കൊച്ചി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഭക്തർക്ക് തീർത്ഥമായി നൽകുന്നത് തന്ത്രിമാരും ശാന്തിക്കാരും കുളിക്കുന്ന കുളത്തിലെ വെള്ളം. ഇതാണ് ഭക്തർ കുടിക്കുകയും ശിരസിൽ തളിക്കുകയും ചെയ്യുന്നത്. അതേസമയം, തന്ത്രിമാരും പൂജാരിമാരും കഴകക്കാരും ദേവസ്വം ജീവനക്കാരും തീർത്ഥക്കുളത്തിലെ വെള്ളം കുടിക്കാറില്ല. ഭരതവിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്നതും ഈ ജലം.
ശ്രീകോവിലിൽ പ്രവേശിക്കും മുമ്പ് തന്ത്രിമാരും മറ്റ് പൂജാരിമാരും തീർത്ഥക്കുളത്തിലാണ് മുങ്ങുന്നത്. ഇവർക്ക് പ്രവേശിക്കാൻ മാത്രമാണ് സെക്യൂരിറ്റിക്കാർ ഗേറ്റ് തുറന്ന് നൽകുക. മറ്റു ക്ഷേത്രങ്ങളിൽ ചുറ്റമ്പലത്തിനുള്ളിൽ ശ്രീകോവിലിലെ ആവശ്യത്തിനായി മാത്രം കിണറുണ്ട്. കൂടൽമാണിക്യത്തിൽ അതില്ല.
'ജാതിശുദ്ധി' പാലിച്ചാണ് കുളം ദേവസ്വം സംരക്ഷിക്കുന്നത്. ഈ കുളത്തിനരികിലെ പുല്ലുവെട്ടാൻ പോലും പിഷാരടിക്കാണ് അവകാശമെന്ന് ഇന്നലെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ബ്രാഹ്മണർക്കും അമ്പലവാസികൾക്കും മാത്രമാണ് കുളത്തിലേക്ക് പ്രവേശനം. ഇവർ കുളിക്കുന്ന കടവിൽ നിന്ന് വെള്ളം കുടത്തിൽ കോരിയെടുത്ത് ശ്രീകോവിലിന് മുന്നിൽ എത്തിക്കുന്ന ചുമതല വാര്യർമാർക്കാണ്.
എതിർത്ത് ഒരു തന്ത്രി, അവഗണിച്ച് 5 പേർ
ഏതാനും വർഷം മുമ്പ് ആറ് തന്ത്രിമാരിൽ മുതിർന്ന ഒരാൾ തീർത്ഥക്കുളത്തിലെ ജലം ശ്രീകോവിലിൽ ഉപയോഗിക്കുന്നതിലും തീർത്ഥമായി നൽകുന്നതിലും എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും മറ്റ് അഞ്ച് തന്ത്രിമാരും അനുകൂലിച്ചില്ല. കുളത്തിലോ ക്ഷേത്രത്തിനുള്ളിലോ ശ്രീകോവിലിലെ ആവശ്യത്തിനായി പ്രത്യേകം കിണർ നിർമ്മിക്കണമെന്നാണ് അദ്ദേഹം നിർദ്ദേശിച്ചത്. മറ്റ് തന്ത്രിമാരുടെ എതിർപ്പുണ്ടായശേഷം അദ്ദേഹം ക്ഷേത്രത്തിൽ എത്തിയിട്ടില്ല. കുടുംബത്തിലെ അംഗങ്ങളാണ് വരുന്നത്.
'ബോർഡ് നിയമിച്ച ബാലു തന്നെ കഴകം ജോലി ചെയ്യണം"
കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമിച്ച ബാലുവിനെ മാറ്റിയതിനെക്കുറിച്ച് വകുപ്പിനോട് റിപ്പോർട്ട് തേടിയെന്നും നടപടികളെടുക്കുമെന്നും മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ പറഞ്ഞു. കഴകക്കാരനെ മാറ്റിയത് ദേവസ്വം പ്രസിഡന്റല്ല, അഡ്മിനിസ്ട്രേറ്ററാണ്. ബാലുവിനെ ഓഫീസ് അറ്റൻഡന്റ് ജോലിയിലേക്ക് മാറ്റിയതിൽ വിശദീകരണം തേടിയിട്ടുണ്ട്. കഴകം തസ്തികയിൽ ജീവനക്കാരെ നിയോഗിക്കുന്നതിന്
2003ലെ റഗുലേഷൻ പ്രകാരം രണ്ട് തസ്തികകളുണ്ട്. നിയമനത്തിനും വ്യവസ്ഥകളുണ്ട്. 1025+ഡി.എ ശമ്പള സ്കെയിലുള്ള കഴകം തസ്തികയിലേക്ക് തന്ത്രി നിർദ്ദേശിക്കുന്ന വ്യക്തിയേയും, 1300-1880 ശമ്പള സ്കെയിലുള്ള കഴകത്തെ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡുമാണ് നിയമിക്കുന്നത്. ആദ്യത്തെ സ്കെയിലുള്ളയാൾ ക്ഷേത്രത്തിലെ സേവനത്തിലില്ല. ഈ ജോലികൾക്ക് തന്ത്രിമാരുടെ നിർദ്ദേശമനുസരിച്ച് താല്ക്കാലികക്കാരെ നിയമിച്ചിട്ടുണ്ട്. രണ്ടാമത്തെ കഴകം തസ്തികയിലേക്ക് ഫെബ്രുവരി 24നാണ് റിക്രൂട്ട്മെന്റ് ബോർഡ് വഴി ബാലുവിനെ നിയമിച്ചത്. ഇതിലാണ് തന്ത്രിമാർ വിയോജിപ്പ് രേഖപ്പെടുത്തിയത്.
കൂടൽമാണിക്യം ദേവസ്വം എംപ്ലോയീസ് റഗുലേഷൻ ആക്ടിലെ നാലാം ഖണ്ഡിക പ്രകാരം രണ്ടാം കഴകം തസ്തികയിലേക്ക് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നിയമിതനായ വ്യക്തി തന്നെ അവിടെ നിഷ്കർഷിച്ചിരിക്കുന്ന ജോലി നിർവഹിക്കണം. ഇതാണ് സർക്കാർ നിലപാട്. ഇത് അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൂടൽമാണിക്യം ദേവസ്വം ചെയർമാനും വ്യക്തമാക്കിയിട്ടുണ്ടന്നും എ.പി.അനിൽകുമാറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
പരാതിക്കാരനെതിരേ കേസെടുക്കണം: അനിൽകുമാർ
ബാലുവിനെതിരേ പരാതി നൽകിയ തന്ത്രിമാർക്കെതിരേ ക്രിമിനൽ കേസെടുക്കണമെന്ന് എ.പി.അനിൽകുമാർ ആവശ്യപ്പെട്ടു. തൊട്ടുകൂടായ്മ നിരോധിച്ചതാണ്. പരാതിക്ക് ദേവസ്വം അനുകൂലമാവുകയും ബാലുവിനെ സ്ഥലംമാറ്റുകയുമായിരുന്നു. ഇത് അങ്ങേയറ്റം തെറ്റാണ്. ഇതേച്ചൊല്ലി ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തിയെങ്കിൽ അവർക്കെതിരെയും നടപടിയെടുക്കണം- അനിൽകുമാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |