കേരളത്തിലെ വിദ്യാലങ്ങളിൽ റാഗിംഗ് എന്നത്, ലഹരിമരുന്നിന്റെ സഹായത്തോടെ നടക്കുന്ന ഒരു 'ഓർഗനൈസ്ഡ് ക്രൈം" ആയിമാറിക്കൊണ്ടിരിക്കുന്നു. ഇത്തരം ക്രൂരതകളെ നേരിടാൻ കൃത്യമായ നിയമങ്ങളുണ്ടെങ്കിലും പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവ റിപ്പോർട്ട് ചെയ്യാത്തതും, പലപ്പോഴും പ്രതികൾക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നതും അവർക്ക് അതേ ക്യാമ്പസിൽ വീണ്ടും സ്വൈരവിഹാരത്തിന് അവസരം സൃഷ്ടിക്കുന്നു. ഇതിന്റെ ഏറ്റവും ഞെട്ടിക്കുന്ന ഉദാഹരണമാണ്, പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർഥന്റെ മരണം.
ആൺകുട്ടികളുടെ ഹോസ്റ്റലിന്റെ നടുത്തളത്തിൽ കൊണ്ടുവന്ന് ദിവസങ്ങളോളമാണ് ആ പാവം വിദ്യാർത്ഥിയെ ഒരു സംഘം സീനിയർ വിദ്യാർത്ഥികൾ അതിക്രൂരമായി മർദ്ദിച്ചത്. അതും, ഹോസ്റ്റലിലെ ഏതാണ്ട് നൂറ്റമ്പതോളം വിദ്യാർഥികളെ സാക്ഷി നിറുത്തി! അടിവസ്ത്രം മാത്രം ധരിപ്പിച്ച് മനുഷ്യ മന:സാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള അക്രമപരമ്പരകൾ അരങ്ങേറിയിട്ടും ഈ വിവരം റിപ്പോർട്ടു ചെയ്യാൻ ഒരാൾ പോലും തയ്യാറായില്ല. കാരണം ഭയം! ഒടുവിൽ ആ കുട്ടി ജീവനൊടുക്കുകയായിരുന്നു.
പ്രതികരണം
തടയുന്ന ഭയം!
സിദ്ധാർത്ഥന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്നു തന്നെ ഞാൻ വിലയിരുത്തുന്നു. ജീവിക്കാൻ ഒരു ആശയും ബാക്കിവയ്ക്കാത്ത രീതിയിൽ പൂർണമായും അപമാനിച്ചും, ആത്മാഭിമാനം പൂർണമായും തകർത്തും ആ കുട്ടിയെ മരണത്തിലേക്കു തള്ളിവിട്ടത് മർദ്ദിച്ചവർ മാത്രല്ല, മറിച്ച് ഇതിനെല്ലാം സാക്ഷിയായിട്ടും പ്രതികരണശേഷി നഷ്ടപ്പെട്ട് ഭയന്നുനിന്ന മറ്റ് കുട്ടികളുടെ കൂട്ടം കൂടിയായിരുന്നു. എന്തുകൊണ്ടാണ് ഈ ഭയം? മർദ്ദിക്കുന്നവർക്കു കിട്ടുന്ന പൊളിറ്റിക്കൽ പേട്രനേജും അവരെ ചുറ്റിപ്പറ്റിയുള്ള ക്രൈം സിൻഡിക്കേറ്റും തന്നെ കാരണം.
പ്രതികരിച്ചാൽ തങ്ങളും ഇതേ പീഡനമുറകൾക്ക് ഇരയാകുമെന്ന ഭയം! ഈ മർദ്ദനത്തിന് നേതൃത്വം നൽകിയത് കേരളം ഭരിക്കുന്ന പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയുടെ ആ കോളേജിലെ നേതൃത്വമായിരുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. അപരന്റെ വേദനയിൽ ഉന്മാദം കണ്ടെത്തുന്ന മാനസിക രോഗികളായ ഈ കുറ്റവാളികളെ രക്ഷിക്കാൻ സി.പി.എമ്മും സർക്കാരും കോളേജ് അധികൃതരും മത്സരിച്ചു ശ്രമിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
നോക്കുകുത്തിയായ
പ്രോസിക്യൂഷൻ
ആന്റി റാഗിംഗ് സ്‌ക്വാഡും സി.ബി.ഐയും കൃത്യമായി കേസ് അന്വേഷിച്ച് റിപ്പോർട്ട് നൽകി. പക്ഷേ കേസ് കോടതിയിലെത്തിയപ്പോൾ വന്ന വിധി ദൗർഭാഗ്യകരമായിരുന്നു. ഒരു യുവാവിനെ അർദ്ധനഗ്നനായി കെട്ടിയിട്ട് നൂറ്റമ്പതു പേരെ സാക്ഷി നിറുത്തി ക്രൂരമായി മർദ്ദിച്ച് മരണത്തിലേക്കു തള്ളിവിട്ടത് ഗുണദോഷിക്കലായാണ് സിംഗിൾ ബെഞ്ച് കണ്ടെത്തിയത്. മാത്രവുമല്ല, കുറ്റവാളികൾക്ക് തുടർപഠനത്തിനും അവസരം നൽകി, കോടതി വിധി. ഇതിനെതിരെ കാര്യക്ഷമമായി വാദിക്കാനോ അപ്പീൽ പോകാനോ പ്രോസിക്യൂഷൻ തയ്യാറായതുമില്ല. ഈ മരണം സംഭവിച്ച് ഒരുവർഷം പോലുമാകുന്നതിനു മുമ്പ്, സസ്‌പെൻഷനിലായ ഉദ്യോഗസ്ഥർ തിരികെ ജോലിക്കു കയറുകയും വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് അവസരം ലഭിക്കുകയും ചെയ്തു. സിദ്ധാർത്ഥന്റെ മാതാപിതാക്കൾ ഡിവിഷൻബെഞ്ചിനെ സമീപിച്ചപ്പോഴാണ് തുടർപഠനത്തിന് സ്റ്റേ ലഭിച്ചത്. പക്ഷേ പ്രതികൾ ഇപ്പോഴും സ്വതന്ത്രരായി വിഹരിക്കുന്നു.
സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികൾക്കു ലഭിച്ച രാഷ്ട്രീയ സംരക്ഷണമാണ് കേരളത്തിലെ ക്യാമ്പസുകളിൽ പിന്നീട് റാഗിംഗിന്റെ തുടർപരമ്പരകൾ സൃഷ്ടിച്ചത്. ഇതേ വിദ്യാർഥിപ്രസ്ഥാനത്തിന്റെ നേതാക്കൾ തന്നെ കോട്ടയം ഗവ. നഴ്സിംഗ് കോളേജിൽ, ഗ്വാണ്ടനാമോയിലെ ജയിലുകളെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തിൽ ക്രൂര പീഡനങ്ങൾക്ക് നേതൃത്വം നൽകുന്ന വീഡിയോകൾ പുറത്തുവന്നത് നമ്മൾ കണ്ടു. യൂണിവേഴ്സിറ്റി കോളജിലും എറണാകുളം മഹാരാജാസ് കോളേജിലും ഇടിമുറികൾ നമ്മൾ കണ്ടു. ഇതിനെല്ലാം രാഷ്ട്രീയ സംരക്ഷണം ഒരുക്കി മനുഷ്യത്വം തൊട്ടുതീണ്ടാത്ത ഒരു തലമുറയെ വാർത്തെടുക്കുന്നത് എന്തിനാണെന്ന് ഉത്തരവാദപ്പെട്ടവർ സ്വയം ചോദിക്കണം.
കേരളത്തിലെ റാഗിംഗ് കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് സ്ഥാപിക്കുമെന്നുള്ള ഹൈക്കോടതിയുടെ തീരുമാനം ഈ പ്രത്യേക സാഹചര്യത്തിൽ അങ്ങേയറ്റം സ്വാഗതാർഹമാണ്. പൂക്കോട് സംഭവത്തിലെ പ്രതികൾക്ക് ജാമ്യം നൽകാനും തുടർപഠനം അനുവദിക്കാനുമുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ ഞാനടക്കമുള്ള പൊതുപ്രവർത്തകർ ഉയർത്തിയ പ്രതിഷേധം ഹൈക്കോടതി ഉൾക്കൊണ്ടതിന്റെ ഫലമാണ് ഈ തീരുമാനമെന്നു വിശ്വസിക്കുന്നു. അതുപോലെ, റാഗിംഗ് നിയമങ്ങൾ പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിലും ഞാൻ കക്ഷി ചേർന്നിട്ടുണ്ട്. ഈ വിഷയത്തിൽ കൃത്യമായ ദിശാബോധം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഊന്നിയുറപ്പിക്കാനാണ് ഞാൻ കൂടി കക്ഷി ചേർന്നിരിക്കുന്നത്.
സേഫ് ക്യാമ്പസ്
പദ്ധതി വരണം
സിനിമകളിലെ വയലൻസും ലഹരിമരുന്ന് ഉപയോഗവും റാഗിംഗിന്റെ സാമൂഹ്യപരിസരത്തിന് കൂടുതൽ ശക്തി പകരുന്നുണ്ട്. ഞാൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് നടപ്പാക്കിയ 'ക്ളീൻ ക്യാമ്പസ്- സേഫ് ക്യാമ്പസ്" പദ്ധതിയിൽ റാഗിംഗ്, ലഹരിമരുന്ന് ഉപയോഗം എന്നിവയിൽ നിന്ന് സംസ്ഥാനത്തെ കലാലയങ്ങളെ പൂർണമായും ഒഴിവാക്കാനുള്ള മാർഗങ്ങൾ വിഭാവനം ചെയ്തിരുന്നു. ഇത്തരം പദ്ധതികൾ ഇന്നു നിലവിലില്ലാത്തതും ക്യാമ്പസുകളിൽ ലഹരിമരുന്നുകൾ യഥേഷ്ടം ലഭ്യമാകുന്നതും കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ തകിടം മറിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് താമരശേരിയിൽ പത്താംക്ളാസുകാരനായ ഷഹബാസ് കൂട്ടുകാരുടെ അടിയേറ്റ് കൊല്ലപ്പെടുന്നതു പോലുള്ള സംഭവങ്ങൾ അരങ്ങേറുന്നത്. ഇതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ ഇൻസ്റ്റഗ്രാം പേജിൽ വന്ന സംഭാഷണങ്ങൾ,കുട്ടികൾ പോലും എത്രമാത്രം സംഘടിത കുറ്റകൃത്യങ്ങളിലാണ് ഏർപ്പെടുന്നതെന്ന് വ്യക്തമാക്കുന്നു.
കോളേജുകളിൽ മാത്രമാണ് റാഗിംഗ് എന്ന ധാരണ തിരുത്തിക്കുറിക്കുന്നതായിരുന്നു എറണാകുളം ഗ്ലോബൽ പബ്ളിക് സ്‌കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയായിരുന്ന മിഹീറിന്റെ ആത്മഹത്യ. അതിക്രൂരമായ റാഗിംഗ് സഹിക്കാൻ കഴിയാതെ ജീവനൊടുക്കിയ ആ കുട്ടിയുടെ മരണം സഹപാഠികളിൽ പലരും ആഘോഷമാക്കിയത് ഞെട്ടിക്കുന്ന സംഭവമായിരുന്നു. ഇതിന്റെ ഇൻസ്റ്റഗ്രാം പേജുകളിലെ സംഭാഷണങ്ങൾ പുറത്തുവന്നതു കാണുമ്പോൾ, ഹൃദയമില്ലാത്ത ഒരു തലമുറയാണ് വളർന്നു വരുന്നതെന്നു തോന്നയാൽപ്പോലും അതിശയപ്പെടാനില്ല.
പുതിയ തലമുറയിലെ കുട്ടികളുടെ മാനസികാരോഗ്യം ഒരു വലിയ പ്രശ്നമാണ്. ശാരീരികാരോഗ്യത്തിനൊപ്പം, കൃത്യമായ പരിശോധനയ്ക്കു വിധേയമാക്കേണ്ട ഒന്നാണ് മാനസികാരോഗ്യവും. പക്ഷേ നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്ത് എത്ര സ്‌കൂളിൽ കൗൺസിലർമാരുണ്ട് എന്നതും, അഥവാ ലഹരിമരുന്ന് ഉപയോഗം പിടിച്ചാൽ അവരിൽ എത്രപേർ ഈ വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നു എന്നതും എന്തു നടപടി സ്വീകരിക്കുന്നുവെന്നതും വലിയ വിഷയമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |