മുംബയിൽ 60ാം പിറന്നാൾ ആഘോഷത്തിനിടെ തന്റെ പുതിയ പ്രണയവിവരം പങ്കുവച്ച് ബോളിവുഡ് താരം അമീർ ഖാൻ, വാർത്താ സമ്മേളനത്തിനിടെയാണ് നടൻ തന്റെ കാമുകി ഗൗരിയെ മാദ്ധ്യമങ്ങൾക്ക് പരിചയപ്പെടുത്തിയത്. വർഷങ്ങളായി പരിചയമുള്ള ഗൗരിയുമായി പ്രണയത്തിലാണെന്ന് അമീർ ഖാൻ പറഞ്ഞു. 25 വർഷത്തിലേറെയായി ഗൗരിയെ അറിയാമെന്നും ഒരു വർഷമായി പ്രണയത്തിലാണെന്നും അമീർ ഖാൻ വ്യക്തമാക്കി.
ബെംഗളുരു സ്വദേശിയായ ഗൗരി നിലവിൽ അമീർ ഖാന്റെ പ്രൊഡക്ഷൻ കമ്പനിയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. ആറു വയസുള്ള ഒരു മകനുള്ള ഗൗരിക്കൊപ്പം ലിവിംഗ് ടുഗദറിലാണെന്നും താരം വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം സൽമാൻഖാനെയും ഷാരൂഖ് ഖാനെയും ഗൗരിയ്ക്ക് പരിചയപ്പെടുത്തി. ഗൗരി തന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായും അവർ തങ്ങളുടെ ബന്ധത്തിൽ സന്തുഷ്ടരാണെന്നും അമീർ ഖാൻ പറഞ്ഞു. പുതിയ ബന്ധത്തിൽ സന്തോഷവാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭുവൻ കോ അപ്നാ ഗൗരി മിൽ ഗയി എന്നും അമീർ ഖാൻ പറഞ്ഞു. പ്രശസ്തമായ ലഗാൻ എന്ന ചിത്രത്തിൽ അമീർ ഖാൻ അവതരിപ്പിച്ച ഭുവനെ പ്രണയിക്കുന്ന ഗൗരി എന്ന കഥാപാത്രത്തെ ഗ്രേസി സിംഗാാണ് അവതരിപ്പിച്ചത്. ഗൗരിക്ക് വേണ്ടി കഭി കഭി മേരെ ദിൽ മേം എന്ന ഗാനവും അമീർ ആലപിച്ചു.
ഗൗരിയുമായി അമീർ ഡേറ്റിങ്ങിലാണെന്ന് നേരത്തെ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ അന്ന് അമീറും താരത്തിന്റെ ബന്ധുക്കളും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല,. അമീർ ഖാൻ മുൻപ് രണ്ടു വിവാഹം കഴിച്ചിട്ടുണ്ട്, റീന ദത്തയായിരുന്നു ആദ്യ ഭാര്യ . 1986ൽ വിവാഹിതരായ ഇവർ 2002ൽ വേർപിരിഞ്ഞു. ഇവർക്ക് ജുനൈദ്, ഇറ എന്നിങ്ങനെ രണ്ടുമക്കളുണ്ട്. 2001ൽ ലഗാന്റെ സെറ്റിൽ വച്ചാണ് സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്ന കിരൺ റാവുവിനെ അമീർ പരിചയപ്പെടുന്നത്. 2005ൽ ഇവർ വിവാഹിതരായി. ഈ ബന്ധത്തിൽ ആസാദ് എന്നൊരു മകനുണ്ട്. 2021ൽ അമീറും കിരണും വേർപിരിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |