പ്രണയമെന്നത് പലപ്പോഴും യുക്തിയെ പോലും വെല്ലുവിളിക്കുന്ന ആഴമേറിയ വികാരമാണ്. അതിനാൽതന്നെ ബുദ്ധിയുള്ള പലരും പ്രണയ ബന്ധത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നുവെന്നാണ് കണ്ടെത്തൽ. സാമുവൽ ജോൺസൺ ഒരിക്കൽ പറഞ്ഞതുപോലെ, "പ്രണയം വിഡ്ഢിയുടെ ജ്ഞാനവും ജ്ഞാനിയുടെ വിഡ്ഢിത്തവുമാണ്".
വിമർശനാത്മക ചിന്ത, പ്രശ്‌നങ്ങളിൽ പരിഹാരം കാണാനുള്ള കഴിവ്, പ്രൊഫഷനിൽ വിജയം തുടങ്ങിയ കഴിവുള്ളവർ പലപ്പോഴും പ്രണയബന്ധത്തെയും ഇതേ മനോഭാവത്തോടെ കാണാൻ ശ്രമിക്കുന്നു. ഇത് വൈകാരിക ബന്ധത്തിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം. ചെറിയ കാര്യങ്ങളിൽ പോലും അനാവശ്യമായി ചിന്തിച്ചേക്കാം. യുക്തിയും വികാരവും സന്തുലിതമാക്കാൻ ഇവർ നിരന്തരം ബുദ്ധിമുട്ടും. മാത്രമല്ല, ഇവരുടെ ചിന്താഗതി കാരണം അനുയോജ്യമായ ഒരു പങ്കാളിയെ കണ്ടെത്തുന്നത് പോലും വളരെ വെല്ലുവിളിയായി മാറും. ജീവിതത്തിലെ പല പ്രശ്‌നങ്ങൾക്കും യുക്തിയിലൂടെ പരിഹാരം കാണുമ്പോൾ വൈകാരികത അവരെ തളർത്തുന്നു. ഇക്കാരണത്താൽ ഇക്കൂട്ടർ പലപ്പോഴും സ്ഥിരതയ്‌ക്കായി സ്വയം പോരാടുകയാണ്.
ബുദ്ധി കൂടുതലുള്ള വ്യക്തികൾ പലപ്പോഴും ഒരു കാര്യത്തിന്റെ പല വശങ്ങളെക്കുറിച്ച് ചിന്തിക്കുന്നു. ഇത് അമിത ചിന്തകളിലേക്ക് നയിക്കുന്നു. എല്ലാ കാര്യത്തിലുമുള്ള അമിത ചിന്ത പ്രണയത്തിന്റെ സ്വാഭാവികത ആസ്വദിക്കുന്നതിൽ നിന്ന് അവരെ തടയും. ഇത് ബന്ധം തകരുന്നതിനും സ്വയം സംശയിക്കുന്നതിനും പോലും കാരണമായേക്കാം.
ബുദ്ധിമാന്മാരായ ആളുകൾ പലപ്പോഴും അവരുടെ പങ്കാളികളുടെ മുന്നിൽ അറിവില്ലാത്തവരായി മാറാൻ ആഗ്രഹിക്കുന്നില്ല. ബന്ധത്തിൽ ഉയർന്ന നിലവാരം പാലിക്കാൻ എപ്പോഴും അവർ ശ്രമിക്കാറുണ്ട്. വ്യക്തിപരമായ വളർച്ചയും ഇവർ ആഗ്രഹിക്കുന്നുണ്ട്. ഈ ഗുണങ്ങൾ ആവശ്യമാണെങ്കിൽ പോലും എപ്പോഴും പെർഫക്‌ട് ആകാൻ ശ്രമിക്കുന്നത് ഒരു പ്രണയ ബന്ധത്തിൽ സാധിക്കണമെന്നില്ല. ഇക്കാരണത്താൽ തന്നെ അവർ പ്രണയബന്ധം ഉപേക്ഷിക്കാനും സാദ്ധ്യതയുണ്ട്.
വൈകാരികതയേക്കാൾ യുക്തിക്ക് പ്രാധാന്യം നൽകുന്നതിനാൽ ഇവർക്ക് പങ്കാളികളുമായി വൈകാരികമായുള്ള ബന്ധം സൃഷ്‌ടിക്കാൻ ബുദ്ധിമുട്ടാണ്. ഈ അകൽച്ച തെറ്റിദ്ധാരണകൾക്ക് പോലും വഴിവച്ചേക്കാം. ഒരു ബന്ധത്തിൽ പ്രതിബദ്ധത കാണിക്കുന്നതിനും ഇവർക്ക് താൽപ്പര്യമുണ്ടാകില്ല. കാരണം, ഭാവിയിൽ വരാൻ പോകുന്ന പല വെല്ലുവിളികളെക്കുറിച്ചും കാര്യമായി ചിന്തിക്കുന്നവരാണ് ഇവർ. വൈകാരികമായി ആശ്രയിക്കുക, വ്യക്തിത്വം നഷ്ടപ്പെടൽ തുടങ്ങിയവ ഉണ്ടാകുമോ എന്ന ഭയത്താൽ ഒരു ബന്ധം ആരംഭിക്കാൻ പോലും ഇവർക്ക് ഭയമാണ്.
പല ബുദ്ധിമാന്മാർക്കും അവരുടെ കഴിവിനും ജിജ്ഞാസയ്ക്കും അനുയോജ്യമായ ഒരു പങ്കാളിയെ കണ്ടെത്തുന്നത് അൽപ്പം വെല്ലുവിളി നിറഞ്ഞ കാര്യമാണ്. മാത്രമല്ല, ബന്ധങ്ങൾ ആരംഭിക്കുന്നതിനും അവ നിലനിർത്തുന്നതിനും അവരുടെ സ്വഭാവത്തിലെ ഈ പ്രത്യേകത ബുദ്ധിമുട്ടുണ്ടാക്കിയേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |