കൊച്ചി: കടയ്ക്കൽ ക്ഷേത്ര ഉത്സവ ഗാനമേളയ്ക്കിടെ വിപ്ലവ ഗാനങ്ങൾ ആലപിച്ച സംഭവത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അവിടെ ഒരു സംഘർഷമുണ്ടാക്കി ബിജെപിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കുകയാണോ അവരുടെ ലക്ഷ്യമെന്ന് വി ഡി സതീശൻ ചോദിച്ചു. കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിൽ പാർട്ടി ചിഹ്നങ്ങൾ പ്രദർശിപ്പിച്ച് സിപിഎം, ഡിവൈഎഫ്‌ഐ പ്രചാരണ ഗാനങ്ങൾ പാടിയതാണ് വിവാദമായത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുളള ക്ഷേത്രത്തിൽ ഗായകൻ അലോഷി അവതരിപ്പിച്ച സംഗീത പരിപാടിയാണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്.
'കടയ്ക്കൽ ക്ഷേത്രത്തിൽ പുഷ്‌പനെ അറിയാമോ എന്ന ഗാനമേള നടത്തി. എന്നിട്ട് പിന്നിലുള്ള വീഡിയോ വാളിൽ അരിവാൾ ചുറ്റിക നക്ഷത്രവും ഡിവൈഎഫ്‌ഐയും സിപിഎമ്മുമൊക്ക തെളിയുന്നു. നാണംകെട്ട പാർട്ടിയാണിത്. അവിടെ ഒരു സംഘർഷമുണ്ടാക്കി ബിജെപിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കുക എന്നതാണോ ഇവരുടെ ലക്ഷ്യം? ഇവനൊന്നും പാട്ട് പാടാൻ വേറെ സ്ഥലമില്ലേ? അമ്പലത്തിലെ ഗാനമേളയിൽ ഭക്തരോടാണോ പുഷ്‌പനെ അറിയാമോ എന്ന് ചോദിക്കുന്നത്? ഇവരോടൊക്കെ വേറെ പണി നോക്കാൻ പറയണം. ഇവർ ഏത് ലോകത്താണ് ജീവിക്കുന്നത്? അധികാരത്തിന്റെ അഹങ്കാരം തലയ്ക്ക് പിടിച്ചതാണ് പ്രശ്നം'- വി ഡി സതീശൻ പറഞ്ഞു.
കടയ്ക്കൽ ക്ഷേത്ര ഉത്സവ ഗാനമേളയ്ക്കിടെ വിപ്ലവ ഗാനങ്ങൾ ആലപിച്ച സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം നടത്താൻ ഒരുങ്ങുകയാണ്. ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ആണ് ഇക്കാര്യം അറിയിച്ചത്. റിപ്പോർട്ട് ലഭിച്ചാൽ ആർക്കെതിരെ ആയാലും അന്വേഷണം ഉണ്ടാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ദേവസ്വം വിജിലൻസ് എസ് പിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ദേവസ്വത്തിന് രാഷ്ട്രീയമില്ല. കോടതിയിലും സർക്കാരിന് മുൻപിലും നിലപാട് അറിയിക്കും. വിഷയം ദേവസ്വം ബോർഡ് യോഗം ചേർന്ന് ചർച്ച ചെയ്യും. രാഷ്ട്രീയ പാർട്ടിയുടെ കൊടിയോ ചിഹ്നമോ ക്ഷേത്രപരിസരത്ത് ഉപയോഗിക്കാൻ പാടില്ലെന്നതിനെക്കുറിച്ച് കോടതി വിധിയുണ്ട്. ഇക്കാര്യത്തിൽ വിട്ടുവീഴ്ച വരുത്താതെ മുന്നോട്ടുപോകും. ഉപദേശക സമിതിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം നടപടികളിലേക്ക് കടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ പ്രേക്ഷകരുടെ ആവശ്യപ്രകാരമാണ് പാട്ട് പാടിയതെന്നും വിവാദങ്ങൾ അനാവശ്യമാണെന്നുമാണ് ഉത്സവകമ്മിറ്റി പ്രതികരിച്ചത്. ഉത്സവത്തിന്റെ ഒമ്പതാം ദിവസമായ മാർച്ച് പത്തിനാണ് അലോഷിയുടെ പരിപാടി നടന്നത്. ഗായകൻ പാടുന്നതിനോടൊപ്പം എൽഡിഎഫിന്റെ ചിഹ്നവും കൊടികളും എൽഇഡി വാളിൽ പ്രദർശിപ്പിച്ചതാണ് വിവാദമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |