ആരോഗ്യരംഗത്തെ പല പ്രവണതകളും ആശാസ്യമായതല്ല. പ്രത്യേകിച്ച്, സ്വകാര്യ ആശുപത്രികളിലെ ചികിത്സകളിൽ രോഗികൾ അമിതമായ ചൂഷണത്തിന് വിധേയമാകുന്നുണ്ട് എന്നത് ജനങ്ങൾക്ക് പൊതുവെ അനുഭവവും അറിവുമുള്ള കാര്യമാണ്. എന്നാൽ സ്വകാര്യ ആശുപത്രികൾക്കെതിരെ പരാതി നൽകാനും കേസുമായി മുന്നോട്ടു പോകാനുമൊന്നും ആരും സാധാരണ തയ്യാറാകാറില്ല. സ്വകാര്യ ആശുപത്രികളിൽത്തന്നെ ഫൈവ് സ്റ്റാർ സൗകര്യങ്ങളും സെവൻ സ്റ്റാർ സൗകര്യങ്ങളും ഉള്ളവ ഇന്ന് ലഭ്യമാണ്. ഇൻഷ്വറൻസ് കമ്പനികളും സ്വകാര്യ ആശുപത്രികളും കൈകോർത്ത് പ്രവർത്തിക്കുന്നതിനെക്കുറിച്ചും പരാതികൾ ഉയർന്നിട്ടുള്ളതാണ്. വളരെ താഴ്‌ന്ന വരുമാനക്കാർ ഒഴികെയുള്ളവരെല്ലാം കൂടുതലായും ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളെയാണ് സമീപിക്കുന്നത്. മികച്ച പരിചരണ ശ്രദ്ധയും ചികിത്സയും ലഭിക്കും എന്ന ധാരണയും വിശ്വാസവുമാണ് രോഗികളെ ഇതിന് പ്രേരിപ്പിക്കുന്നത്.
ആധുനിക കാലത്ത് എല്ലാവരും ആരോഗ്യ പരിപാലനത്തിന് പ്രഥമ പരിഗണനയാണ് നൽകിവരുന്നത് എന്നതിനാൽ ചികിത്സാരംഗം എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള ഒരു മേഖലയായിക്കണ്ട് ഒരുപാട് പുതിയ പണക്കാർ പോലും ആശുപത്രി ബിസിനസ് രംഗത്തേക്ക് കടന്നുവന്നിട്ടുണ്ട്. ഇത് ചികിത്സയുടെ നിലവാരം കുറയാനും ചൂഷണം വർദ്ധിക്കാനും കുറച്ചൊന്നുമല്ല ഇടയാക്കിയിട്ടുള്ളത്. സർക്കാർ ആശുപത്രികളുടെ നിലവാരമൊക്കെ പഴയതിനെ അപേക്ഷിച്ച് മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും രോഗിക്കും ബന്ധുക്കൾക്കും തൃപ്തികരമായൊരു സമീപനം പലപ്പോഴും അവിടെ നിന്ന് ലഭിക്കാറില്ല. ഡോക്ടർമാരുടെ കുറവും രോഗികളുടെ എണ്ണക്കൂടുതലും എല്ലാ സർക്കാർ ആശുപത്രികളുടെയും താളം തെറ്റിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ഇതിൽ ഒരു മാറ്റം വരികയാണെങ്കിൽ സ്വകാര്യ ആശുപത്രികളുടെ അമിത നിരക്കുകൾ സ്വയം നിയന്ത്രിക്കപ്പെടുന്ന അവസ്ഥ സംജാതമാകും. അതൊട്ട് സംഭവിക്കുന്നുമില്ല!
സ്വകാര്യ ആശുപത്രിയിൽ നിന്നുതന്നെ അമിത നിരക്കിൽ മരുന്ന് വാങ്ങാൻ നിർബന്ധിക്കുന്നതായി ചൂണ്ടിക്കാട്ടിയും ചൂഷണം തടയാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടും ഒരുകൂട്ടം പരാതിക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി നിർബന്ധിത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചാൽ ശരിയാകില്ലെന്നും ഇത്തരം ചൂഷണം തടയാൻ സംസ്ഥാനങ്ങൾ നയരൂപീകരണം നടത്തണമെന്നുമാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. രോഗികളെയും അവരുടെ സഹായികളെയും ചൂഷണത്തിൽ നിന്ന് സംരക്ഷിക്കാനും അന്യായമായ ചാർജുകൾ ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാനും സമഗ്രമായ നയങ്ങളും മാർഗനിർദ്ദേശങ്ങളും തയ്യാറാക്കാനാണ് ഉന്നത കോടതി എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടത്. അതേസമയം പുതിയ സ്വകാര്യ സ്ഥാപനങ്ങൾ ആരോഗ്യമേഖലയിലേക്ക് പ്രവേശിക്കുന്നതിനെതിരെ യുക്തിരഹിതമായ നിയന്ത്രണങ്ങൾ നയത്തിന്റെ ഭാഗമായി ഉണ്ടാകരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഈ നിർദ്ദേശത്തിന്റെ വെളിച്ചത്തിൽ എല്ലാ സംസ്ഥാനങ്ങളും ഇത്തരമൊരു നയം രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കാനും നിർദ്ദേശങ്ങൾ സമർപ്പിക്കാനും വിദഗ്ദ്ധ സമിതിയെ നിയോഗിക്കേണ്ടതാണ്.
സ്വകാര്യ ആശുപത്രികളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ അനാവശ്യ ഇടപെടലുകൾ ഒഴിവാക്കിക്കൊണ്ടുള്ളതും, അതേസമയം പരിധി വിട്ട ചാർജ് ചുമത്തലിനെ തടയാൻ സഹായിക്കുന്നതുമായ ഒരു സ്ഥിരം സംവിധാനത്തിനാകണം സംസ്ഥാനങ്ങൾ രൂപം നൽകേണ്ടത്. സ്വകാര്യ ആശുപത്രികൾക്കെതിരെ ഉയരുന്ന പരാതികൾ സ്വീകരിക്കാനും അന്വേഷണം നടത്തി, അനീതി സംഭവിച്ചിട്ടുണ്ടെങ്കിൽ ദുരീകരിക്കാനും ഈ സംവിധാനത്തിന് കഴിയണം. അതോടൊപ്പം തന്നെ സർക്കാർ ചികിത്സാ കേന്ദ്രങ്ങളുടെ നഷ്ടപ്പെടുന്ന വിശ്വാസ്യത വീണ്ടെടുക്കാനുള്ള നടപടികളും ഉണ്ടാകണം. ചികിത്സയുടെ ചെലവ് താങ്ങാനാവാതെ ജനങ്ങൾ നട്ടംതിരിയുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ അത്തരം നടപടികൾ അനിവാര്യമാണ്. മികച്ച ഡോക്ടർമാരിൽ ഒരു വലിയ വിഭാഗം സർക്കാർ സ്ഥാപനങ്ങൾ വിട്ട് സ്വകാര്യ മേഖലയെ ആശ്രയിക്കുന്നത് അവർ മുന്നോട്ടുവയ്ക്കുന്ന ഉയർന്ന പ്രതിഫലം കാംക്ഷിച്ചാണ്. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ പ്രതിഫലം കാലോചിതമായി നിശ്ചിത കാലയളവുകളിൽ പരിഷ്കരിക്കുന്നതിനും സംസ്ഥാന സർക്കാരുകൾ തയ്യാറാകേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |