മുനമ്പത്തെ വഖഫ് ഭൂമി തർക്കം. ഇതിൽ ജുഡീഷ്യൽ കമ്മിഷനെ വച്ച് കൈപൊള്ളിയ എൽ.ഡി.എഫ്. കുടിയിറക്ക് ഭീഷണി നേരിടുന്നവർക്ക് കേന്ദ്രത്തിലെ വഖഫ് ബില്ലിന്റെ പേരിൽ വാഗ്ദാനങ്ങൾ ചൊരിഞ്ഞ എൻ.ഡി.എ. കേരളത്തിലോ കേന്ദ്രത്തിലോ അധികാരമില്ലെങ്കിലും, പ്രശ്നം സിമ്പിളായി തകർക്കാമെന്ന് വീമ്പിളക്കുന്ന കോൺഗ്രസ് മുന്നണി. ഇതിനെല്ലാം ഉപരിയായി നിൽക്കുന്ന ശക്തമായ വഖഫ് നിയമങ്ങൾ... ഈ വർഷം അവസാനം വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും മുനമ്പം ഒരു സുപ്രധാന വിഷയമാകുമെന്നുറപ്പ്.
പതിറ്റാണ്ടുകളായി പുകഞ്ഞു നിൽക്കുകയും കഴിഞ്ഞവർഷം അവസാനം കത്തിക്കയറുകയും ചെയ്ത മുനമ്പം ഭൂമി പ്രശ്നം. എറണാകുളം ജില്ലയിലെ കൊച്ചു കടലിടുക്കിലുള്ള 600 കുടുംബങ്ങളുടെ വിഷയമാണെങ്കിലും അങ്ങു ഡൽഹി വരെ നീറിപ്പടർന്നു. വഖഫ് ഭൂമിയെന്ന് വഖഫ് ബോർഡ് പ്രഖ്യാപിച്ച 404 ഏക്കറിൽ കടലെടുത്ത ശേഷം ബാക്കിയുള്ള മൂന്നിലൊന്ന് സ്ഥലത്താണ് ഈ കുടുംബങ്ങൾ. മിക്കവർക്കും ആധാരമടക്കമുള്ള രേഖകളുണ്ടെങ്കിലും, ഭൂമി മുമ്പ് കൈവശം വച്ചിരുന്ന കോഴിക്കോട് ഫറൂഖ് കോളേജ് മാനേജ്മെന്റ് അത് അനധികൃതമായി മുറിച്ചുവിറ്റെന്നാണ് സംസ്ഥാന വഖഫ് ബോർഡിന്റെ വാദം. മുനമ്പത്തേത് വഖഫ് ആധാരമല്ലെന്നും ക്രയവിക്രയാധികാരമുള്ള ദാനാധാരമാണെന്നുമാണ് മറുവാദം. തർക്കം കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നുറപ്പിക്കുന്ന വഖഫ് ബോർഡ് തുടർനടപടികളിലേക്ക് കടന്നതോടെയാണ് പ്രതിഷേധം ഉയർന്നത്. താമസക്കാരുടെ ഭൂനികുതിയെടുക്കുന്നത് വില്ലേജ് അധികൃതർ നിറുത്തിവച്ചു. ഹൈക്കോടതിയിൽ നിന്നും ഇവർക്ക് ആശ്വാസം കിട്ടിയില്ല. സ്വന്തം വീട്ടിൽ അന്യരായി താമസിക്കുന്ന സ്ഥിതിയിലാണവർ. ക്രൈസ്തവർക്കും ഹൈന്ദവർക്കും ഭൂരിപക്ഷമുള്ള മുനമ്പത്ത് കൂടുതലും മത്സ്യത്തൊഴിലാളികളാണ്. ഇവരുടെ സ്വത്തുവകകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന് നേതൃത്വം നൽകുന്നത് ക്രൈസ്തവ പുരോഹിതരാണ്. ഇതിനിടെ, ഭൂമി വഖഫിൽ നിലനിറുത്തണമെന്ന ആവശ്യവുമായി ചില മുസ്ലീം സംഘടനകളുടെ നേതൃത്വത്തിലുള്ള സംരക്ഷണ സമിതി പ്രക്ഷോഭം തുടങ്ങി. കൈമറിഞ്ഞു പോയ പ്ലോട്ടുകളിൽ വൻകിട റിസോർട്ടുകളടക്കം പ്രവർത്തിക്കുന്നത് അവർ ചൂണ്ടിക്കാട്ടി. ക്രമേണ തർക്കത്തിന് വർഗീയ നിറം കലർന്നുതുടങ്ങി.
കമ്മിഷൻ വരുന്നു, പോകുന്നു
മുനമ്പം പ്രശ്നം മുനമ്പത്ത് മാത്രമായി ഒതുങ്ങില്ലെന്നും സമൂഹത്തിൽ ചേരിതിരിവുണ്ടാക്കുമെന്നും വ്യക്തമായതോടെയാണ് സർക്കാർ ഒറ്റമൂലിയുമായെത്തിയത്. റിട്ട. ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ അദ്ധ്യക്ഷനാക്കി ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചു. മതിയായ രേഖകളുള്ള താമസക്കാരെ സംരക്ഷിക്കാനുള്ള ശുപാർശകൾ നൽകുക മാത്രമാണ് കമ്മിഷന്റെ ദൗത്യമെന്ന് പിന്നാലെ വ്യക്തമായി. എന്നാൽ നിലവിലെ വഖഫ് നിയമപ്രകാരം അതിനുള്ള അധികാരം പോലുമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഇപ്പോൾ ജുഡീഷ്യൽ കമ്മിഷൻ നിയമനം റദ്ദാക്കിയിരിക്കുന്നത്.
ഫറൂഖ് കോളജിനു ഭൂമി കൈമാറിയ മുഹമ്മദ് സിദ്ദിഖ് സെയ്തിന്റെ 1950 ലെ ആധാരം വഖഫ് ആണെന്നും ഭൂമി വഖഫ് ആണെന്നും വഖഫ് ബോർഡ് പ്രഖ്യാപിച്ചിട്ടുള്ളതാണ്. തീരുമാനം ഭേദഗതി ചെയ്യാൻ വഖഫ് ട്രൈബ്യൂണിലിനു മാത്രമേ കഴിയൂ. കമ്മിഷൻ എൻക്വയറി നിയമപ്രകാരം നിയമിച്ച കമ്മിഷനു വഖഫ് ഭൂമിയാണോയെന്നതു പരിഗണിക്കാനാവില്ല. വഖഫ് സ്വത്തിന്റെ കാര്യം പരിഗണിക്കാൻ വഖഫ് നിയമപ്രകാരം മറ്റ് അധികൃതർക്ക് തടസമുണ്ട്. വഖഫ് ഭൂമിയാണെങ്കിൽ വഖഫ് നിയമത്തിന് വിരുദ്ധമായ ഉത്തരവുകൾ സർക്കാരിനു പുറപ്പെടുവിക്കാനാവില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
സിംഗിൾബെഞ്ച് ഉത്തരവിനെതിരേ അപ്പീൽ നൽകാനുള്ള തയാറെടുപ്പിലാണ് സർക്കാർ. ജുഡീഷ്യൽ കമ്മിഷൻ നിയമനം ഇനി കോടതിയുടെ മേൽഘടകങ്ങൾ ശരിവച്ചാൽ പോലും മുനമ്പത്തിന് ശാശ്വത പരിഹാരമാകില്ല. കമ്മിഷൻ ശുപാർശകൾ പ്രശ്നബാധിതർക്ക് തുടർനിയമപടികൾ സ്വീകരിക്കാനുള്ള ഒരു മാർഗരേഖയാകുമെന്നു മാത്രം. മുനമ്പത്തേത് വഖഫ് ഭൂമിയാണോ അല്ലയോ എന്നതിൽ ട്രൈബ്യൂണൽ തീരുമാനമെടുത്താലും വിധി പ്രതികൂലമാകുന്നവർ കൂടുതൽ വ്യവഹാരങ്ങളിലേക്ക് നീങ്ങിയേക്കും. മുനമ്പം വിഷയം അശാന്തമായ തീരം പോലെ നീണ്ടുകിടക്കുമെന്നർത്ഥം. അതുകൊണ്ടാണ് ഇത് തിരഞ്ഞെടുപ്പ് വിഷയമാകാൻ സാദ്ധ്യതയേറുന്നതും.
രാഷ്ട്രീയ ഗീർവാണങ്ങൾ
മുനമ്പം ഭൂമിയുടെ കാര്യത്തിൽ കേരള സർക്കാരും ഇടതുപക്ഷവും പ്രതിരോധത്തിലാണ്. എന്തു നിലപാടെടുത്താലും ആർക്കെങ്കിലുമൊക്കെപൊള്ളുമെന്ന അവസ്ഥ. പാർലമെന്റിൽ അടുത്തദിവസം വരാനിരിക്കുന്ന വഖഫ് നിയമ ഭേദഗതി ബില്ലിന്റെ കാര്യം പറഞ്ഞാണ് ബി.ജെ.പി നേതാക്കൾ മുനമ്പം നിവാസികൾക്ക് പ്രതീക്ഷ നൽകുന്നത്. വഖഫ് ഭേഗഗതി നിയമം പ്രാബല്യത്തിലാകുന്നതോടെ ഇത്തരം തർക്കങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നാണ് അവകാശവാദം. തർക്കങ്ങൾ ട്രൈബ്യൂണലിന് പുറമേ സിവിൽ കോടതികളിൽ ചോദ്യം ചെയ്യാമെന്ന വ്യവസ്ഥ, കളക്ടർമാരെ ആർബിട്രേറ്റർമാരാക്കാമെന്ന നിർദ്ദേശം, വഖഫ് കൗൺസിലുകൾക്ക് ഭൂമിയിൽ അവകാശവാദം ഉന്നയിക്കാനാകില്ലെന്ന നിർദ്ദേശം. എന്നിവയെല്ലാമാണ് ഭേദഗതി നിയമത്തിന്റെ പ്രത്യേകതയായി ഉയർത്തിക്കാട്ടുന്നത്. ബില്ലിനെ എതിർക്കുന്ന പ്രതിപക്ഷ എ.പിമാർക്ക് മുനമ്പം പ്രശ്നം തീർക്കാനുള്ള ആത്മാർത്ഥതയില്ലെന്നും ബി.ജെ.പി. ആരോപിക്കുന്നു. എന്നാൽ മുനമ്പം പോലെ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രശ്നത്തിൽ ഇടപെടാൻ കഴിയുന്ന വിധം നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമുണ്ടാകുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല.
കേന്ദ്രത്തിലും കേരളത്തിലും പ്രതിപക്ഷത്തു നിൽക്കുന്ന കോൺഗ്രസിനാണ് ഇക്കാര്യത്തിൽ ലോട്ടറിയടിച്ചത്. നടപ്പാക്കേണ്ട ഉത്തരവാദിത്വമില്ലാത്തതിനാൽ എന്താരോപണവും ഉന്നയിക്കാം. രേഖകളുള്ള താമസക്കാർക്ക് സഥിരം പട്ടയം നൽകി സർക്കാർ വിചരിച്ചാൽ 10 മിനിട്ടുകൊണ്ട് തീർക്കാവുന്ന വിഷയമാണെന്നാണ് കോൺഗ്രസ് പറഞ്ഞുനടക്കുന്നത്. ഇങ്ങനെ നിയമനടപടികൾ എന്തുതന്നെയായാലും മുനമ്പം ഒരു തിരഞ്ഞെടുപ്പ് വിഷയമാവുകയാണ്. ഇക്കാര്യത്തിൽ ഏറ്റവും ക്ഷീണമാകുന്നത് കേരളം ഭരിക്കുന്ന ഇടതുപക്ഷത്തിനാകുമെന്നതിലും തർക്കമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |