ന്യൂഡൽഹി: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നാടകീയമായ കൂടിച്ചേരൽ. മറാത്ത വികാരം ആളിക്കത്തിച്ച് 20 വർഷത്തിനു ശേഷം ഒരേവേദിയിൽ താക്കറെ കുടുംബമെത്തി. ശിവസേന ഉദ്ദവ് വിഭാഗം നേതാവ് ഉദ്ദവ് താക്കറെയും മഹാരാഷ്ട്ര നവനിർമ്മാൺ സേന അദ്ധ്യക്ഷൻ രാജ് താക്കറെയുമാണ് മുംബയിൽ ഒരേ വേദി പങ്കിട്ടത്. മറാത്ത സ്വത്വവും ഭാഷയും ഉയർത്തി പിടിക്കുന്നവയാണ് ശിവസേന ഉദ്ദവ് വിഭാഗം പാർട്ടിയും മഹാരാഷ്ട്ര നവനിർമ്മാൺ സേനയും. പ്രൈമറി ക്ലാസുകളിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതാണ് കേന്ദ്രസർക്കാരിന്റെ മൂന്നു ഭാഷാ നയമെന്ന് ചൂണ്ടിക്കാട്ടി ഇരു പാർട്ടികളും വൻ പ്രതിഷേധമാണ് ഉയർത്തിയിരുന്നത്. കേന്ദ്രനയം നടപ്പാക്കുന്നതിൽ നിന്ന് മഹാരാഷ്ട്ര സർക്കാർ പിന്മാറി. തുടർന്നാണ് മുംബയിൽ വൻ വിജയാഘോഷ റാലി സംഘടിപ്പിച്ചത്. അധികാരത്തിനു വേണ്ടിയാണ് ഉദ്ദവിന്റെ ശ്രമമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ആരോപിച്ചു.
ഒന്നിപ്പിച്ചത് ഫാട്നാവിസെന്ന്
തങ്ങളെ ഒന്നിപ്പിക്കാൻ ബാൽ താക്കറെയ്‌ക്ക് സാധിച്ചില്ല. എന്നാലിപ്പോൾ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് കാരണം പുനഃസമാഗമം നടന്നിരിക്കുകയാണെന്ന് രാജ് താക്കറെ പറഞ്ഞു. 2005ൽ മാൽവാൻ നിയമസഭാ സീറ്റിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഉദ്ദവും രാജ് താക്കറെയും ഒടുവിൽ വേദി പങ്കിട്ടത്. ആ വർഷം ശിവസേന വിട്ട രാജ് താക്കറെ 2006ൽ മഹാരാഷ്ട്ര നവനിർമ്മാൺ സേന രൂപീകരിച്ചു. ബാൽ താക്കറെയുടെ ഇളയ സഹോദരൻ ശ്രീകാന്ത് താക്കറെയുടെ മകനാണ് രാജ് താക്കറെ. ബാൽ താക്കറെയുടെ മകനാണ് ഉദ്ദവ്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ
മഹാരാഷ്ട്രയിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പിണക്കങ്ങൾ മാറ്റി താക്കറെ കുടുംബം ഒന്നായതെന്നത് ശ്രദ്ധേയമാണ്. ഇരുപാർട്ടികളും മുന്നണിയാകുമെന്ന സൂചനയും മുംബയിലെ റാലിയിൽ ഉദ്ദവ് നൽകി. ഒന്നിച്ചു നിൽക്കാനാണ് ഒന്നിച്ചു വന്നത്. അതേസമയം, 'ഇന്ത്യ' മുന്നണിയിലെ എൻ.സി.പി ശരദ് വിഭാഗം നേതാവ് ശരദ് പവാർ, കോൺഗ്രസ് മഹാരാഷ്ട്ര ഘടകം അദ്ധ്യക്ഷൻ ഹർഷവർദ്ധൻ സക്പൽ എന്നിവർ വിജയാഹ്ലാദ റാലിയിൽ എത്തിയില്ല. എൻ.സി.പി ശരദ് വിഭാഗത്തിലെ സുപ്രിയ സുലെ എം.പിയും, ജിതേന്ദ്ര അവാധ് എം.എൽ.എയും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |