്വദേശിബി.വി. ബാലുവിനെ തിരികെ കഴകക്കാരനായി നിയമിക്കുമെന്ന്
ദേവസ്വം ചെയർപേഴ്സൺ അഡ്വ.സി.കെ. ഗോപി അറിയിച്ചു. നാളെ മാനേജ്മെന്റ് കമ്മിറ്റി തീരുമാനം എടുക്കും. എതിർത്താൽ തന്ത്രിമാർക്കെതിരെ നടപടി ആലോചിക്കും.
ഓഫീസ് അറ്റൻഡന്റായാണ് ബാലുവിനെ മാറ്റിയത്. അതേസമയം, പുതിയ തസ്തികയിൽ തുടരാൻ തയ്യാറാണെന്നാണ് ലീവിൽ പോയ ബാലു അറിയിച്ചിരിക്കുന്നത്.
കഴകം തസ്തികയിൽ തിരിച്ചെത്തിക്കാനുള്ള നടപടിയെ കോടതിയിൽ ചോദ്യം ചെയ്യാനാണ് തന്ത്രിമാരുടെ നീക്കം
ജാതിവിവേചനത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കൊച്ചിൻ ദേവസ്വം കമ്മിഷണറും കൂടൽമാണിക്യം എക്സിക്യുട്ടീവ് ഓഫീസറും അന്വേഷിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ അംഗം വി. ഗീത നിർദേശിച്ചു.
കൂടൽ മാണിക്യം
ദേവസ്വം ഭരണസമിതി
• ചെയർമാൻ അഡ്വ.വി.കെ.ഗോപി (സി.പി.എം).
• വി.സി. പ്രഭാകരൻ (സി.പി.എം.)
• ഡോ.എം.മുരളി (സി.പി.എം.)
• കെ.ബിന്ദു (സി.പി.എം)
• അഡ്വ.കെ.ജി.അജയകുമാർ (സി.പി.ഐ.)
• എം.കെ. രാഘവൻ (ജനതാദൾ)
• നെടുമ്പിള്ളി ഗോവിന്ദൻ നമ്പൂതിരി (തന്ത്രി പ്രതിനിധി)
• കെ.ഉഷാ നന്ദിനി (അഡ്മിനിസ്ട്രേറ്റർ )
• ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ (കമ്മിഷണർ)
സർക്കാർ ഇടപെടണം:
വെള്ളാപ്പള്ളി
കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതിഭ്രഷ്ട് കേരളത്തിന് അപമാനമാണെന്നും സർക്കാർ ഇടപെടണമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.
രാജവാഴ്ച അവസാനിച്ചിട്ടും ജാതിവിവേചനത്തിന്റെ ദുഷ്ടതയുമായി നടക്കുന്നവരെ നിലയ്‌ക്ക് നിറുത്തണം. ഒറ്റപ്പെട്ട സംഭവങ്ങൾക്ക് പിന്നിൽ ഹിന്ദുഐക്യം തകർക്കാൻ ഗൂഢലക്ഷ്യവുമായി നടക്കുന്ന കുലംകുത്തികളാണ്. കഴകം ജീവനക്കാരന് തിരിച്ചുനിയമനം നൽകുമെന്നു പറഞ്ഞതിനെ വിശ്വാസത്തിലെടുക്കുന്നതിനാൽ എസ്.എൻ.ഡി.പി. യോഗം മറ്റ് നടപടികളിലേക്ക് കടക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |