കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സിയിലുള്ള ചേലമ്പ്ര സ്വദേശിയായ 47കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ കഴിഞ്ഞ 20 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. യുവാവ് ഒരു മാസം മുൻപ് കണ്ണൂരിൽ ജോലി ചെയ്തിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. മുൻകരുതലുകളുടെ ഭാഗമായി രോഗം സ്ഥിരീകരിച്ച പ്രദേശത്തെ 80 വാര്‍ഡുകളിൽ ക്ലോറിനേഷൻ നടത്തിയിരിക്കുകയാണ്.
ഇന്നലെയും കോഴിക്കോട് ഏഴു വയസുകാരന് രോഗം സ്ഥിരീകരിച്ചിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച താമരശേരി സ്വദേശിയായ ഒമ്പത് വയസുകാരി അനയയുടെ സഹോദരനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ നടത്തിയ പരിശോധനയിലാണ് ഏഴുവയസുകാരന് രോഗം സ്ഥിരീകരിച്ചത്. വീടിന് സമീപത്തെ കുളത്തിൽ നിന്ന് ഈ കുട്ടിയും കുളിച്ചിരുന്നു.
കഴിഞ്ഞ വ്യാഴാഴ്‌ചയാണ് താമരശേരി ആനപ്പാറയിൽ സനൂപിന്റെ മകൾ അനയ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. അനയയും സഹോദരങ്ങളും മൂന്നാഴ്ച മുൻപ് വീടിന് സമീപത്തെ കുളത്തിൽ നീന്തൽ പരിശീലിച്ചിരുന്നു. ഈ കുളമാണ് രോഗകാരണമായ ജലസ്രോതസെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.
ബുധനാഴ്ച മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുകാരിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കുട്ടി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കടുത്ത പനി ബാധിച്ച കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് രാത്രിയോടെ കുട്ടിയുടെ സ്രവം ശേഖരിച്ചു. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിലാണ് പരിശോധന നടത്തിയത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധന ഉടൻ നടത്തുമെന്ന് ആരോഗ്യവിദഗ്ദ്ധർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |