'നോ" പറഞ്ഞാൽ കോപാകുലരായി പക തീർക്കുന്ന പ്രണയ പാതകങ്ങൾ തുടരുകയാണ്. പ്രണയം നിരസിച്ചാൽ ജീവനെടുത്ത് പക തീർക്കുന്ന ചാവേറുകളുടെ കാലമാണിത്. കൊല്ലത്ത് സഹോദരിയെ വിവാഹംചെയ്തു കൊടുക്കാത്തതിലുള്ള രോഷം കാരണം വീട്ടിൽ കയറി 21കാരനായ സഹോദരനെ കുത്തിക്കൊലപ്പെടുത്തിയത് കേരളത്തെ ഞെട്ടിച്ചു. പെട്രോളൊഴിച്ച് ചുട്ടെരിച്ചും നടുറോഡിലിട്ട് വെട്ടിയും വീട്ടിൽ ഇരച്ചുകയറി വെടിയുതിർത്തും കഴുത്തറുത്തുമൊക്കെയായി അഞ്ചുവർഷത്തിനിടെ മുപ്പതോളം ജീവനുകൾ പൊലിഞ്ഞിട്ടും പ്രണയപ്പക ഒടുങ്ങുന്നില്ല.
കൗമാരക്കാരിലെ മാനസികാരോഗ്യക്കുറവും വ്യക്തിത്വ വൈകല്യവും മനസിലുള്ളത് പങ്കുവയ്ക്കാനാവാത്ത വിധത്തിൽ കുടുംബങ്ങളിലുണ്ടായ മാറ്റവുമാണ് പ്രണയപ്പകയ്ക്ക് കാരണമെന്ന് മാനസികാരോഗ്യ വിദഗ്ദ്ധർ പറയുന്നു. ആഗ്രഹിച്ചതെല്ലാം നേടി വളരുന്നവർ, പ്രണയനിരാകരണമുണ്ടാകുമ്പോൾ പ്രതികാര ദാഹികളായി മാറുന്നു. തിരുവനന്തപുരത്തെ സംരംഭകയായ യുവതിയെ നിരാശാകാമുകൻ കഞ്ചാവ് കേസിൽ കുടുക്കിയാണ് പ്രതികാരം തീർത്തത്. കോതമംഗലത്ത് പ്രണയിനിയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
കുറയാതെ കേസുകൾ
നോ പറഞ്ഞതിന് കോഴിക്കോട്ടെ വിദ്യാർത്ഥിനിയുടെ വീട്ടിൽ കടന്നുകയറിയ യുവാവ്, ഹെൽമെറ്റിന് മുഖത്തടിച്ച് അഞ്ച് പല്ലുകളാണ് തെറിപ്പിച്ചത്. കൊച്ചിയിലെ ബ്യൂട്ടിപാർലർ ജീവനക്കാരിയായ യുവതിയെ നടുറോഡിൽ തടഞ്ഞുനിറുത്തി മുടിമുറിച്ചായിരുന്നു പ്രതികാരം. ശല്യപ്പെടുത്തെന്ന് പൊലീസിൽ പരാതിപ്പെട്ടതിനാണ് തൃപ്പൂണിത്തുറയിലെ കോളേജ് വിദ്യാർത്ഥിനി അമ്പിളിയെ അയൽവാസി വീട്ടിലേക്കുള്ള വഴിയിൽ കാത്തുനിന്ന് വെട്ടിയത്. വിവാഹാഭ്യർത്ഥന നിരസിച്ചതിനാണ് കലൂരിൽ കോതമംഗലം സ്വദേശിനിയെ നടുറോഡിൽ കൊല്ലാൻശ്രമിച്ചത്. തൃശൂർ മാളയിൽ പ്രണയം നിരസിച്ച കോളജ് വിദ്യാർത്ഥിനിയുടെ മുഖം ബ്ലേഡിന് വരഞ്ഞുകീറി. തൃശൂർ പുന്നയൂർകുളത്ത് പ്രണയം നിരസിച്ച പെൺകുട്ടിയെയും വീട്ടുകാരെയും പൂട്ടിയിട്ട് വീടിന് തീവച്ചായിരുന്നു പ്രതികാരം. തിരക്കേറിയ റോഡിലൂടെ നടന്നുപോകവേ കുന്നംകുളം സ്വദേശിക്ക് കഴുത്തിൽ കുത്തേറ്റു. വിവാഹാഭ്യർത്ഥന നിരസിച്ച കൊല്ലത്തെ യുവതിക്ക് സഹപാഠിയുടെ ക്രൂരമർദ്ദനമേറ്റതിനെത്തുടർന്ന് കേൾവി ശക്തി നഷ്ടമായി. ശാസ്താംകോട്ടയിൽ 16കാരിയെ സ്ക്രൂഡ്രൈവറിന് കുത്തിപ്പരിക്കേൽപ്പിച്ചായിരുന്നു പ്രണയം നിരസിച്ചതിന്റെ പ്രതികാരം തീർത്തത്.
മൂന്നു മക്കളുടെ അമ്മയായ പൊലീസുകാരിയും പ്രണയപ്പകയുടെ ഇരയായിട്ടുണ്ട്. മാവേലിക്കരയിലെ സൗമ്യ സ്കൂട്ടറിൽ പോകവേ, സഹ പൊലീസുകാരൻ അജാസ് കാറിടിച്ചു വീഴ്‌ത്തി വടിവാൾ കൊണ്ട് വെട്ടിയശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ഗുരുതരപൊള്ളലേറ്റ അജാസും മരിച്ചു. തിരുവല്ലയിൽ പ്രണയാഭ്യർത്ഥന നിരസിച്ച 19കാരിയെ സഹപാഠി നടുറോഡിൽ കുത്തിയശേഷം പെട്രോളൊഴിച്ച് കത്തിച്ചു. കൊച്ചിയിൽ പ്ലസ്ടു വിദ്യാർത്ഥിനി ഈവയെ കാറിൽ കയറ്റി തമിഴ്നാട് വാൾപ്പാറയിലെത്തിച്ച് കുത്തിക്കൊന്നു. തിരുവനന്തപുരത്ത് പ്രണയത്തിൽ നിന്ന് പിന്മാറിയ വിരോധത്തിൽ 19കാരി അഷികയെ വീട്ടിൽകയറി കഴുത്തറുത്ത് കൊന്നശേഷം അനുവും(24) ജീവനൊടുക്കി. തിരൂരിൽ പ്രണയംനിരസിച്ച 15കാരിയെ 25കാരനായ ബംഗാളി വീട്ടിൽകയറി കുത്തിക്കൊന്നു. കടമ്മനിട്ടയിൽ പ്രണയം നിരസിച്ച 17കാരിയെ വീട്ടിൽക്കയറി പെട്രോളൊഴിച്ച് തീവച്ചുകൊന്നു.
ഇത് ചികിത്സ
വേണ്ട രോഗം
ഗുരുതരമായ മാനസിക വൈകല്യമാണിതെന്ന് മാനസികാരോഗ്യ വിദഗ്ദ്ധർ പറയുന്നു. വേണ്ടത് അനുതാപവും ചികിത്സയുമാണ്. ഏതൊരു ബന്ധത്തിലും വിയോജിപ്പ് രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് സമൂഹം അംഗീകരിക്കണം. പിറകെ നടന്ന് പ്രണയം പിടിച്ചുപറ്റുന്നവനാണ് നായകനെന്ന് സമൂഹം ചിന്തിക്കുന്നു. പ്രണയം നിരസിക്കുന്നതും മറ്റാരെങ്കിലുമായി പെൺകുട്ടി ബന്ധംവയ്ക്കുന്നതും അംഗീകരിക്കാത്തത് അപകടകരമായ അവസ്ഥയാണ്. പൊലീസ് സന്ധി സംഭാഷണം നടത്തി ഒതുക്കിതീർക്കാതെ, പ്രശ്നക്കാരെ കൗൺസലിംഗിനയയ്ക്കണം. പെൺകുട്ടികൾക്കും ബോധവത്കരണം നൽകണം. സമൂഹത്തിൽ എങ്ങനെ പെരുമാറണമെന്നും മാനസികാരോഗ്യം കൈവരിക്കേണ്ടതെങ്ങനെയെന്നും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം.
പ്രശ്നം മാനസിക
ആരോഗ്യക്കുറവ്
കുട്ടികളിലെയും കൗമാരക്കാരിലെയും മാനസികാരോഗ്യക്കുറവ് ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നുണ്ട്. കുട്ടികൾക്കിടയിലെ വളർച്ചാപരവും സ്വഭാവപരവും വൈകാരികവുമായ വൈകല്യങ്ങൾ, മയക്കുമരുന്നിന്റെ ഉപയോഗം തുടങ്ങിയവ തുടക്കത്തിലേ കണ്ടുപിടിക്കാനും ഇടപെടലുകൾ നടത്താനും അദ്ധ്യാപകർക്ക് പരിശീലനം നൽകണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻ കരുതലുകൾ പൊതുസമൂഹം ഏറ്റെടുക്കണം. കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുന്നതിനും ഇത്തരം പ്രശ്നങ്ങളെക്കുറച്ച് മാതാപിതാക്കൾക്ക് കൃത്യമായ അവബോധം നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |