തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ പ്രവർത്തകർ നടത്തുന്ന രാപകൽ സമരം 35-ാം ദിവസത്തിലേക്ക്. നാളെ സെക്രട്ടേറിയറ്റ് ഉപരോധിക്കുമെന്ന് പ്രവർത്തകർ അറിയിച്ചു.
അതേസമയം, നാളെ ആശമാരുടെ പരിശീലന പരിപാടി നടത്താൻ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ അധികൃതർക്ക് ആരോഗ്യ വകുപ്പ് ജില്ലാ പ്രോഗ്രാം മാനേജർ നോട്ടീസ് അയച്ചു. പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാൻ, പാലിയേറ്റീവ് കെയർ ഗ്രിഡ് എന്നിവയെ സംബന്ധിച്ച പരിശീലനം നൽകണമെന്നാണ് നിർദ്ദേശം. എല്ലാ ആശാ പ്രവർത്തകരെയും പരിശീലനത്തിൽ പങ്കെടുപ്പിക്കണമെന്നും പരിശീലനം ലഭിച്ചവരുടെ ഡേറ്റ ബേയ്സ് തയ്യാറാക്കുന്നതിനായി ഹാജർ നില മെഡിക്കൽ ഓഫീസർ പരിശോധിച്ച് അന്നേദിവസം തന്നെ ജില്ലാ തലത്തിലേക്ക് അയയ്ക്കണമെന്നും അറിയിപ്പിൽ പറയുന്നു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പരിശീലനം. ഇന്ന് അവധിയായതിനാൽ ഇന്നലെ ഉച്ചയോടെ നോട്ടീസ് അയയ്ക്കുകയായിരുന്നു.
സമരത്തിൽ പങ്കെടുക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണെന്നും നാളെ പ്രത്യേക ജോലികൾ നിശ്ചയിച്ചു നൽകിയും യോഗങ്ങൾ വിളിച്ചും സമരത്തിലെ പങ്കാളിത്തം കുറയ്ക്കാൻ വ്യാപക ശ്രമങ്ങൾ നടക്കുകയാണെന്നും ആശാ പ്രവർത്തകർ ആരോപിച്ചു.
ആശമാരുടെ സമരം അനാവശ്യം: ഇ.പി.ജയരാജൻ
തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരം അനാവശ്യമെന്ന് ഇ.പി.ജയരാജൻ. ആശമാർക്ക് ഓണറേറിയം പോലും നൽകിയിരുന്നില്ല, സേവന മേഖലയായിരുന്നു. വേതനവും ആനുകൂല്യങ്ങളും വർദ്ധിപ്പിച്ച് 7,000 രൂപയിലേക്കെത്തിച്ചത് എൽ.ഡി.എഫ് സർക്കാറാണെന്നും അദ്ദേഹം പറഞ്ഞു.''ദുഷ്ടബുദ്ധികളുടെ തലയിൽ ഉദിച്ച സമരമാണിത്. തെറ്റിദ്ധരിപ്പിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ കൊണ്ടുവന്നിരുത്തി അനാവശ്യമായി സ്ത്രീകളെ ബുദ്ധിമുട്ടിക്കുകയാണ്. എത്രയും പെട്ടെന്ന് അവർ ചെയ്യേണ്ടത് സമരം അവസാനിപ്പിക്കുകയാണ്. ഈ സമരം രാഷ്ട്രീയലക്ഷ്യത്തോടുകൂടി ചിലരുടെ ബുദ്ധിയിലുദിച്ചുവന്നതാണ്. അതിനാൽ ഞങ്ങൾക്കൊരിക്കലും അംഗീകരിക്കാൻ കഴിയില്ല'' – ഇ.പി. ജയരാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |