ന്യൂഡൽഹി: ഷിക്കാഗോയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനം തിരിച്ചിറക്കിയ വിവരം ഇന്നലെയാണ് പുറത്തുവന്നത്. വിമാനത്തിലുണ്ടായിരുന്ന 12 ടോയ്‌ലറ്റുകളിൽ ഭൂരിഭാഗവും ഉപയോഗിക്കാൻ സാധിക്കാതായതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. പോളിത്തീൻ ബാഗുകൾ, തുണിക്കഷ്‌ണങ്ങൾ, വസ്‌ത്രങ്ങൾ തുടങ്ങിയവ ടോയ്‌ലറ്റിലിട്ട് ഫ്ലഷ് ചെയ്‌തതോടെയാണ് ടോയ്‌ലറ്റ് ഉപയോഗിക്കാൻ സാധിക്കാതായതെന്ന് എയർഇന്ത്യ അറിയിച്ചു.
ഫ്ലൈറ്റിലുള്ള 12 ടോയ്‌ലറ്റുകളിൽ എട്ടെണ്ണവും ഇത്തരത്തിൽ ഉപയോഗശൂന്യമായിരുന്നു. യൂറോപ്പിലെ മറ്റ് വിമാനത്താവളങ്ങളിൽ ഇറങ്ങാൻ സാധിക്കാത്തതിനാൽ ഷിക്കാഗോയിലെ ഒഹെയർ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് തന്നെ മടങ്ങേണ്ടിവന്നു.
2025 മാർച്ച് അഞ്ചിന് ഷിക്കാഗോയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എഐ126 വിമാനത്തിലായിരുന്നു സംഭവം. വിമാനം പുറപ്പെട്ട് ഒരു മണിക്കൂർ നാൽപ്പത്തിയഞ്ച് മിനിട്ടിനുള്ളിലാണ് ടോയ്‌ലറ്റുകൾ പ്രവർത്തിക്കുന്നില്ല എന്ന് കണ്ടെത്തിയത്. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്താണ് യാത്രാമദ്ധ്യേ മടങ്ങാനുള്ള തീരുമാനമെടുത്തത്. ഈ സമയം വിമാനം അറ്റ്‌ലാന്റിക്ക് സമുദ്രത്തിന് മുകളിലൂടെ പറക്കുകയായിരുന്നു. സംഭവം വാർത്തയായതോടെ ഔദ്യോഗിക അറിയിപ്പുമായി എയർ ഇന്ത്യ രംഗത്തെത്തുകയായിരുന്നു.
വിമാനത്താവളത്തിലെത്തി ടോയ്‌ലറ്റുകൾ ശരിയാക്കി ഏകദേശം പത്ത് മണിക്കൂറിന് ശേഷമാണ് വിമാനം വീണ്ടും പറന്നത്. ടോയ്‌ലറ്റിൽ നിന്ന് ബ്ലാങ്കറ്റുകൾ, അടിവസ്‌ത്രങ്ങൾ, ഡയപ്പറുകൾ തുടങ്ങിയവ കണ്ടെത്തി. ടോയ്‌ലറ്റുകൾ ശരിയായ രീതിയിൽ ഉപയോഗിക്കണമെന്ന് എയർ ഇന്ത്യ പുറത്തിറക്കിയ അറിയിപ്പിൽ യാത്രക്കാർക്ക് നിർദേശവും നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |