തിരുവനന്തപുരം: തലസ്ഥാനം ഇന്ന് പൊങ്കാലയുടെ അനശ്വരപുണ്യം പകരുന്ന യാഗശാലയാവും. സ്ത്രീലക്ഷങ്ങൾ അടുപ്പുകൂട്ടി ആറ്റുകാലമ്മയ്ക്ക് നിവേദ്യമർപ്പിക്കാൻ കാത്തിരിക്കുന്നു. പാതയോരങ്ങളും വീട്ടുമുറ്റങ്ങളുമെല്ലാം ഭക്തിസാന്ദ്രമായി. രാവിലെ 10.15ന് ദേവീചൈതന്യം അഗ്നിനാളമായി നാടാകെ നിറയും. ആറ്റുകാലമ്മയുടെ മാഹാത്മ്യത്തിൽ അനന്തപുരി പുണ്യനഗരമാവും.
ശർക്കരപ്പായസം, വെള്ളപ്പൊങ്കാല, കടുംപായസം, തെരളി, മണ്ടപ്പുറ്റ് എന്നിങ്ങനെ അമ്മയ്ക്ക് ഇഷ്ടവിഭവങ്ങൾ ഒരുക്കാൻ കാത്തിരിക്കുകയാണ് ഭക്തലക്ഷങ്ങൾ. കുടിവെള്ളവും ഭക്ഷണവും നൽകാൻ പ്രദേശവാസികളും സന്നദ്ധ സംഘടനകളും മത്സരിക്കുന്നു. എല്ലാം മംഗളമാക്കാൻ പൊലീസും ഫയർഫോഴ്സും ആരോഗ്യവകുപ്പും നഗരസഭയും സർവസജ്ജം.
ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയ നാൾതൊട്ട് വ്രതമനുഷ്ഠിച്ച് ശുദ്ധിനേടിയ ശരീരവും മനസുമായാണ് ഏവരുടെയും വരവ്. സ്വകാര്യ വാഹനങ്ങളിലും ബസിലും ട്രെയിനിലുമായെത്തിയ അന്യജില്ലക്കാർ ഇന്നലെ വൈകിട്ടോടെ പ്രധാന റോഡുകളും ഇടവഴികളും കൈയടക്കി. തമിഴ്നാട്, കർണ്ണാടകം, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നും ഭക്തർ എത്തിയിട്ടുണ്ട്. ഒപ്പം വിദേശികളും.
നിവേദ്യം ഉച്ചയ്ക്ക് 1.15ന്
രാവിലെ 10.15ന് തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരി ശ്രീകോവിലിൽ നിന്ന് ദീപം പകരും
തുടർന്ന് മേൽശാന്തി വി.മുരളീധരൻ നമ്പൂതിരി വലിയതിടപ്പള്ളിയിലെ അടുപ്പ് കത്തിക്കും
സഹ മേൽശാന്തി പണ്ടാര അടുപ്പിലേക്ക് ദീപം പകരും
ചെണ്ടമേളവും മൈക്കിലൂടെ അറിയിപ്പും കേട്ടശേഷമേ ഭക്തർ അടുപ്പുകളിൽ തീപകരാവൂ
1.15ന് നിവേദ്യം. 300ലേറെ ശാന്തിക്കാർ തീർത്ഥം തളിക്കാൻ അണിനിരക്കും
നിവേദ്യ സമയത്ത് സെസ്ന വിമാനത്തിൽ നിന്ന് പുഷ്പവൃഷ്ടിയുണ്ടാവും
രാത്രി 7.45ന് കുത്തിയോട്ടത്തിന് ചൂരൽകുത്ത്, 11.15ന് പുറത്തെഴുന്നള്ളത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |