മനുഷ്യ- വന്യജീവി സംഘർഷം ഏറെ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ, മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ ജനജാഗ്രതാ സമിതികൾ പുനരുജ്ജീവിപ്പിക്കാൻ ആവശ്യമായ നടപടികൾ വകുപ്പ് കൈക്കൊള്ളേണ്ടതാണ്. വനാതിർത്തിയോട് ചേർന്നുള്ള 204 പഞ്ചായത്തുകളിലാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇത്തരം സമിതികൾ നിലവിൽ വന്നത്. തദ്ദേശ സ്ഥാപനത്തിന്റെയും വനംവകുപ്പിന്റെയും പ്രതിനിധികൾ ഭാരവാഹികളാകുന്ന സമിതിയിൽ ജനപ്രതിനിധികൾ അംഗങ്ങളായിരിക്കും. മൂന്നു മാസത്തിൽ ഒരിക്കൽ ചേരുന്ന ജാഗ്രതാ സമിതികൾ, അതത് തദ്ദേശ മേഖലയിലെ വന്യജീവിശല്യം ഒഴിവാക്കുന്നതിനുള്ള മാർഗങ്ങളും, കൃഷി നശിപ്പിക്കുന്ന വന്യജീവികളെ എങ്ങനെ പ്രതിരോധിക്കാമെന്നതും ചർച്ച ചെയ്ത് ആവശ്യമായ തീരുമാനമെടുക്കും.
കാട്ടുപന്നി നാട്ടിലിറങ്ങി കൃഷി നശിപ്പിച്ചാൽ ജാഗ്രതാ സമിതിയുടെ നിർദ്ദേശാനുസരണം വകുപ്പിലെ ഉദ്യോഗസ്ഥർക്കോ, ലൈസൻസുള്ള വ്യക്തികൾക്കോ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാം. അതിന് പ്രതിഫലം നൽകുകയും ചെയ്യും. അതു സംബന്ധിച്ച തീരുമാനമെടുക്കാനുള്ള അവകാശം ജാഗ്രതാ സമിതിക്കുണ്ടാവും. സോളാർ വേലി തകർന്നു കിടക്കുന്ന സ്ഥലങ്ങളിൽ അതിന്റെ പരിപാലനം നടത്തി സംരക്ഷിക്കുന്നതിന് മേൽനോട്ടം വഹിക്കാൻ ജാഗ്രതാ സമിതിക്കു കഴിയും. പഞ്ചായത്ത് സമിതി തീരുമാനിച്ചാൽ, തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുന്ന തൊഴിലാളികളെ സോളാർ ഫെൻസിംഗിന്റെ സംരക്ഷണത്തിനായി നിയോഗിക്കാവുന്നതാണ്.
കൂടാതെ, ആനക്കിടങ്ങ് പോലുള്ള കിടങ്ങുകൾ സംരക്ഷിക്കുന്നതിനും തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്താവുന്നതും, പഞ്ചായത്തും വനംവകുപ്പും സംയുക്തമായി പദ്ധതി തയ്യാറാക്കി, തൊഴിലുറപ്പ് പദ്ധതിയിൽ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ചെയ്യാവുന്നതുമാണ്. അതുവഴി കിടങ്ങുകൾ സംരക്ഷിക്കപ്പെടുന്നു മാത്രമല്ല, പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ കിട്ടുകയും ചെയ്യും.
വന്യജീവി ആക്രമണം മൂലം കൃഷിനാശമുണ്ടായാൽ കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം നൽകുന്നത് സമിതിയിൽ ചർച്ചചെയ്ത് തീരുമാനിക്കാവുന്നതും, ലഭ്യമായ ഫണ്ടിനനുസരിച്ച് നഷ്ടപരിഹാരം വിതരണം ചെയ്യാവുന്നതുമാണ്. ഇതുവഴി വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ജനങ്ങളും തമ്മിൽ കൂടുതൽ സൗഹൃദം സ്ഥാപിക്കാനും, ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിൽ പലപ്പോഴും കാണുന്ന സ്പർദ്ധ ഒഴിവാക്കാനും കഴിയും. വനാതിർത്തിയിൽ സാമൂഹ്യവിരുദ്ധ നടപടികൾ ഇല്ലാതാക്കാനും വനനശീകരണം തടയാനും കൂടി ഇത് സഹായകമാണ്.
നാട്ടിൽ സമാധാനം നിലനിറുത്തുന്നതിനും വന്യജീവി ആക്രമണമുണ്ടായാൽ എത്രയും വേഗം ഉദ്യോഗസ്ഥർ ഇടപെടുന്നതിനും ആവശ്യമായ നഷ്ടപരിഹാരം യഥാസമയം ലഭ്യമാക്കുന്നതിനും ജനജാഗ്രതാ സമിതികൾക്ക് വലിയ പങ്ക് വഹിക്കാനാകും. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇത്തരം സമിതികൾക്ക് വലിയ ഉത്തരവാദിത്വങ്ങളുണ്ട്. അതിർത്തി മേഖലകളിൽ മനുഷ്യ- വന്യജീവി സംഘർഷം വലിയതോതിൽ നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ, ജനജാഗ്രതാ സമിതികളെ വീണ്ടെടുക്കാനും, അവയുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |