തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ കഴിയുന്ന ശിവരഞ്ജിത്തും നസീമും ചോദ്യം ചെയ്യലുമായി ശരിയായ വിധത്തിൽ സഹകരിക്കാതിരിക്കുകയും പല ചോദ്യങ്ങൾക്കും സംശയകരമായ വിധം മറുപടി നൽകുകയും ചെയ്യുന്ന സാഹചര്യത്തിൽ സത്യം തെളിയിക്കാൻ നുണപരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് ആലോചന. കേസിലെ മൂന്നും നാലും അഞ്ചും പ്രതികളായ പ്രണവ്, സഫീർ, പൊലീസുകാരനായ ഗോകുൽ എന്നിവരെ കൂടി പിടികൂടി ചോദ്യം ചെയ്തശേഷം ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കും.
പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ രണ്ടാം റാങ്കുകാരനും തട്ടിപ്പിന്റെ സൂത്രധാരനുമായ പ്രണവ്,ഇവർക്ക് ഉത്തരങ്ങൾ എസ്.എം.എസായി കൈമാറിയ സഫീർ, പൊലീസുകാരൻ ഗോകുൽ എന്നിവർ അന്വേഷണസംഘവുമായി സഹകരിക്കുന്നതിനുസരിച്ചാകും കാര്യങ്ങൾ തീരുമാനിക്കുക. ഇവർ തട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുറന്ന് പറയാൻ തയാറാകുകയും മൊഴികൾക്ക് അനുസരിച്ച് തെളിവുകൾ കണ്ടെത്താൻ കഴിയുകയും ചെയ്താൽ പരീക്ഷാക്രമക്കേടിലെ തട്ടിപ്പുകൾ അന്വേഷണസംഘത്തിന് തെളിയിക്കാൻ കഴിയും. അല്ലാത്ത പക്ഷം നിലവിൽ പ്രതിപ്പട്ടികയിലുളള അഞ്ചുപേരെയും നുണ പരിശോധനയ്ക്ക് വിധേയരാക്കി സത്യം കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ സഫീർ ക്രൈംബ്രാഞ്ച് മുമ്പാകെ കീഴടങ്ങാനാണ് സാദ്ധ്യത.
ഗോകുലിനെ പിടികൂടാൻ രണ്ട് ദിവസം മുമ്പും ക്രൈംബ്രാഞ്ച് കല്ലറയിലെ ഇയാളുടെ വീട്ടിലും ബന്ധുവീട്ടിലും എത്തിയിരുന്നു. ഇയാൾ ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളിൽ ഒന്ന് സ്വന്തം വീട്ടിലും മറ്റൊന്ന് ബന്ധുവീട്ടിലും നിന്ന് പൊലീസ് കണ്ടെത്തി. സൈബർ പൊലീസ് സഹായത്തോടെ ഫോൺ നിരീക്ഷിച്ചാണ് ക്രൈംബ്രാഞ്ച് ഇവിടെ എത്തിയത്. പരീക്ഷാ തട്ടിപ്പിൽ ഗോകുലിന്റെ പേര് വിവരം വെളിപ്പെട്ടദിവസം രാവിലെ ഡ്യൂട്ടിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഇയാളെപ്പറ്റി യാതൊന്നും അറിയില്ലെന്നാണ് വീട്ടുകാർ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. സുഹൃത്തുക്കളുടെ വീട്ടിലുൾപ്പെടെ ഇയാൾക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മൂന്നാം പ്രതി പ്രണവും ഒളിവിലാണ്. പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ കഴിയുന്ന ശിവരഞ്ജിത്തിനെയും നസിമിനെയും അന്വേഷണ സംഘം ഇന്നലെ രാത്രിയും ആവർത്തിച്ച് ചോദ്യം ചെയ്തു. പരീക്ഷാ ദിവസം പരീക്ഷയ്ക്കും പോകും മുമ്പും ശേഷവും പാളയത്ത് തങ്ങൾ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ഇവർ വെളിപ്പെടുത്തി.
പരീക്ഷാഹാളിൽ നിന്ന് പ്രണവാണ് ചോദ്യക്കടലാസ് ഫോട്ടോയെടുത്ത് വാട്ട്സ് ആപ്പ് വഴി ഗോകുലിനും സഫീറിനും കൈമാറിയത്. ഇവർ ആരുടെയൊക്കെ സഹായത്തോടെയാണ് ഉത്തരങ്ങൾ കണ്ടെത്തി നൽകിയതെന്ന് അറിയില്ലെന്നും പരീക്ഷാഹാളിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവർക്കോ പി.എസ്.സി ജീവനക്കാർക്കോ തട്ടിപ്പുമായി ബന്ധമില്ലെന്നുമാണ് ഇരുവരും മൊഴി നൽകിയിട്ടുള്ളത്. പരീക്ഷാഹാളിൽ ഇവർക്കൊപ്പം പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികളെ ക്രൈംബ്രാഞ്ച് ഇവരെ തിരിച്ചറിയാനായി ഇന്ന് വിളിപ്പിച്ചിട്ടുണ്ട്. പരീക്ഷാ ഡ്യൂട്ടിലുണ്ടായിരുന്നവരെയും വിളിച്ചുവരുത്തും.
പരീക്ഷാഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ മൊബൈൽഫോൺ നമ്പരുകളും അന്വേഷണ സംഘം ശേഖരിച്ച് പരിശോധിക്കും. പരീക്ഷയ്ക്ക് മുമ്പോ പിമ്പോ പ്രതികൾ ഇവരുമായി ബന്ധപ്പെട്ടിരുന്നോ എന്ന് കണ്ടെത്താനാണ് ഇത്. പരീക്ഷാതട്ടിപ്പിനുപയോഗിച്ച സ്മാർട്ട് വാച്ച് ഓൺ ലൈൻ വഴി വാങ്ങിയെന്നും മൊഴി നൽകിയിട്ടുണ്ട്. ഇതും അന്വേഷണ സംഘം പരിശോധിക്കും. ശിവരഞ്ജിത്തിനെയും നസിമിനെയും തെളിവെടുപ്പ് പൂർത്തിയാക്കിയശേഷം തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |