നടൻ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച മുൻ പങ്കാളികളായ അമൃത സുരേഷും എലിസബത്ത് ഉദയനും രംഗത്തെത്തിയിരുന്നു. ബാലയ്‌ക്കെതിരെ അമൃതയും എലിസബത്തും ഒന്നിച്ചുവന്നിരുന്നെങ്കിൽ എന്ന് സോഷ്യൽ മീഡിയയിൽ വിവിധ അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഈ സംശയങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് അഭിരാമി സുരേഷ്. എലിസബത്തിനെ ബന്ധപ്പെടാൻ അമൃതയും താനും ശ്രമിച്ചിരുന്നുവെന്നും ചിലരുടെ ഇടപെടൽ മൂലം അത് സാധിച്ചില്ലെന്നും അഭിരാമി സുരേഷ് പറഞ്ഞു. തങ്ങളുടെ അമൃതം ഗമയ എന്ന യു ട്യൂബ് ചാനലിന്റെ കമന്റ് ബോക്സിലെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് അഭിരാമി ഇക്കാര്യം വ്യക്തമാക്കിയത്.
മാസങ്ങൾക്ക് മുമ്പ് ഞങ്ങൾ എലിസബത്തിനെ വീണ്ടും ബന്ധപ്പെടാൻ ആത്മാർഥമായി ശ്രമിച്ചിരുന്നു. എന്നാൽ, ഞങ്ങളെ അകറ്റിനിർത്തുന്നതിൽ വ്യക്തിപരമായ ലക്ഷ്യങ്ങളുള്ള ചില വ്യക്തികളുടെ ഇടപെടൽമൂലം ശ്രമം വിഫലമായി. അവർ സാഹചര്യത്തെ വളച്ചൊടിച്ച് ഞങ്ങൾക്കിടയിൽ കൂടുതൽ അകലമുണ്ടാക്കി. അതിനുശേഷം ഞങ്ങളോട് ബന്ധപ്പെടേണ്ടെന്ന് അവർ തീരുമാനിക്കുകയായിരുന്നു. പിന്തുണ അറിയിച്ചുകൊണ്ട് അവരെ ബന്ധപ്പെടാൻ ഞാനും അമൃതയും പലതവണ ശ്രമിച്ചിരുന്നു. എന്നാൽ, തനിക്കൊപ്പം നിൽക്കുന്ന കരുത്തരായ ആളുകൾക്കൊപ്പം അവർ ഒറ്റയ്ക്ക് പോരാടാൻ തീരുമാനിച്ചുവെന്ന് അഭിരാമി പറഞ്ഞു.
ഞങ്ങളോട് കാണിച്ചത് പോലെ ആരും എലിസബത്തിനെ സംശയത്തോടെ കാണുകയോ ആക്രമിക്കുകയോ ചെയ്തിട്ടില്ല. അവരെ ഇല്ലാതാക്കാൻ ശ്രമിക്കുകയോ, അവരുടെ സത്യസന്ധതയെ ചോദ്യംചെയ്യുകയോ ചെയ്തിട്ടില്ല. അത്തരത്തിൽ എല്ലാ ക്രൂരതയിൽനിന്നും അവരെ ഒഴിച്ചുനിർത്തിയതിൽ ഞങ്ങൾക്കും സന്തോഷമുണ്ട്. എന്നിരുന്നാലും, ഇപ്പോൾ തനിക്ക് ചുറ്റുമുള്ളവർക്കൊപ്പം ഈ പോരാട്ടത്തിൽ അവർ തനിച്ച് നിൽക്കാനാണ് തീരുമാനിച്ചത്. അമൃതയും എലിസബത്തും ഒരുമിച്ചുവന്നിരുന്നെങ്കിൽ ഈ പോരാട്ടം കുറച്ചുകൂടെ ശക്തവും കരത്തേറിയതുമായേനെ. എന്നാൽ നിർഭാഗ്യവശാൽ ചിലർ ഇടപെട്ടു,
ഞങ്ങളെക്കുറിച്ചുള്ള അവരുടെ ധാരണയിൽ അവർ വിഷം നിറച്ചു, അങ്ങനെ ആ സാദ്ധ്യതയും ഇല്ലാതാക്കി. അതുകൊണ്ട് തന്നെ ദീർഘകാലമായി ഞങ്ങൾക്കിടയിൽ ഒരുബന്ധവുമില്ല. എന്നാൽ, അവർക്ക് എപ്പോഴെങ്കിലും ഞങ്ങളുടെ പിന്തുണ ആവശ്യമാണെന്ന് തോന്നുകയാണെങ്കിൽ ഞങ്ങൾ എപ്പോഴും അവർക്കൊപ്പമുണ്ടാവും. ഞങ്ങൾ വർഷങ്ങളോളം അനുഭവിച്ചു, ഇപ്പോഴും ആ മനുഷ്യൻ ഇക്കാര്യങ്ങളിലേക്ക് ഞങ്ങളുടെ പേര് വലിച്ചിഴയ്ക്കുകയാണ്. ഞങ്ങൾ ഒരു തിരിച്ച് വരവിന്റെ പാതയിലാണ്, രണ്ട് വർഷത്തേയും പതിനാല് വർഷത്തേയും വേദനകൾ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും ഞങ്ങൾക്കറിയാം. അതിനാൽ, ദയവുചെയ്ത് ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക. എലിസബത്തിന്റെ പോരാട്ടത്തെ പിന്തുണയ്ക്കണമെന്നും അഭിരാമി സുരേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |