ആശാപ്രവർത്തക നേതാക്കൾ ആരോഗ്യമന്ത്രി വീണാ ജോർജ്, ദേശീയ ആരോഗ്യമിഷൻ ഡയറക്ടർ വിനയ് ഗോയൽ എന്നിവരുമായി ബുധനാഴ്ച നടത്തിയ ചർച്ചകൾ ഫലം കണ്ടില്ല. ആശമാർ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോട് അനുഭാവമുണ്ടെങ്കിലും വേതനവും ഇൻസെന്റീവും വർദ്ധിപ്പിക്കാൻ സർക്കാരിന്റെ ധനസ്ഥിതി അനുവദിക്കുന്നില്ലെന്നാണ് മന്ത്രി വീണാജോർജ് ചർച്ചയ്ക്കുശേഷം പറഞ്ഞത്. സെക്രട്ടേറിയറ്റ് നടയിൽ കഴിഞ്ഞ നാല്പതോളം ദിവസമായി നടത്തിവരുന്ന സമരം തുടരാൻ തന്നെയാണ് ആശമാരുടെ തീരുമാനം. ഇന്നലെ മുതൽ നിരാഹാര സമരം എന്ന നിലയിലേക്ക് അത് മാറിയിട്ടുണ്ട്. ഇത്രയും ദീർഘമായി സമരം കിടന്നിട്ടും ഒത്തുതീർപ്പുസാദ്ധ്യത അകന്നുപോകുന്നതിന് പ്രത്യേകിച്ച് ന്യായീകരണമൊന്നുമില്ല. മന്ത്രി വീണാജോർജ് ഡൽഹിയിൽ കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ടു നടത്തുന്ന ചർച്ചയിലാണ് ഇനി ആശാ പ്രവർത്തകരുടെ പ്രതീക്ഷയത്രയും.
ആശമാരുടെ സമരത്തോട് സർക്കാർ ആദ്യം മുതലേ മുൻവിധിയോടെയുള്ള സമീപനമാണ് സ്വീകരിച്ചത്. അതുകൊണ്ടുതന്നെ, ഒത്തുതീർപ്പു ചർച്ചകളെ ഈ മുൻവിധി ഏറെ സ്വാധീനിച്ചതായി കാണാം. സമരം സ്വയം അവസാനിച്ചുകൊള്ളുമെന്നായിരുന്നു സർക്കാരിന്റെ ധാരണ. എന്നാൽ ഓരോ ദിവസം കഴിയുന്തോറും ജനപിന്തുണ സമരക്കാർക്ക് അധികമായി ലഭിച്ചുകൊണ്ടിരിക്കുന്നതാണ് കണ്ടത്. ആശമാരുടെ ആവശ്യം അന്യായമാണെന്ന് സർക്കാരിനും അഭിപ്രായമില്ല. അപ്പോൾപ്പിന്നെ എന്തുകൊണ്ട് പ്രശ്നപരിഹാരം ഉണ്ടായിക്കൂടാ എന്ന ചോദ്യമുയരുന്നു. സമരത്തെ താറടിക്കാനും സമരം ചെയ്യുന്ന വനിതകളെ അവഹേളിക്കാനും ഇടതുമുന്നണി നേതാക്കളിൽ നിന്ന് ആസൂത്രിതമായി നടന്ന ശ്രമങ്ങൾ ഈ നാട്ടിലെ ജനങ്ങൾ കണ്ടതാണ്.
തൊഴിലാളികളുടെ ചെലവിൽ, അവരുടെ പിന്തുണയും സഹായവും സ്വീകരിച്ചുകൊണ്ട് വലിയ നേതാക്കളായി വളർന്നവർ പോലും ആശാ സമരത്തെ നിന്ദ്യമായി അപഹസിക്കുകയായിരുന്നു. ഇതൊന്നും സാധാരണ മലയാളികൾ കണ്ടും കേട്ടും ശീലിച്ച കാര്യങ്ങളല്ല. ആശാ സമരത്തിൽ ഇടപെട്ടുകൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയും മലയാളിയായ സുരേഷ്‌ഗോപിയും പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന പ്രസ്താവനകൾ പ്രതീക്ഷ പകരുന്നതാണെങ്കിലും ഫലപ്രാപ്തിയിലെത്താത്തത് എന്തുകൊണ്ടാണെന്നറിയില്ല. ആശാ പ്രവർത്തകരുടെ ഓണറേറിയം 21,000 രൂപയായി വർദ്ധിപ്പിക്കേണ്ടത് ന്യായം മാത്രമാണെന്ന് കേന്ദ്ര നേതാക്കൾ പറയുന്നു. പിന്നെ എന്തുകൊണ്ട് അത് പ്രയോഗത്തിൽ വരുത്താൻ നടപടിയുണ്ടാകുന്നില്ല? ഇന്നത്തെ കാലത്ത് ഏഴായിരമോ ഒൻപതിനായിരമോ രൂപകൊണ്ട് ഒരു കുടുംബം പുലരുകയില്ലെന്ന് ഏവർക്കുമറിയാം. ജീവിക്കാൻ മതിയായ വേതനമേ ആശാ പ്രവർത്തകരും ആവശ്യപ്പെടുന്നുള്ളൂ.
പൊതുജനാരോഗ്യ പ്രവർത്തനങ്ങളുടെ അടിസ്ഥാന വിഭാഗമായി പണിയെടുക്കുന്ന ആശാ പ്രവർത്തകരുടെ സമരത്തെത്തുടർന്ന് സംസ്ഥാനത്തെ ആരോഗ്യ വിവര ശേഖരണം പാടേ നിലച്ചിരിക്കുകയാണ്. മഴക്കാലം ആസന്നമായതിനാൽ ആശാപ്രവർത്തകരുടെ ഗൃഹസന്ദർശനങ്ങളും വിവരശേഖരണവും വിലപ്പെട്ടതാണ്. പിടിവാശി കാണിക്കാതെ അവർ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോട് അനുഭാവം കാണിക്കുന്നതിനു പകരം അവരെ ശത്രുപക്ഷത്തു കാണുന്നത് സർക്കാരിന് ഭൂഷണമല്ല. നാല്പതു ദിവസമായി തുടരുന്ന സമരം യുക്തിസഹമല്ലാത്ത ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണെന്ന് സർക്കാരിനും അഭിപ്രായമില്ലാത്ത സ്ഥിതിക്ക് കൂടുതൽ വിപുലമായ ചർച്ചയിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കേണ്ടതാണ്. അഭിമാന പ്രശ്നമായി ആശമാരുടെ സമരത്തെ കാണരുത്. അവർ സമൂഹത്തിന്റെ തന്നെ ഭാഗമാണ്. അവരുടെ വേദനയും കണ്ണീരും സമൂഹത്തെ നൊമ്പരപ്പെടുത്തുന്നുണ്ടെന്ന് മറന്നുകൂടാ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |