തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ ജാതി വിവേചനം നേരിട്ട തിരുവനന്തപുരം ആര്യനാട് സ്വദേശി വിഎ ബാലു ജോലിയിൽ തിരികെ പ്രവേശിച്ചില്ല. അവധി നീട്ടി ചോദിച്ച് ബാലു ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലെ ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർക്ക് കത്ത് നൽതി. 15 ദിവസത്തേക്കാണ് അവധി നീട്ടി ചോദിച്ചത്. ശാരീരിക ബുദ്ധിമുട്ട് ഉള്ളതിനാൽ യാത്ര ചെയ്യാൻ കഴിയില്ലെന്നാണ് കത്തിൽ പറയുന്നത്.
മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം നൽകിയാണ് ബാലു അവധി നീട്ടി ചോദിച്ച് കത്ത് നൽകിയത്. മാനേജ്‌മെന്റ് കമ്മിറ്റി യോഗം കൂടിയതിന് ശേഷം തീരുമാനമെടുക്കുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. വിഎ ബാലുവിന്റെ അവധി ഇന്നലെ അവസാനിച്ചിരുന്നു. ഇന്ന് തിരികെ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് അവധി നീട്ടി ചോദിച്ച് കത്ത് നൽകിയത്. തന്ത്രിമാരുടെ പരാതിയെ തുടർന്ന് കഴകക്കാരനായി നിയമിച്ച ബാലുവിനെ ഓഫീസ് ജോലിയിലേക്ക് മാറ്റിയിരുന്നു. ഈ തസ്‌തികയിലേക്കായിരുന്നു തിരികെ പ്രവേശിക്കേണ്ടിയിരുന്നത്.
തസ്‌തിക മാറ്റത്തിനുള്ള കാരണം വ്യക്തമാക്കാൻ ബാലുവിനോട് ആവശ്യപ്പെടുമെന്നാണ് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ സികെ ഗോപി നേരത്തേ വ്യക്തമാക്കിയത്. സർക്കാർ നിയമിച്ച കഴകക്കാരൻ ആ തസ്‌തികയിൽ തന്നെ ജോലി ചെയ്യണം എന്നുള്ളതാണ് സർക്കാർ നിലപാടെന്ന് ദേവസ്വം മന്ത്രിയും വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ തീരുമാനമെടുക്കാൻ ദേവസ്വം ഭരണസമിതിയുടെ നേതൃത്വത്തിൽ ഈ ആഴ്‌ച യോഗം ചേരും. ഈഴവനായതുകൊണ്ടാണ് ബാലുവിനെ തസ്‌തികയിൽ നിന്നും മാറ്റിയതെന്നാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |