തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഫാർമേർസ് സഹകരണ ബാങ്കിൽ വ്യാജ സ്വർണ്ണം പണയം വെച്ച് പണം തട്ടാൻ ശ്രമം നടത്തിയ മൂന്നു പേർ അറസ്റ്റിൽ. തങ്കയം വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന കെ.പി മുഹമ്മദ് ഹബീബ് (42), ചീമേനി പെരുമ്പട്ട സ്വദേശികളായ മുഹമ്മദ് സാലി (42), മുഹമ്മദ് ഹാഷിം (36) എന്നിവരെയാണ് ചന്തേര സി.ഐ. കെ. പ്രശാന്ത് അറസ്റ്റു ചെയ്തത്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ബാങ്കിന്റെ ഒളവറ ശാഖയിലാണ് തട്ടിപ്പിനു ശ്രമം നടന്നത്. മൂന്നു പേരടങ്ങുന്ന സംഘമാണ് നാലുവളകളുമായി സ്വർണ്ണാഭരണമെന്ന പേരിൽ പണയം വയ്ക്കാൻ ബാങ്കിലെത്തിയത്. ഒരാൾ താഴെ നിന്നു. രണ്ടു പേർ മുകളിലത്തെ നിലയിലെത്തി. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അപ്രൈസർ പണ്ടം പരിശോധിച്ചപ്പോഴാണ് ഉരുപ്പടി വ്യാജനാണെന്ന് തിരിച്ചറിഞ്ഞത്. ഇതിനിടയിൽ പന്തികേട് തോന്നിയ സംഘത്തിലെ രണ്ടു പേർ വാഹനത്തിൽ കയറി രക്ഷപ്പെട്ടു. ഒരാളെ ജീവനക്കാർ തടഞ്ഞുവെച്ച് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ചന്തേര പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി. ഇയാളിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു രണ്ടു പേരെക്കുറിച്ചുള്ള വിവരം കിട്ടിയതും പിടികൂടിയതും. ദിവസങ്ങൾക്ക് മുൻപ് ഇതേ സംഘം തൃക്കരിപ്പൂരിലെ മറ്റൊരു ധനകാര്യ സ്ഥാപനത്തിലും ഇതേ രീതിയിൽ തട്ടിപ്പ് നടത്താനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും ജീവനക്കാരുടെ ജാഗ്രത കാരണം പാളിപ്പോവുകയുമായിരുന്നു.
പിടിയിലായ കെ.പി മുഹമ്മദ് ഹബീബ്, മുഹമ്മദ് സാലി, മുഹമ്മദ് ഹാഷിം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |