തഴവ: എ.ടി.എം തകർത്ത് കവർച്ച നടത്തുവാൻ ശ്രമിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിലായി. മഹാരാഷ്ട്ര സ്വദേശി കുതുബുദ്ദീൻ ഗാസി (40 ), പശ്ചിമ ബംഗാൾ പാർഗനസ് സ്വദേശി മോസ്താക്കിൻ ഗാസി (19 ) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ച വെളുപ്പിന് വില്ലേജ് ജംഗ്ഷനിൽ ഉള്ള ഹിറ്റാച്ചി എ.ടി.എമ്മിൽ കയറി സി.സി.ടി.വിയും മറ്റും മറച്ച് എ.ടി.എം തകർത്ത് പണം അപഹരിക്കുവാൻ ശ്രമം നടന്നിരുന്നു. എ. ടി. എം ഉടമ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതിൽ എ.ടി.എമ്മിലെയും പരിസരപ്രദേശങ്ങളിലെയും സി.സി.ടി.വികൾ പരിശോധിച്ചതിൽ മുഖംമൂടി ധരിച്ചും തലയിൽ തൊപ്പി വെച്ചും വന്ന രണ്ടുപേരാണ് പ്രതികളെന്ന് കണ്ടെത്തി. തുടർന്ന് കഴിഞ്ഞ ഒരു മാസമായി ഈ എ.ടി.എമ്മിൽ പണം എടുക്കാൻ വന്നവരുടെ ഓരോരുത്തരുടെയും സി.സി.ടി.വി ദൃശ്യങ്ങളെടുത്ത് പരിശോധിച്ചതിൽ പ്രതികൾ എന്ന് സംശയിക്കുന്നവരുടെ രണ്ടുപേരുടെ ചിത്രങ്ങൾ കണ്ടെത്തുകയും ഇവർ അന്യസംസ്ഥാന തൊഴിലാളികളാണെന്ന് മനസ്സിലാക്കുവാനും സാധിച്ചു. എ.ടി.എം കവർച്ച നടത്താൻ ഉപയോഗിച്ച ആയുധങ്ങളും മറ്റും പ്രതികളുടെ പക്കൽ നിന്നും കണ്ടെത്താൻ കഴിഞ്ഞു. പ്രതികൾ തിരിച്ചറിയാതിരിക്കാൻ രൂപമാറ്റം വരുത്തിയിരുന്നു. മറ്റു എ.ടി.എമ്മുകൾ പൊളിക്കാൻ പദ്ധതി നടത്തിയിരുന്ന സമയത്താണ് ഇവരെ പിടികൂടിയത്. കരുനാഗപ്പള്ളി എ.എസ്. പി അഞ്ജലി ഭാവനയുടെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷമീർ, ഷാജിമോൻ, വേണുഗോപാൽ എസ്.സി. പി. ഓ മാരായ ഹാഷിം ,രാജീവ് കുമാർ, നൗഫൻജാൻ ശ്രീനാഥ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |