SignIn
Kerala Kaumudi Online
Thursday, 20 November 2025 10.48 PM IST

കേന്ദ്രവുമായുള്ള അനുനയ നീക്കം ഗുണം ചെയ്യും

Increase Font Size Decrease Font Size Print Page
pinarayi

കേന്ദ്ര സർക്കാരുമായി പല കാര്യങ്ങളിലും ഇടഞ്ഞുനിൽക്കുന്ന കേരളത്തിലെ ഇടതുമുന്നണി സർക്കാർ ഏറ്റുമുട്ടലിന്റെ പാത ഉപേക്ഷിച്ച് അനുനയത്തിലൂടെ ആവശ്യങ്ങൾ നേടിയെടുക്കാൻ നടത്തുന്ന ശ്രമത്തിന്റെ ആദ്യ പടിയായി വേണം,​ കഴിഞ്ഞ ദിവസം ഡൽഹിയിലെ കേരള ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനും തമ്മിൽ നടന്ന കൂടിക്കാഴ്ചയെ കാണാൻ. ഈ കൂടിക്കാഴ്ചയുടെ ഏറ്റവും വലിയ സവിശേഷത സംസ്ഥാന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും അതിൽ പങ്കെടുത്തുവെന്നതാണ്. ഗവർണറും സർക്കാരും തമ്മിൽ ഭിന്നധ്രുവങ്ങളിൽ നിന്ന് പരസ്പരം പോരടിക്കുന്നതാണ് കഴിഞ്ഞ കുറെ നാളുകളായി കണ്ടുവന്നിരുന്നത്. ഗവർണർ ആരിഫ് മുഹമ്മദ്‌ഖാൻ ഇവിടെ നിന്ന് സ്ഥലം മാറിപ്പോയതിനു ശേഷം നിയമിതനായ ആർലേക്കർ സംസ്ഥാന സർക്കാരുമായി നല്ല ബന്ധമാണ് പുലർത്തുന്നത്.

സംസ്ഥാനം നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങൾക്ക് തന്നാലാവും വിധം പിന്തുണയും സഹായവും നൽകാൻ അദ്ദേഹം മുന്നോട്ടുവരുന്നുണ്ട്. ഇതെല്ലാം വളരെ നല്ല ലക്ഷണമാണ്. ഏറ്റുമുട്ടലുകളിലൂടെയല്ല,​ പരസ്പര വിശ്വാസത്തിലും സഹകരണത്തിലും ഉ‌ൗന്നിയുള്ള സമീപനമാണ് സംസ്ഥാനത്തിന് ഗുണകരമെന്ന് സർക്കാരും മനസിലാക്കിത്തുടങ്ങിയതും അഭിനന്ദനീയമാണ്. കേരള ഹൗസിൽ സംസ്ഥാന ഗവർണറോടും മുഖ്യമന്ത്രിയോടുമൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ മുഖ്യമന്ത്രി മുന്നോട്ടുവച്ച ആവശ്യങ്ങൾ ക്ഷമയോടെ കേട്ടു. മുഖ്യമന്ത്രിയെ പിന്തുണച്ചുകൊണ്ട് ഗവർണറും സംഭാഷണങ്ങളിൽ പങ്കെടുത്തത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവമായിരുന്നു. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അനുഭാവപൂർവം തന്നെ പരിഗണിക്കാമെന്ന് കേന്ദ്ര ധനമന്ത്രി ഉറപ്പുനൽകിയെന്നാണ് റിപ്പോർട്ട്.

മന്ത്രിമാർ സാധാരണ നൽകാറുള്ള അനുഭാവ ഉറപ്പിനപ്പുറം,​ കാര്യങ്ങൾ നടന്നുകിട്ടാനുള്ള നടപടികളാണ് വേണ്ടത്. അക്കാര്യത്തിൽ കേന്ദ്ര മന്ത്രിയുടെ മേൽ സദാ സമ്മർദ്ദം ചെലുത്താനുള്ള സംവിധാനം കൂടി ഒരുക്കേണ്ടതുണ്ട്. കേന്ദ്രത്തെ സദാ കുറ്റപ്പെടുത്തുന്നതുകൊണ്ടോ സാമ്പത്തിക കാര്യങ്ങളിൽ സംസ്ഥാനത്തെ അവഗണിക്കുന്നതിനെതിരെ കോടതിയിൽ കേസിനു പോയതുകൊണ്ടോ ഫലമൊന്നുമില്ലെന്ന് സർക്കാരിന് ഇതിനകം ബോദ്ധ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക വിഹിതം വെട്ടിക്കുറച്ചത് ചോദ്യം ചെയ്‌തുകൊണ്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി ഇപ്പോഴും അവിടെക്കിടക്കുകയാണ്. ഇത്തരം വിഷയങ്ങളിൽ കേന്ദ്രം പുലർത്തുന്ന ചില മാനദണ്ഡങ്ങളുണ്ട്. കേന്ദ്രത്തിന്റെ അവകാശങ്ങളിൽപ്പെട്ട കാര്യമാണത്. അഭിഭാഷകർക്ക് കനപ്പെട്ട ഫീസ് നൽകാമെന്നല്ലാതെ കേസിലൂടെ വല്ലതും നേടിയെടുക്കാൻ സാദ്ധ്യതകൾ കുറവാണ്. അതിവേഗ റെയിൽപ്പാത മുതൽ വയനാട് പുനരധിവാസം വരെ കേന്ദ്രമന്ത്രിയുമായുള്ള ചർച്ചയിൽ ഇടം പിടിച്ചു.

വയനാട് പുനരധിവാസത്തിന് കേന്ദ്രം പലിശയില്ലാ വായ്പയായി അനുവദിച്ച 529 കോടി രൂപ വിനിയോഗിക്കുന്നതിനുള്ള കാലപരിധി ദീർഘിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ച് 31-നു മുമ്പ് ഈ തുക പൂർണമായും വിനിയോഗിക്കാനാവില്ലെന്ന വസ്തുത കേന്ദ്രമന്ത്രിക്കും അറിയാവുന്നതാണ്. അതുകൊണ്ടുതന്നെ,​ കാലപരിധി നീട്ടിക്കിട്ടുമെന്ന് ന്യായമായും പ്രതീക്ഷിക്കാം. തുടർ ചർച്ചകൾ ഇനി ഉദ്യോഗസ്ഥ തലത്തിലാകും. കേന്ദ്രവുമായി നിരന്തരം നടക്കുന്ന ആശയവിനിമയത്തിലൂടെ സംസ്ഥാനത്തിന്റെ ആവശ്യങ്ങളിൽ വേഗത്തിൽ തീരുമാനങ്ങളെടുക്കാൻ സാധിക്കും. നിലവിൽ ഇത്തരം ലെയ്‌സൺ ജോലിയുടെ അഭാവമാണ് തെറ്റിദ്ധാരണയിലേക്കും കാലതാമസത്തിലേക്കും കാര്യങ്ങൾ എത്തിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾ യാഥാർത്ഥ്യ ബോധത്തോടെ കാണുന്ന പ്രഗത്ഭ ധനമന്ത്രിയാണ് കേന്ദ്രത്തിലുള്ളത്. ഈ സാദ്ധ്യത വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ സംസ്ഥാനത്തിനാകും. മുഖ്യമന്ത്രി ഇപ്പോൾ നടത്തിയതുപോലുള്ള നയതന്ത്ര നീക്കങ്ങൾ ഇടയ്ക്കിടെ ഉണ്ടാകണം. സൗഹൃദപൂർണമായ കൂടിക്കാഴ്ചകൾ തീർച്ചയായും സംസ്ഥാനത്തിനു പ്രയോജനം ചെയ്യും.

TAGS: CMPINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.