കണ്ണൂർ: മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ഒന്ന് മുതൽ ഒമ്പത് വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരൻ മനോരാജ് നാരായണൻ, ടിപി കേസ് പ്രതി ടികെ രജീഷ് അടക്കമുള്ളവരാണ് കുറ്റക്കാർ. പത്താം പ്രതി നാഗത്താൻകോട്ട പ്രകാശനെ വെറുതെവിട്ടു. തലേശേരി ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ ശിക്ഷാ വിധി തിങ്കളാഴ്‌ച പ്രഖ്യാപിക്കും.
2005 ഓഗസ്റ്റ് ഏഴിന് മുഴപ്പിലങ്ങാട് ബീച്ചിൽ വച്ചാണ് സിപിഎം പ്രവർത്തകർ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയത്. പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. നേരത്തേ 12 പ്രതികളുണ്ടായിരുന്നു. ഇതിൽ രണ്ടുപേർ വിചാരണയ്‌ക്കിടെ മരിച്ചു. ഒന്നാം പ്രതിയായ ഷംസു, പന്ത്രണ്ടാം പ്രതിയായ രവീന്ദ്രൻ എന്നിവരാണ് മരിച്ചത്. ടികെ രജീഷ്, യോഗേഷ്, ഷംജിത്ത് എന്ന ജിത്തു, മനോരാജ്, സജീവൻ, പ്രഭാകരൻ, പത്മനാഭൻ, രാധാകൃഷ്‌ണൻ, പ്രദീപൻ എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. ഗൂഢാലോചന, കൊലപാതകം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തത്.
കൊലപ്പെടുത്തുന്നതിന് ആറ് മാസം മുമ്പും സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിച്ചത്. കൊല്ലപ്പെടുമ്പോൾ സൂരജിന് 32 വയസായിരുന്നു. തുടക്കത്തിൽ പത്തുപേർക്കെതിരെയാണ് കേസെടുത്തിരുന്നതെങ്കിലും ടിപി കേസിൽ പിടിയിലായ ടികെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ടുപേരെ കൂടി പ്രതിചേർത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായൺ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |