മഹാരാഷ്ട്ര സർക്കാർ പുതുതായി ആരംഭിച്ച മാംസ സർട്ടിഫിക്കേഷൻ വൻ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. പുതിയ പദ്ധതിയെ 'നൂറ് ശതമാനം ഹിന്ദു ഉടമസ്ഥതയിലുള്ള മട്ടൺ കടകൾ, മായം ചേർക്കാത്തവ' എന്ന് ബിജെപി മന്ത്രി നിതേഷ് റാണെ വിശേഷിപ്പിച്ചതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. 'ഝട്‌ക മട്ടൺ' വിൽക്കുന്ന ഹിന്ദു കടയുടമകൾക്ക് 'മൽഹാർ സർട്ടിഫിക്കറ്റ്' നൽകണം. സർട്ടിഫിക്കേറ്റുള്ള കടക്കാരിൽ നിന്നുമാത്രമേ ഹിന്ദുക്കൾ മട്ടൺ വാങ്ങാൻ പാടുള്ളൂവെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.
എന്താണ് ഝട്‌ക മട്ടൺ?
ഹലാൽ മാംസത്തിൽ നിന്ന് വ്യത്യസ്തമായി, തലയിൽ ഒറ്റയടിക്ക് മൃഗത്തെ കൊന്ന് ലഭിക്കുന്ന മാംസത്തെയാണ് ഝട്‌ക മാംസം എന്ന് വിളിക്കുന്നത്. സിഖ് സമുദായത്തിലുള്ളവരാണ് ഈ രീതി കൂടുതലായും ഉപയോഗിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. മൃഗത്തെ ദീർഘനേരം കഷ്ടപ്പെടുത്താതെ തൽക്ഷണം കൊല്ലുന്നതിനാൽ ഝട്‌ക രീതി കൂടുതൽ ധാർമ്മികമായ ഒന്നാണെന്നാണ് ഇതിനെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നത്.
മൽഹാർ സർട്ടിഫിക്കേഷൻ
ഝട്‌ക മട്ടൺ വിൽക്കുന്ന കടക്കാർക്ക് നൽകുന്ന സർട്ടിഫിക്കറ്റ് ആണ് മൽഹാർ സർട്ടിഫിക്കറ്റ്. ഝട്‌ക മാംസ വിൽപനക്കാർക്കായി മൽഹാർ സർട്ടിഫിക്കേഷൻ.കോം എന്ന പേരിൽ ഒരു സർട്ടിഫിക്കേഷൻ പ്ലാറ്റ്‌ഫോം സൃഷ്ടിക്കുമെന്ന് റാണെ പ്രഖ്യാപിച്ചിരുന്നു. "മഹാരാഷ്ട്രയിലെ ഹിന്ദു സമൂഹത്തിനായി ഞങ്ങൾ ഒരു പ്രധാന ചുവടുവയ്പ്പ് നടത്തിയിരിക്കുന്നു. മൽഹാർ സർട്ടിഫിക്കറ്റ് കൂടുതലായി ഉപയോഗിക്കപ്പെടണം. മൽഹാർ സർട്ടിഫിക്കറ്റ് ഇല്ലാത്ത കടകളിൽ നിന്ന് ഹിന്ദുക്കൾ മട്ടൺ വാങ്ങരുത്' എന്നാണ് റാണെ വ്യക്തമാക്കിയത്.
ഝട്‌ക മട്ടണും ചിക്കൻ വിൽപനക്കാർക്കും വേണ്ടിയുള്ള സർട്ടിഫൈഡ് പ്ളാറ്റ്‌ഫോം എന്നാണ് മൽഹാർ സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ പറയുന്നത്. ഹിന്ദു മതസംസ്‌കാരങ്ങൾക്ക് അനുസൃതമായാണ് ഇറച്ചി തയ്യാറാക്കുന്നത്. ശുദ്ധമായ, തുപ്പൽ പുരളാത്ത, മറ്റ് മൃഗങ്ങളുടെ ഇറച്ചിയുമായി കലരാത്തതെന്നും വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു.
പ്രതിഷേധം
മന്ത്രിയുടെ പ്രസ്‌താവനയ്ക്ക് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇത്തരത്തിൽ സർട്ടിഫിക്കറ്റ് നൽകുന്നത് സമൂഹത്തെ വിഭജിക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു. പദ്ധതിയെ മഹാരാഷ്ട്ര സർക്കാർ ഇതുവരെ ഔദ്യോഗികമായി പിന്തുണച്ചിട്ടില്ല. പദ്ധതിയുടെ നിയമസാധുതയിലും ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇത് സർക്കാർ പദ്ധതിയാണെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി ഔദ്യോഗികമായി അവതരിപ്പിച്ചില്ലെന്ന് എൻസിപി നേതാവ് രോഹിത് പവാർ ചോദിച്ചു. സർട്ടിഫിക്കേഷൻ കമ്പനി ആരുടെ ഉടമസ്ഥതയിലാണെന്നും അദ്ദേഹം ചോദിച്ചു. പദ്ധതിക്ക് പിന്നിൽ സ്വകാര്യ കമ്പനികളുടെ താത്‌പര്യമുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.
മറ്റ് വിവാദങ്ങൾ
പൂനെയിൽ മുനിസിപ്പൽ, ജില്ലാ പരിഷത് തിരഞ്ഞെടുപ്പുകൾ അടുക്കുന്ന സാഹചര്യത്തിലാണ് പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. വിഷയം മഹാരാഷ്ട്രയിലെ സാമുദായിക, സാംസ്കാരിക രാഷ്ട്രീയ രംഗത്തെ ബാധിക്കുന്ന വിവാദമായി മാറുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ സംസ്ഥാന തിരഞ്ഞെടുപ്പിന് മുൻപ് ബിജെപി നടപ്പിലാക്കിയ മതപരിവർത്തന വിരുദ്ധ നിയമവും ന്യൂനപക്ഷത്തിനുള്ള സംവരണം റദ്ദാക്കിയതും ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിച്ചിരുന്നു. മുസ്ളീം സമുദായത്തിന് പുറമെ ക്രിസ്‌ത്യാനികൾക്കിടയിലും ഇത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഭരണഘടനയെ ബഹുമാനിക്കുന്നവർക്ക് വോട്ട് ചെയ്യണമെന്നായിരുന്നു ക്രിസ്‌ത്യൻ മത നേതാക്കൾ ആഹ്വാനം ചെയ്തത്.
മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ നടത്തിയ ഒരു പ്രസ്‌താവനയും സംസ്ഥാനത്ത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. 700 വർഷങ്ങൾക്കുമുൻപ് ഇന്ത്യയിലെത്തിയ ഒരു അറബ് പ്രവാചകന്റെ ഖബർ ഹിന്ദു ക്ഷേത്രമായിരുന്നുവെന്നായിരുന്നു ഷിൻഡെയുടെ വിവാദ പരാമർശം.
വാർഷിക മാധി മേളയ്ക്കായി കനിഫ്‌നാഥ് ദേവാലയത്തിൽ ഒത്തുകൂടുന്ന മുസ്ലീം വ്യാപാരികളെ ബഹിഷ്‌കരിക്കണമെന്ന് അടുത്തിടെ മഹാരാഷ്ട്രയിലെ ഒരു ഗ്രാമസഭാ യോഗത്തിൽ പ്രമേയം പാസാക്കിയിരുന്നു. അഹല്യാനഗറിലെ പത്താർഡി താലൂക്കിലെ മാധി ഗ്രാമത്തിൽ നടന്ന ഗ്രാമസഭാ യോഗത്തിൽ പ്രമേയം പാസാക്കുന്നതിനായി ഒപ്പുകൾ ശേഖരിച്ചതായുള്ള റിപ്പോർട്ട് ആണ് പുറത്തുവന്നത്. അഹല്യാനഗറിൽ നിന്ന് (മുൻപത്തെ പേര് അഹമ്മദ്‌നഗർ) 50 കിലോമീറ്റർ അകലെയാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്.ഇത് ഹിന്ദു ദേവാലയമാണെന്നാണ് ചിലർ അവകാശപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |