തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിയ ഡി.ജി.പിയും അനുമതി നല്കിയ മുഖ്യമന്ത്രിയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വായ് മൂടിക്കെട്ടുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി പ്രസ്താവിച്ചു.
പ്രോസിക്യൂട്ട് ചെയ്ത് കോൺഗ്രസിനെ നിശ്ശബ്ദമാക്കാമെന്ന് കരുതിയാൽ കേരളത്തിൽ നടപ്പില്ല. നരേന്ദ്രമോദിയുടെ അതേ വഴികളിലൂടെയാണ് പിണറായി വിജയൻ സഞ്ചരിക്കുന്നത്. ഈ സർക്കാർ അധികാരമേറ്റശേഷം 30 രാഷ്ട്രീയ കൊലപാതകങ്ങൾ, നിരവധി ലോക്കപ്പ് മരണങ്ങൾ, ഉരുട്ടിക്കൊലകൾ, സി.പി.ഐ നേതാക്കൾ ഉൾപ്പെടെയുള്ള പൊതുപ്രവർത്തകരെ മർദ്ദിച്ചൊതുക്കൽ തുടങ്ങിയ കിരാതമായ പൊലീസ് നടപടികളാണ് കേരളം കണ്ടത്. ഇതിനെതിരെ ഡി.ജി.പിയെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിക്കും. അത് തടയാൻ ഒരു പ്രോസിക്യൂഷൻ നടപടിക്കും സാധിക്കില്ല.
സി.പി.എമ്മുകാരെയും പാർട്ടിക്കു വേണ്ടപ്പെട്ടവരെയും വഴിവിട്ട് സംരക്ഷിച്ച നിരവധി പൊലീസ് നടപടികളുണ്ടായിട്ടുണ്ട്. ഈ പൊലീസിനെ വെള്ളപൂശാൻ കഴിയില്ല. കെ.പി.സി.സി പ്രസിഡന്റിനെതിരായ ഏതൊരു നീക്കവും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |