
ആലപ്പുഴ: കൊല്ലം സ്‌പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (സായി) ഹോസ്റ്റലിൽ രണ്ട് വിദ്യാർത്ഥിനികൾ ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി മുൻ പരിശീലകൻ. നാലുവർഷങ്ങൾക്കുമുൻപ് സായിയിൽ നിന്ന് രാജിവച്ച ഒളിമ്പ്യനും ആലപ്പുഴ സ്വദേശിയുമായ അനിൽ കുമാറാണ് സ്ഥാപനത്തിന്റെ നടത്തിപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. കൊല്ലം സായിയിലെ സെൻട്രൽ ഇൻചാർജ്, കേരള റീജിയണിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ തുടങ്ങിയവരുടെ രീതികളെക്കുറിച്ചും അനിൽ കുമാർ പറഞ്ഞു.
'കുട്ടികളുടെ മരണത്തിൽ ദുരൂഹതയുണ്ട്. സമഗ്ര അന്വേഷണം വേണം. പൊലീസ് സമീപിച്ചാൽ കൂടുതൽ വിവരങ്ങൾ നൽകും. സായിയിൽ തന്നെ പരിശീലനം നേടി അവിടെ ജോലി ചെയ്തിരുന്ന വ്യക്തിയാണ് ഞാൻ. നാല് വർഷങ്ങൾക്കുമുൻപാണ് ജോലി രാജിവച്ചുപോയത്. സായിയിലെ മാനസിക പീഡനം കാരണമാണ് ജോലി കളഞ്ഞത്. കോച്ചായ എനിക്കുപോലും അവിടെ കൃത്യമായി ജോലി ചെയ്യാനുള്ള അവസ്ഥ ഉണ്ടായിരുന്നില്ല.
2022ൽ സായിയിലെ ജീവനക്കാരനായ രവി ജീവനൊടുക്കിയിരുന്നു. സായിയിലെ മുതിർന്ന കോച്ചിനാണ് സെന്റർ ഇൻചാർജായുള്ള ചുമതല കൊടുക്കുന്നത്. ആ സ്ഥാനം കിട്ടിക്കഴിഞ്ഞാൽ വലിയ ആളാണെന്ന രീതിയിലാണ് കുട്ടികളെയും മറ്റുജീവനക്കാരനെയും അപമാനിക്കുന്നത്. കേരള റീജിയണിന്റെ ചുമതല വഹിക്കുന്ന ജി കിഷോറും സെൻട്രൽ ഇൻചാർജ് ഓഫീസറും കൃത്യമായി കാര്യങ്ങൾ അന്വേഷിക്കാതെയാണ് നടപടികൾ എടുക്കുന്നത്. എനിക്കുതന്നെ എട്ട് മെമ്മോ ലഭിച്ചിട്ടുണ്ട്.
രവി മരിച്ചപ്പോഴും കൃത്യമായ അന്വേഷണം നടത്തണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നടത്തിയില്ലെങ്കിൽ സായിയിൽ ഇനിയും സമാന സംഭവങ്ങൾ നടക്കുമെന്ന് ഞാൻ പറഞ്ഞതാണ്. കുട്ടികളെ അവർ അപമാനിച്ചുകാണും. സാധാരണ കട്ടികൾ ഗൗരവപരമായ തെറ്റുകൾ ചെയ്താൽ രക്ഷിതാക്കളെ വിളിച്ചുവരുത്തി കാര്യങ്ങൾ അവതരിപ്പിച്ചതിനുശേഷമാണ് നടപടികൾ എടുക്കാനുള്ളത്. സെൻട്രൽ ഇൻചാർജ് പ്രശ്നങ്ങൾ ഇത്തരത്തിലല്ല ഒതുക്കി തീർക്കുന്നത്. സ്വന്തമായി പരിഹരിക്കാനാണ് ശ്രമിക്കുന്നത്. മോശം കാര്യങ്ങളാണ് കൊല്ലം സായിയിൽ നടക്കുന്നതെന്ന് ഒരു രക്ഷിതാവ് എന്നോട് പറഞ്ഞിരുന്നു'- അനിൽ കുമാർ പറഞ്ഞു.
അതേസമയം, കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രം കൂടുതൽ സ്ഥിരീകരണങ്ങൾ നടത്താൻ സാധിക്കുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ സായിയിലെ 20 കുട്ടികളുടെയും വാർഡൻമാരുടെയും മൊഴി ശേഖരിച്ചിരുന്നു. ഇതിൽ സംശയം തോന്നിപ്പിക്കുന്ന രീതിയിൽ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
കോഴിക്കോട് കടലുണ്ടി പേടിയാട്ടുകുന്ന് അമ്പാളി രവിയുടെയും സിന്ധുവിന്റെയും മകൾ സാന്ദ്ര (18), തിരുവനന്തപുരം ചെമ്പൂർ മുദാക്കൽ ഇളമ്പതടം വിഷ്ണുഭവനിൽ വേണുവിന്റെയും അനീഷയുടെയും മകൾ വൈഷ്ണവി (15) എന്നിവരാണ് മരിച്ചത്. വൈഷ്ണവി കൊല്ലം നഗരത്തിലെ എയ്ഡഡ് സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. അതേ സ്കൂളിലെ പ്ലസ് വൺ കോമേഴ്സ് വിദ്യാർത്ഥിയാണ് സാന്ദ്ര. രണ്ടു പേരുടെയും പോക്കറ്റിൽ നിന്ന് രക്ഷിതാക്കളോട് മാപ്പ് ചോദിച്ചുകൊണ്ടുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |