തൃശൂർ: ലൈംഗികാരോപണത്തിന്റെ പേരിൽ അച്ചടക്ക നടപടിക്ക് വിധേയനായ ഡി.വൈ.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി എൻ.വി.വൈശാഖനെ പാർട്ടിയിൽ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കൾ രംഗത്ത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞ
ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം.
ലൈംഗികാരോപണം നേരിട്ട കോൺഗ്രസിലെ രാഹുൽ മാങ്കൂട്ടം എം.എൽ.എയ്‌ക്കെതിരേ ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും സമരത്തിനിറങ്ങുമ്പോൾ, ഏതാണ്ട് സമാന വിഷയത്തിൽ അച്ചടക്ക നടപടി നേരിട്ട നേതാവിനെ തിരിച്ചെടുക്കുന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കുമെന്നായിരുന്നു യോഗത്തിലെ വിമർശനം. ഇത്
ചെവിക്കൊള്ളാതെയാണ് വൈശാഖനെ കൊടകര ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കാൻ
തീരുമാനിച്ചത്. വനിതാ നേതാവിന്റെ പരാതിയിലാണ് വൈശാഖനെ രണ്ട് വർഷം മുമ്പ് സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും എല്ലാ പദവികളിൽ നിന്നും നീക്കിയത്. വിഷയത്തിൽ അന്വേഷണം നടത്തിയെങ്കിലും വിശദാംശങ്ങൾ പുറത്തു വിടാൻ നേതാക്കൾ തയ്യാറായില്ല.
ഡി.വൈ.എഫ്.ഐ സമരങ്ങളിൽ മുന്നണി പോരാളിയായിരുന്ന വൈശാഖനെതിരായ ലൈംഗികാരോപണം പാർട്ടിയെയും വെട്ടിലാക്കിയിരുന്നു. പാർട്ടി ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിൽ അച്ചടക്ക നടപടി നേരിട്ട ഡി.വൈ.എഫ്.ഐ മുൻ നേതാവ് പി.ബി.അനൂപിനെ കുന്നംകുളം ഏരിയാ കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |