തിരുവനന്തപുരം പുളിമൂട്ടിലെ ശിവൻസ് സ്റ്റുഡിയോ. കാലം 1960 കൾ. ഫോട്ടോയെടുക്കാൻ അവിടെ എത്തുന്നവർ ചില അവസരങ്ങളിൽ കൗണ്ടറിൽ ഇരിക്കുന്ന വ്യക്തിയെ കണ്ട് അമ്പരന്നു പോയിട്ടുണ്ട്. ഗൗരവത്തോടെയിരുന്ന് പണം വാങ്ങി മേശയിലിടുന്ന ആ ആൾ നടൻ സത്യൻ ആയിരുന്നു. അന്ന് സത്യൻ മലയാള സിനിമയിലെ ഏറ്റവും തിരക്കേറിയ നായകനാണ്. സത്യൻ തിരുവനന്തപുരത്തെത്തിയാൽ നേരെ ശിവൻസ് സ്റ്റുഡിയോയിലേക്കാണ് വരിക. പ്രിയ സുഹൃത്താണ് സ്റ്റുഡിയോ ഉടമ ശിവൻ. സ്റ്റാച്യുവിൽ കാർ കൊണ്ടിട്ട ശേഷം പുളിമൂട്ടിലുള്ള ശിവൻസ് സ്റ്റുഡിയോയിലേക്ക് നടന്നാണ് സത്യന്റെ വരവ്. വരുമ്പോഴെ 'മുതലാളി ശിവൻകുട്ടി"യില്ലേയെന്ന് ചോദിക്കും. ശിവനില്ലെങ്കിലും ഉണ്ടെങ്കിലും 'ഞാൻ അല്പനേരം മുതലാളിയുടെ കസേരയിലിരിക്കാം"എന്നും പറഞ്ഞ് കൗണ്ടറിലിരിക്കുന്നതായിരുന്നു സത്യന്റെ പതിവ്.
പകൽ സ്റ്റുഡിയോയിൽ ചെന്നാൽ സാഹിത്യകാരൻമാരുടെ നീണ്ട നിര തന്നെ കാണും. പി.കേശവദേവ് മുതൽ അന്ന് യുവ സാഹിത്യകാരനായ പി.പദ്മരാജൻ വരെ. വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ കാമ്പിശേരി കരുണാകരൻ, തെങ്ങമം ബാലകൃഷ്ണൻ, എൻ.എൻ. പിഷാരടി, കെ.സി. ജോൺ തുടങ്ങിയ പത്രപ്രവർത്തകരുടെ സംഘം. ശിവൻസ് സ്റ്റുഡിയോയ്ക്ക് നാളെ 60 വർഷം തികയുമ്പോൾ, ഐക്യകേരളത്തിന്റെ ചരിത്രത്തിന് സാക്ഷ്യം വഹിച്ച ആറു പതിറ്റാണ്ടുകളായിരുന്നു അതെന്ന് നിസംശയം പറയാം.
1959 സെപ്തംബർ രണ്ടിനായിരുന്നു ശിവൻ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു സമീപം പുളിമൂട് ജംഗ്ഷനടുത്ത് ശിവൻസ് സ്റ്റുഡിയോ ആരംഭിച്ചത്. അതിവേഗം തലസ്ഥാന നഗരിയിലെ മികച്ച സ്റ്റുഡിയോ മാത്രമല്ല സാംസ്കാരിക കേന്ദ്രം കൂടിയായി അതുമാറി. തിരുവനന്തപുരം വഴി പോകുന്ന പ്രതിഭകളുടെയെല്ലാം ഇടത്താവളമായി ശിവൻസ് സ്റ്റുഡിയോ. ബിമൽ റോയ്, രാജ് കപൂർ, വി.ശാന്തറാം, മൃണാൾസെൻ, ഹൃഷികേശ് മുഖർജി, ഹേമന്ത് ചൗധരി, സലിൽ ചൗധരി, ബസു ഭട്ടാചാര്യ, പത്രപ്രവർത്തന രംഗത്തെ കുലപതിയായ ചലപതി റാവു തുടങ്ങി പ്രശസ്തർ, മലയാളത്തിലെ സാഹിത്യനായകരായ വൈക്കം മുഹമ്മദ് ബഷീർ, തകഴി, തോപ്പിൽ ഭാസി, കേശവദേവ്, കമലാദാസ്, എൻ.വി. കൃഷ്ണവാര്യർ, മലയാറ്റൂർ രാമകൃഷ്ണൻ, സംവിധായകൻ രാമു കാര്യാട്ട്, നടന്മാരായ സത്യൻ, പ്രേംനസീർ, മധു, പ്രമുഖ വ്യവസായികൾ, ഇവരെല്ലാം സ്റ്റുഡിയോയിലെ പതിവ് സന്ദർശകരായിരുന്നു. ഇവരെല്ലാവരുമായും ശിവൻ ഉറ്റ സൗഹൃദവും പുലർത്തി.
ശിവൻസ് സ്റ്റുഡിയോയ്ക്ക് മുന്നിൽ അന്നന്നുള്ള പ്രധാന വാർത്തകൾ ഡിസ്പ്ളേ ചെയ്യുന്ന ഒരു ബോർഡ് ശിവൻ സ്ഥാപിച്ചിരുന്നു. പട്ടം താണുപിള്ള പഞ്ചാബ് ഗവർണറായി നിയമിതനാകുന്നുവെന്ന വിവരം അദ്ദേഹത്തിന്റെ ഫോട്ടോ സഹിതം ഈ ബോർഡിൽ ഡിസ്പ്ളേ ചെയ്തപ്പോൾ ഇവിടുത്തെ മറ്റു പത്രപ്രവർത്തകർ അത് ശരിയല്ലെന്ന് വാദിച്ചു. എന്നാൽ അടുത്ത ദിവസം ആ വാർത്ത ശരിയായി. അതോടെ ശിവന്റെ വാർത്താ ബോർഡിന് കാഴ്ചക്കാരേറി. ആ ബോർഡ് ഇപ്പോഴും ശിവൻ സ്റ്റുഡിയോയ്ക്ക് മുന്നിലുണ്ട്. സ്റ്റുഡിയോയിൽ പുതിയ ആർട്ടിസ്റ്റുകളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ച് അവരെ പ്രോത്സാഹിപ്പിക്കാൻ ശിവൻ പ്രത്യേക താത്പര്യം കാട്ടിയിരുന്നു.
കെ.എ. ദാമോദരമേനോനാണ് സ്റ്റുഡിയോ വിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തത്. തിരിച്ചിറങ്ങുമ്പോൾ വാർത്താ ബോർഡിൽ ഉദ്ഘാടനത്തിന്റെ എൻലാർജ് ചെയ്ത വലിയ പടം കണ്ട് മേനോൻ പറഞ്ഞു.'പ്രസ് ഫോട്ടോഗ്രാഫർ സ്റ്റുഡിയോ തുടങ്ങിയാൽ ഇങ്ങനെ പല കാഴ്ചകളും കാണാനാകും." അതൊരു റിസ്ക്കുള്ള പരിപാടിയായിരുന്നു. ഫിലിം വേഗം ഉണങ്ങിക്കിട്ടാൻ സ്പിരിറ്റിൽ മുക്കും. നെഗറ്റീവ് ചിലപ്പോൾ നഷ്ടമാകുന്ന പ്രവർത്തിയായിരുന്നു അതെങ്കിലും ഡിസ്പ്ളേ ബോർഡിൽ പെട്ടെന്ന് ചിത്രം പ്രദർശിപ്പിച്ചത് വലിയ ചർച്ചാവിഷയമായി. അന്ന് പാസ്പോർട്ട് സൈസ് ഫോട്ടോയെടുക്കുന്നതിന് മൂന്നു രൂപയായിരുന്നു റേറ്റ്." - ശിവൻ പറഞ്ഞു.
മുഖ്യമന്ത്രിമാരായ ഇ.എം.എസ്, സി. അച്യുതമേനോൻ, കെ.കരുണാകരൻ തുടങ്ങിയവരൊക്കെ അന്ന് ഫോട്ടോയെടുക്കാൻ സ്റ്റുഡിയോയിൽ നേരിട്ടെത്തുമായിരുന്നു. സ്റ്റുഡിയോയ്ക്കൊപ്പം പ്രസ് ഫോട്ടോഗ്രാഫിയും കുറെക്കാലം ശിവൻ ഒരുമിച്ചുകൊണ്ടുപോയി. പിന്നെ സിനിമാരംഗത്തേക്ക് ചുവട് മാറി. പക്ഷേ, സ്റ്റുഡിയോ അന്നും ഇന്നും ആധുനിക സാങ്കേതിക വിദ്യയനുസരിച്ച് പ്രവർത്തിച്ചുവരുന്നു. ശിവൻസ് ഫോട്ടോഗ്രഫി ഇൻസ്റ്റിറ്റ്യൂട്ടും ഇതോടൊപ്പം പ്രവർത്തിക്കുന്നുണ്ട്. ഇന്ന് ചലച്ചിത്ര ഛായാഗ്രഹണ രംഗത്തുള്ള ഒട്ടേറെപ്പേർ ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങിയവരാണ്.
ഉദ്ഘാടന ദിവസം സ്റ്റുഡിയോയ്ക്കകത്ത് കേറിയ ശിവൻ രാത്രി വൈകിയാണ് ഇറങ്ങിയത്. ഫോട്ടോയെടുക്കാൻ അത്ര തിരക്കായിരുന്നു. അന്നന്ന് ലഭിച്ചിരുന്ന വരുമാനം കൊണ്ടാണ് ദൈനംദിന പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. അതിവേഗം സ്റ്റുഡിയോ എസ്റ്റാബ്ളിഷ് ചെയ്തു. ശിവന്റെ പേര് തന്നെയായിരുന്നു പ്രധാന ഘടകം. സ്റ്റുഡിയോ ആരംഭിക്കാൻ പ്രേരിപ്പിച്ചവരിൽ പ്രധാനി അന്നത്തെ പബ്ളിക്ക് റിലേഷൻസ് ഡയറക്ടർ വി.ആർ.നാരായണൻ നായരായിരുന്നുവെന്ന് ശിവൻ ഓർക്കുന്നു. കേരളകൗമുദി ഉൾപ്പെടെ എല്ലാ പത്രങ്ങൾക്കും പ്രസ് ഫോട്ടാഗ്രാഫർ എന്ന നിലയിൽ ശിവൻ ചിത്രങ്ങൾ നൽകിയിരുന്നു. എല്ലാ പത്രങ്ങളുടെയും പിന്തുണ ശിവന് ലഭിക്കുകയും ചെയ്തു.
ശിവൻ എന്ന ഫോട്ടാഗ്രാഫറെ എന്നും മാറ്റി നിറുത്തിയത് വ്യത്യസ്തമായ ഫ്രെയിമുകളും അവയുടെ ലൈറ്റിംഗുമായിരുന്നു. പ്രകൃതിയുടെ സ്വാഭാവിക വെളിച്ചമാണ് ശിവൻ എപ്പോഴും പ്രയോജനപ്പെടുത്തിയത്. അന്നുവരെ കാണാതിരുന്ന ഒരു പ്രത്യേകത ശിവന്റെ ചിത്രങ്ങൾക്കുണ്ടായിരുന്നു. ജീവൻ തുടിച്ചു നിൽക്കുന്ന ചിത്രങ്ങൾ എന്ന വിശേഷണം അവയ്ക്ക് ലഭിച്ചു. ഒരു ഗ്രാമത്തിൽ നിന്ന് നഗരത്തിലെത്തി ലോകഖ്യാതി നേടിയ ഫോട്ടാഗ്രാഫറായി മാറിയ ശിവന്റെ ജീവിതത്തിൽ പുതുതലമുറയ്ക്ക് പകർത്താൻ ഒരുപാട് പാഠങ്ങളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |